Monday
10 Dec 2018

വയനാട് ഭൂമി വിവാദം വകുപ്പുതലത്തില്‍ സമഗ്രമായ അന്വേഷണം: റവന്യു മന്ത്രി

By: Web Desk | Tuesday 3 April 2018 10:37 PM IST

*വിജിലന്‍സ് അന്വേഷണം നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഭൂമി വിവാദത്തില്‍ വകുപ്പുതലത്തില്‍ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചതായി റവന്യു മന്ത്രിയും വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിയും നിയമസഭയെ അറിയിച്ചു.
ഒരു ചാനല്‍ വാര്‍ത്തയെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരണാനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി സംസാരിക്കുകയായിരുന്നു റവന്യു മന്ത്രിയും മുഖ്യമന്ത്രിയും.
ഏപ്രില്‍ രണ്ടിന് രാവിലെ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ റവന്യുവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പ്രാഥമിക അന്വേഷണം നടത്തുകയും മാധ്യമ ദൃശ്യങ്ങളിലൂടെ ഡപ്യൂട്ടി കളക്ടര്‍ പണം കൈപ്പറ്റുന്നതായി കണ്ടെത്തിയതിനാല്‍ അദ്ദേഹത്തെ അന്വേഷണ വിധേയമായി ഉടന്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും വിശദമായ അന്വേഷണത്തിന് റവന്യു കമ്മിഷണറെ ചുമതലപ്പെടുത്തുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി. കൂടാതെ വയനാട് ജില്ലാ കളക്ടര്‍ ഉടന്‍തന്നെ വില്ലേജ് ഓഫീസറോട് വിശദീകരണം തേടുകയും ബന്ധപ്പെട്ട ഫയലുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നിഷ്പക്ഷവും വിശദവുമായ അന്വേഷണം നടത്തിയശേഷം കുറ്റക്കാരെന്ന് കണ്ടെത്തുന്ന എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സഭയ്ക്ക് ഉറപ്പ് നല്‍കുന്നതായും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ഭൂമി അനധികൃതമായി ഒരു സ്വകാര്യ വ്യക്തികള്‍ക്കും പതിച്ചു നല്‍കുന്ന ഒരു നടപടിയും ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നു മാത്രമല്ല, ആരു തെറ്റു ചെയ്താലും അവര്‍ക്ക് യാതൊരു വിധ സംരക്ഷണവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
പുറത്തുവന്ന ചാനല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ഏതെങ്കിലും തരത്തിലുള്ള തെറ്റോ കുറ്റമോ ഒരു ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഭൂ മാഫിയകള്‍ യാതൊരു തരത്തിലുള്ള കള്ളത്തരങ്ങളും നടത്താന്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കില്ലെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ വി ഡി സതീശന് മന്ത്രി മറുപടി നല്‍കി.
ഒരു ചാനല്‍, കെട്ടിച്ചമച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതിപക്ഷം പോകരുതായിരുന്നു.

ഇപ്പോഴുണ്ടായ വിവാദങ്ങള്‍ റവന്യുവകുപ്പിനെയും സര്‍ക്കാരിനെയും കുറ്റപ്പെടുത്താനും കരിവാരിത്തേക്കാനുമുള്ള ഒരു ശ്രമമായി ഉപയോഗിക്കാതെ, ഭൂമാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പ്രതിപക്ഷത്തുള്ള കക്ഷി നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മാധ്യമ വാര്‍ത്തയില്‍ പറയുന്നതുപോലെ ഒരു ഭൂമി കൈമാറ്റവും നടന്നിട്ടില്ലെന്നു മാത്രമല്ല, അതിന് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ റവന്യു മന്ത്രി ഇന്നലെതന്നെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഇതിനു പുറമേയാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.