Thursday
20 Sep 2018

ഇടുക്കി ഇലപ്പള്ളിയില്‍ ഉരുള്‍ പൊട്ടി

By: Web Desk | Wednesday 11 July 2018 9:59 PM IST

മൂലമറ്റത്ത് ഇലപ്പള്ളിയില്‍ ഉരുള്‍ പൊട്ടിയപ്പോള്‍

തൊടുപുഴ: ഇടുക്കിയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് മൂലമറ്റത്ത് ഇലപ്പള്ളിക്ക് സമീപം ഉരുള്‍ പൊട്ടി.
ഇതേത്തുടര്‍ന്ന് മൂലമറ്റം-വാഗമണ്‍ റോഡില്‍ ഗതാഗതവും താറുമാറായി. ഇലപ്പള്ളി മേത്താനം എസ്റ്റേറ്റിലേയ്ക്ക് പോകുന്ന റോഡ് ഇടിഞ്ഞാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ മൂന്നേക്കറോളം സ്ഥലം ഒലിച്ചുപോകുകയും ചെയ്തു. ഇന്നലെ വെളുപ്പിനാണ് ഇലപ്പള്ളി വടക്കേടത്ത് ബെന്നി, വടക്കേടത്ത് സണ്ണി, മുട്ടം ഏരിമറ്റത്തില്‍ സാബു എന്നിവരുടെ പുരയിടത്തില്‍ ഉരുള്‍ പൊട്ടലുണ്ടായത്. സംഭവ സമയം റോഡില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇതോടെ ചെളിക്കല്‍,കുമ്പങ്ങാനം പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.
ജില്ലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും മഴ ശക്തമായി തുടരുകയാണ്. ഇതേത്തുടര്‍ന്ന് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും(അങ്കണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവ ഉള്‍പ്പെടെ) ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു ഇന്ന് അവധി പ്രഖ്യാപിച്ചു.
ഇന്നലെ ജില്ലയില്‍ 64.110 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. പീരുമേട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 118 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ദേവികുളത്ത് 102.8,തൊടുപുഴ 78.3,ഇടുക്കി 94,ഉടുമ്പന്‍ചോല 29.2 മില്ലി മീറ്റര്‍ മഴയുമാണ് ലഭിച്ചത്.
ഇടുക്കി ഡാമില്‍ ജലനിരപ്പ് 2358.42 അടിയായി ഉയര്‍ന്നു. ഇത് സംഭരണ ശേഷിയുടെ 52.93 ശതമാനമായി. കഴിഞ്ഞവര്‍ഷമിത് 2315.98 അടിമാത്രമായിരുന്നു. ഇത് സംഭരണ ശേഷിയുടെ 20.32 ശതമാനമായിരുന്നു. വൃഷ്ടി പ്രദേശത്ത് 94 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. 50.70426 മില്ല്യണ്‍ യൂണീറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം ഡാമിലേക്ക് ഒഴുകിയെത്തി. മഴ ശക്തമായിരുന്നെങ്കിലും മലങ്കര ഡാമില്‍ തുറന്ന നാലു ഷട്ടറുകളില്‍ ഒരെണ്ണം താല്‍ക്കാലികമായി താഴ്ത്തി. മൂന്ന് ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ താഴ്ത്തി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലും കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 123.8 അടിയായി ജലനിരപ്പ് ഉയര്‍ന്നു. പെരിയാറ്റില്‍ 65 മില്ലി മീറ്റര്‍ മഴയും തെക്കടിയില്‍ 43 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുകയാണ്. സെക്കന്റില്‍ 3090 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ കരടിവളവിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വന്‍ പാറക്കഷണങ്ങള്‍ റോഡില്‍ വീണു. ഇതിനെ തുടര്‍ന്ന് ഭാഗീകമായി ഗതാഗത തടസ്സം ഉണ്ടായി. നെടുങ്കണ്ടത്ത് മരം കടപുഴകി വീട്ടിലേക്ക് പതിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വീടിനകത്ത് കിടന്നുറങ്ങിയിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നെടുങ്കണ്ടം കല്‍കൂന്തല്‍ മുല്ലശേരി നൗഷാദിന്റെ വീടാണ് മരം കടപുഴകി വീണതിനെ തുടര്‍ന്ന് തകര്‍ന്നത്. ഇവരുടെ മാതാവ് റുഖിയ അപകടത്തില്‍പെടാതെ അത്ഭുതകരമായി രക്ഷപെട്ടു. നൗഷാദിന്റെ മക്കളായ മുഹമ്മദ് സിക്കന്ദര്‍(15), ബാദൂഷ(14) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Related News