സ്ത്രീയെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്തത് ജനം നോക്കിനിന്നു

പ്രതി ഗഞ്ചിശിവ
വിശാഖപട്ടണം: പട്ടാപ്പകല്‍ പൊതുവഴിയില്‍ സ്ത്രീയെ പരസ്യമായിബലാത്സംഗം ചെയ്തത് ജനം നോക്കിനിന്നു. മയക്കുമരുന്നിന് അടിമയായ യുവാവ് കാട്ടിയ പേക്കൂത്ത് തടയാന്‍ ശ്രമിക്കാതെ നിസഹായയായയുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചിത്രികരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തത് അതിനേക്കാള്‍ വലിയ ക്രൂരതയായി.
ബലാത്സംഗദൃശ്യങ്ങള്‍ പകര്‍ത്തിയ ഓട്ടോഡ്രൈവര്‍ ഇത് പൊലീസില്‍ നല്‍കിയതിനെ തുടര്‍ന്ന് 20 വയസുകാരനായ യുവാവ് അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ ഇന്നലെയാണ് പുരോഗമിക്കുന്ന മനുഷ്യന്റെ നിസംഗാവസ്ഥയും മനോവൈകൃതവുംതെളിയിക്കുന്ന സംഭവമുണ്ടായത്.
റെയില്‍വേ സ്റ്റേഷനു സമീപത്തെ തിരക്കേറിയ നടപ്പാതയിലെ മരച്ചുവട്ടില്‍ സ്ത്രീ ഇരിക്കുമ്പോള്‍ പ്രതിയായ ഗഞ്ചി ശിവ അവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സമയം നിരവധിപേര്‍ ഫുട്പാത്തിലൂടെ നടക്കുന്നത് വീഡിയോയില്‍ കാണാമെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവം പുറംലോകം അറിഞ്ഞതോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെയും പരാതിയുമായി വനിതാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീയെ സഹായിക്കാന്‍ തയ്യാറാകാതെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെയും കേസെടുക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.