Wednesday
23 Jan 2019

ഉരുള്‍പൊട്ടല്‍: ഒരാള്‍ മരിച്ചു

By: Web Desk | Wednesday 13 June 2018 10:29 PM IST

മാക്കൂട്ടത്ത് മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന കടകള്‍

കണ്ണൂര്‍/കോഴിക്കോട് : കനത്ത മഴയെത്തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍. കുടകിലെ മാക്കൂട്ടം ബ്രഹ്മഗിരി വനമേഖലയിലും കേരളാതിര്‍ത്തിയിലെ അയ്യങ്കുന്ന് പാറയ്ക്കാമലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. ഇരിട്ടി കുന്നോത്ത് രാധയുടെ മകന്‍ ശരത്ത് (27) ആണ് മരിച്ചത്. ലോഡിംഗ് തൊഴിലാളിയായ ഇദ്ദേഹത്തിന്റെ മൃതദേഹം മാക്കൂട്ടം മെതിയടിപ്പാറ എന്ന സ്ഥലത്ത് കണ്ടെത്തുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ ഒരു ആദിവാസിയുടെ വീട് ഒഴുകിപ്പോയതായും ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. വീട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 32 പേരെ കച്ചേരിക്കടവ് സെന്റ് ജോര്‍ജ് എല്‍ പി സ്‌കൂളിലേക്ക് മാറ്റി. ഉരുള്‍പൊട്ടലില്‍ ഏഴ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കനത്ത മഴയില്‍ കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളിലും ഉരുള്‍പൊട്ടലും വ്യാപക കൃഷിനാശവും ഉണ്ടായി.
ചൊവ്വാഴ്ച രാത്രി പത്ത് മുതല്‍ ശക്തിയോടെ തിമര്‍ത്ത കാലവര്‍ഷത്തോടെ മാക്കൂട്ടം വനമേഖലയില്‍ പരക്കെ ഉരുള്‍പൊട്ടുകയായിരുന്നു. മാക്കൂട്ടത്ത് ചുരം റോഡില്‍ ഉരുള്‍പൊട്ടി വന്‍മരങ്ങളും കൂറ്റന്‍ പാറക്കെട്ടുകളും മലവെള്ളപ്പാച്ചിലും പ്രദേശത്തെ ദുരിതത്തിലാഴ്ത്തി. ഉരുള്‍പൊട്ടിയെത്തിയ ക്രമാതീത ഒഴുക്കില്‍ തോടുകളും മാക്കൂട്ടം പുഴയും കരകവിഞ്ഞ് ഗതിമാറുകയായിരുന്നു. മാക്കൂട്ടം പാലം കവിഞ്ഞൊഴുകുകയും റോഡിന് കുറുകെ വന്‍ മരങ്ങള്‍ വീണത് കാരണവും ഇവിടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. നിലവില്‍ ഇതു വഴിയുള്ള ബംഗളൂരു, മൈസൂരു, കുടക് മേഖലയിലേക്കുള്ള വാഹന ഗതാഗതം നിലച്ചു. കാറുകളും ബസുകളും അടക്കം ഇരു സംസ്ഥാനങ്ങളിലെയും അത്യാവശ്യ വാഹനങ്ങള്‍ മാനന്തവാടി ബാവലി വഴി തിരിച്ചുവിട്ടു.

മാക്കൂട്ടത്ത് പൊലീസ് വനം ചെക്‌പോസ്റ്റുകളും പിക്കറ്റുകളും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും ഷെഡുകളും ഉരുള്‍പൊട്ടലില്‍ ഭാഗികമായി തകര്‍ന്നു. ഹെക്ടര്‍ കണക്കിന് റബര്‍ തോട്ടങ്ങളും കൃഷിയിടങ്ങളും കുത്തിയൊലിച്ചു പോയി. അയ്യങ്കുന്നിലെ പാറയ്ക്കാമല ഉരുള്‍പൊട്ടലില്‍ രണ്ട് ഗ്രാമീണ റോഡുകളില്‍ ഗതാഗതം നിലച്ചു. കൃഷിയിടങ്ങള്‍ തകര്‍ന്നു. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. ജോജോ കൊല്ലറം, ജോസ് വടക്കെക്കൂറ്റ്, ഭാസി ആലാനിക്കല്‍, ജോസ് പൂമരം, ജോസ് കുറ്റിയാനി, മനോഹരന്‍ കറുപ്പന്‍ പറമ്പില്‍, ബെന്നി, ജോണി അതൃപ്പള്ളി, ഉലഹന്നാന്‍ പൂവപ്പാറ, ബിനു കല്ലൂപ്രായില്‍, ബിനു, കൃഷ്ണന്‍ തുണ്ടത്തില്‍, മനോജ് തോട്ടുമുക്കില്‍, വര്‍ഗീസ് ചിറപ്പാട് എന്നിവരുടെ വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലായി.
പഴശ്ശിപദ്ധതി മുഖ്യ കൈവഴിയായ ഇരിട്ടി പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് പലേടത്തും പുഴ ഗതി മാറി. വള്ളിത്തോട് പുഴ കരകവിഞ്ഞ് ടൗണില്‍ ചൊവ്വാഴ്ച രാത്രി വെള്ളപ്പൊക്കമുണ്ടായി. .കൂട്ടുപുഴ കരകവിഞ്ഞതിനാല്‍ മാക്കൂട്ടത്തും കിളിയന്തറയിലുമുള്ള പതിനേഴോളം പുഴയോര കുടുംബങ്ങളെ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരില്‍ ഭൂരിഭാഗം കര്‍ണാടകയിലുള്ള പുറമ്പോക്കിലാണ് താമസം. എന്നേന്നേക്കുമായി കിടപ്പാടം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഈ കുടുംബങ്ങള്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രാത്രി മുതല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കൊപ്പം നാട്ടുകാരും തടസ്സങ്ങള്‍ നീക്കുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും രംഗത്തിറങ്ങി. വിവരമറിഞ്ഞ് മിലിട്ടറി ഫോഴ്‌സും എത്തിയിരുന്നു. സംഭവസ്ഥലം സണ്ണി ജോസഫ് എം എല്‍ എ, ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള റവന്യുസംഘം സന്ദര്‍ശിച്ചു.

കോഴിക്കോട് പത്തോളം സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായത്. വ്യാപകമായ കൃഷിനാശവും നേരിട്ടിട്ടുണ്ട്. പ്രദേശങ്ങളിലെ ഒട്ടേറെ റോഡുകള്‍ ഗതാഗതത്തിന് ഉപയോഗിക്കാന്‍ പറ്റാത്തവിധം തകര്‍ന്നിട്ടുമുണ്ട്. വൈദ്യുതി ബന്ധം കഴിഞ്ഞ രണ്ടു ദിവസങ്ങളായി വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലായി ദുരിതബാധിതര്‍ക്കായി അഞ്ച് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 1.75 കോടിയുടെ കൃഷിനാശമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ക്യാമ്പുകളിലായി 119 കുടുംബങ്ങളിലെ 474 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്.