Saturday
26 May 2018

സ്വകാര്യ വ്യക്തികള്‍ കയ്യേറിയ സ്ഥലം സിപിഐ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു

By: Web Desk | Tuesday 6 February 2018 9:34 PM IST

ഹരിപ്പാട്: സര്‍ക്കാര്‍ ഭൂമി കയ്യേറി സ്വകാര്യ വ്യക്തികള്‍ നികത്തിയെടുത്ത സ്ഥലം സി പി ഐ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു.
വീയപുരം പഞ്ചായത്ത് മേല്‍പ്പാടം തെക്ക് വെട്ടിപ്പു തുക്കേരി പാടശേഖരത്തില്‍ കഴിഞ്ഞ ദിവസം രാവിലെ പത്തിത് മേല്‍പ്പാടം കിഴക്ക്, പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയാണ് പിടിച്ചെടുത്തത്. 6 മീറ്റര്‍ വീതിയുണ്ടായിരുന്ന തോടിന്റെ ഇരുവശങ്ങളുമാണ് സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയത്.
കറുകയില്‍ തമ്പി ഒറ്റത്തെങ്ങില്‍ ജേക്കബ് തോമസ് എന്നിവരാണ് 4 മീറ്ററോളം വീതിയില്‍ 15 മീറ്ററോളം നീളത്തില്‍ കൈയ്യേറി ചിറ പിടിച്ചത്. ഇതില്‍ ചിറയുടെ വടക്കേ കരയിലെ കൈയ്യേറ്റ ഭൂമിയിലുള്‍പ്പടെ നിരവധി തെങ്ങിന്‍ തൈകളും വെച്ചു പിടിപ്പിച്ചു. പാടശേഖരത്തിലേക്ക് വെള്ളം കൊണ്ടു പോകുന്നതിന്ന് തടസ്സം വന്നതോടെ സമീപ പാടത്തെ കൃഷിക്കാര്‍ പരാതിപ്പെടുകയും ഇതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്തും അതിവേഗ കോടതിയും ഇടപെട്ട് റീ സര്‍വേ നടത്തി കൈയ്യേറ്റം കണ്ടു പിടിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റീസര്‍വ്വേയില്‍ കയ്യേറ്റം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അളന്ന് കുറ്റിവെക്കുകയും തിട്ടപ്പെടുത്തിയ ഭാഗത്തെ കൈയ്യേറ്റം ഒഴിഞ്ഞ് പൂര്‍വ്വ സ്ഥിതിയില്‍ ആക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും കൈയ്യേറ്റക്കാര്‍ നിര്‍ദ്ദേശം സ്വീകരിച്ചില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നെല്ലും വൈക്കോലും കൊണ്ട് പോകുന്നതിന് ഈ തോടാണ് ഉപയോഗിച്ചിരുന്നതെന്നും സമരക്കാര്‍ വ്യക്തമാക്കി. കൈയ്യേറ്റം ഒഴിഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ജെ സി ബി ഉപയോഗിച്ച് ചിറ നീക്കം ചെയ്യുമെന്നും സമരക്കാര്‍ പറഞ്ഞു.
സി പി ഐ ഹരിപ്പാട് മണ്ഡലം സെക്രട്ടറി കെ കാര്‍ത്തികേയന്‍, വീയപുരം ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ എ കമറുദ്ദീന്‍, കെ എസ് ശ്രീകുമാര്‍, നിധിന്‍ ചാക്കോ, മണിക്കുട്ടന്‍, പി കെ ശശിധരന്‍, ടിറ്റു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related News