Monday
17 Dec 2018

ലാറി ബേക്കറെ കേരളം ഓര്‍ക്കുമ്പോള്‍

By: Web Desk | Monday 12 March 2018 11:05 PM IST

ഗീതാഞ്ജലി കൃഷ്ണന്‍

കേരളത്തെ കര്‍മ്മഭൂമിയാക്കിയ വിഖ്യാത വാസ്തുശില്‍പി, ലാറി ബേക്കറിന്റെ 100-ാം ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ‘സുസ്ഥിര ആവാസവ്യവസ്ഥ’ എന്ന ലക്ഷ്യത്തില്‍ ഈ മാസം 4, 5, 6 തീയതികളില്‍ തിരുവനന്തപുരം കനകക്കുന്നില്‍ വച്ച് ഒരു അന്താരാഷ്ട്ര സെമിനാര്‍ നടക്കുകയുണ്ടായി. ഊര്‍ജ്ജഉപഭോഗം കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മിതികളാണ് ലാറി ബേക്കറിന്റെ ശില്‍പകലയുടെ പ്രത്യേകത. ലാളിത്യമാണ് മുഖമുദ്ര. ആ പൈതൃകം കാത്തുസൂക്ഷിക്കുവാനുള്ള പ്രതിബദ്ധതയായിരുന്നു ഈ സെമിനാറിന്റെ ദൗത്യം. സസ്റ്റെയ്‌നബിള്‍ ഹാബിറ്റാറ്റ് എന്ന മൂന്നുദിവസത്തെ ഈ സെമിനാര്‍ ഉദ്ഘാടനം ചെയ്തത് ധനകാര്യവകുപ്പുമന്ത്രി തോമസ് ഐസക്ക് ആയിരുന്നു. മുന്‍ കേന്ദ്രപരിസ്ഥിതി മന്ത്രി ജയറാം രമേഷ് ആണ് പ്രധാന പ്രഭാഷണം നടത്തിയത്. സമ്മേളനത്തില്‍ മേയര്‍ വി കെ പ്രശാന്ത്, കവിയും പരിസ്ഥിതിപ്രവര്‍ത്തകയുമായ സുഗതകുമാരി, മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, കോസ്റ്റ്‌ഫോര്‍ഡ് ചെയര്‍മാന്‍ കെ പി കണ്ണന്‍, ചന്ദ്രദത്ത് എന്നിവര്‍ പങ്കെടുത്തു. പരിസ്ഥിതി, നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നവരും, വാസ്തുശില്‍പികളും, വിദ്യാര്‍ഥികളും അധ്യാപകരും മറ്റു പ്രതിനിധികളും അടങ്ങിയതായിരുന്നു സദസ്.
ലാറി ബേക്കറിന്റെ ശില്‍പവൈദഗ്ധ്യം നിറഞ്ഞുനില്‍ക്കുന്ന തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലാണ് താന്‍ പഠിച്ചതും പഠിപ്പിച്ചതും എന്ന് പറഞ്ഞാണ് തോമസ് ഐസക്ക് ആരംഭിച്ചത്. എപ്പോഴും ഉപയോഗിക്കുന്നയാളുടെ ആഗ്രഹങ്ങള്‍ക്കും സ്വഭാവത്തിനും വേണ്ടത്ര പ്രാധാന്യം കൊടുത്തായിരിക്കും കെട്ടിടങ്ങള്‍ ചെയ്യുന്നത്. ആദിവാസി മേഖലയായാലും, മത്സ്യത്തൊഴിലാളി മേഖലയായാലും, അവരുടെ ജീവിതചര്യകള്‍ക്ക് ഇണങ്ങും വിധമായിരിക്കും നിര്‍മിതി. മനുഷ്യര്‍ക്ക് ജീവിക്കാനും പരസ്പ്പരം പങ്കുവയ്ക്കാനുമുള്ള പരിസരമായിരിക്കും ഒരുക്കിക്കൊടുക്കുക.

കേരളത്തിലിപ്പോള്‍ ജനസംഖ്യാ വര്‍ദ്ധനവില്ലെന്നും, ഇപ്പോള്‍ വീടില്ലാത്ത 4.5 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്കുകൂടി വീടുവച്ചു കൊടുത്താല്‍ കേരളത്തിലെ ഗൃഹനിര്‍മ്മാണാവശ്യം ഏതാണ്ട് അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു. പക്ഷേ, ഈ ചിലവുകുറഞ്ഞ മാതൃക കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇനിയും അംഗീകരിച്ചിട്ടില്ല. ജയറാം രമേഷാണ് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയത്. ഇംഗ്ലീഷുകാരനായ ലാറി ബേക്കര്‍ ഇന്ത്യയില്‍ വന്ന് പാവപ്പെട്ടവര്‍ക്കായി, പരിസ്ഥിതി സൗഹൃദ, കാര്‍ബണ്‍ അനുപാതം കുറഞ്ഞ വീടുകളുണ്ടാക്കാന്‍ നിയോഗിക്കപ്പെട്ടത് മലയാളികളുടെ ഭാഗ്യമെന്ന് കരുതണം. ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു ബേക്കര്‍. അദ്ദേഹം തന്റെ കര്‍മ്മഭൂമിയായി ഇന്ത്യയെ തിരഞ്ഞെടുത്തത് ജന്മനിയോഗമെന്ന് തോന്നുന്നു. ഭാരതീയ പാരമ്പര്യത്തെയാണ് ആര്‍ക്കിറ്റെക്ച്ചറില്‍ അദ്ദേഹം തിരികെ കൊണ്ടുവന്നത്. ഇപ്പോഴാണ് മുപ്പതുവര്‍ഷം മുന്‍പ് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. ഇന്ത്യ ഹരിതഗൃഹവാതകങ്ങളുടെ നാലാമത്തെ വന്‍ സ്രോതസാണ്. ഊര്‍ജ ഉപഭോഗം കുറഞ്ഞ ബേക്കറുടെ നിര്‍മാണരീതിക്ക് പ്രാധാന്യമേറുന്നതും അതുകൊണ്ടാണ്. കവി സുഗതകുമാരി, ഇത്തരം ബദല്‍ സാങ്കേതിക വിദ്യകളൊന്നും നമ്മുടെ പിഡബ്ല്യുഡി ക്കും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഇനിയും സ്വീകാര്യമാവാത്തതിനെ അപലപിച്ചു. മറ്റെന്തിലും ഉപരിയായി, മരങ്ങളെ സംരക്ഷിക്കാന്‍ ബേക്കര്‍ ഒപ്പം നടന്ന ഓര്‍മയാണ് ടീച്ചറുടെ മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്നത്. മൂന്നുദിവസം നീണ്ട സെമിനാറില്‍ ആറു സെഷനുകളിലായി വിഷയാവതരണവും ചര്‍ച്ചകളും നടന്നു.

ആദ്യദിവസത്തെ സെമിനാര്‍, അന്ധര്‍ക്കുവേണ്ടി, തിരുവനന്തപുരത്ത് ‘കാന്താരി’ എന്നൊരു സ്ഥാപനം (കെട്ടിടങ്ങള്‍ കോസ്റ്റ്‌ഫൊര്‍ഡ് നിര്‍മിച്ചത്) നടത്തുന്ന അന്ധയായ ജര്‍മന്‍കാരി സബ്രി യേ തെംബെര്‍ക്കെന്റെ വിഷയാവതരണം കൊണ്ട് ശ്രദ്ധേയമായി. അംഗപരിമിതി ഏതൊരാളും ജീവിതത്തില്‍ നേരിട്ടേക്കാവുന്ന ഒന്നാണ്. അഞ്ചുവയസില്‍ താഴെയുള്ള കുട്ടിക്കാലവും എണ്‍പതിനപ്പുറമുള്ള വാര്‍ദ്ധക്യവും ചലനം പരിമിതമാക്കുന്ന അവസ്ഥകളാണ്. അതുപോലെ, രോഗവും പരിക്കുകളും ആര്‍ക്കും എപ്പോഴും വരാം. കാഴ്ച്ചയും കേഴിയും നഷ്ടപ്പെടാം.
കെട്ടിടങ്ങളും വീടുകളും ഏതവസ്ഥയിലും നമ്മളെ സ്വീകരിക്കുന്നതാവണം. വെളിച്ചം ശബ്ദം, ഗന്ധം എന്നിവകൊണ്ട് തിരിച്ചറിയാന്‍ പറ്റണം. വീല്‍ചെയറില്‍ സഞ്ചരിക്കാന്‍ പറ്റണം. എന്താണ് തന്റെ ഇടപാടുകാര്‍ക്ക് വേണ്ടതെന്ന് ഉടന്‍ മനസിലാക്കാനുള്ള കഴിവാണ് ബേക്കറുടെ പ്രത്യേകത. ഒരു കെട്ടിടം/വീട് നമ്മളെ സ്വീകരിക്കുമ്പോള്‍ മാത്രമേ അതു നമ്മുടേതാകുന്നുള്ളൂ. തിരുവനന്തപുരത്തെ കരിമഠം കോളനി എന്ന ചേരിയുടെ പുനരുദ്ധാരണം, അവിടം സന്ദര്‍ശിച്ച്, നേരില്‍ക്കണ്ട് കാര്യങ്ങള്‍ മനസിലാക്കാന്‍ ഉള്ള അവസരം പ്രതിനിധികള്‍ക്ക് സംഘാടകര്‍ ഒരുക്കി. ചേരികള്‍ക്ക് വേണ്ടി ലാറിബേക്കര്‍ ധാരാളം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്തതുകൊണ്ടാണല്ലോ ‘പാവങ്ങളുടെ പെരുംതച്ചന്‍’ എന്ന വിളിപ്പേര്‍ അദ്ദേഹത്തിനു കേരളം നല്‍കിയത്. ചേരികള്‍ ഭരണകൂടത്തിന്റേയും, ആസൂത്രകരുടേയും നാണക്കേടാണ് എന്നാണ് ബേക്കര്‍ പറഞ്ഞിരുന്നത്. മാത്രമല്ല, വീടുപണിയുന്നതിലൂടെ കഴിയുന്നത്ര പാവപ്പെട്ടവരെ സഹായിക്കുക എന്ന കാഴച്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. ചുറ്റുവട്ടത്തുകിട്ടുന്ന സാധനസാമഗ്രികള്‍, നാടന്‍ നിര്‍മ്മാണവസ്തുക്കള്‍ .. ഇവ അവകൊണ്ട് ഉപജീവനം തേടുന്നവരെ സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.

ചെന്നൈയിലെ ഗിണ്ഡി എന്‍ജിനീയറിങ്  കോളജില്‍ നടന്ന ഒരു പഠനത്തില്‍, ബേക്കര്‍ മുന്നോട്ടുവച്ച ‘റാറ്റ് ട്രാപ്പ്’ എന്ന ഇഷ്ടികക്കെട്ടാണ് മറ്റു പല രീതികളേക്കാളും നന്നായി ഭാരം താങ്ങുന്നതെന്നും, ഫില്ലര്‍ സ്ലാബ് ഉപയോഗിച്ചുള്ള കോണ്‍ക്രീറ്റ് മേല്‍ക്കൂര വളരെയധികം ഉറപ്പുള്ളതാണെന്നും തെളിഞ്ഞിട്ടുണ്ടെന്ന് രണ്ടാം ദിവസത്തെ സെമിനാറില്‍ മുന്‍ ഹഡ്‌ക്കോ ചെയര്‍മാന്‍ വി സുരേഷ് പറഞ്ഞു. ഈ സാങ്കേതികവിദ്യ, ജനങ്ങളിലേക്കും, സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കും എത്തിക്കുന്നതാണ് നമ്മുടെ ദൗത്യം. നമുക്കു വേണ്ടത് ‘സ്മാര്‍ട് സിറ്റി’കളല്ല, ‘സ്മാര്‍ട് സിസ്റ്റംസ്’ ആണ് എന്നു പറഞ്ഞാണ് ഡല്‍ഹി സ്‌കൂള്‍ ഒഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ച്ചറിലെ പ്രൊ.കെ.ടി. രവീന്ദ്രന്‍ സംസാരിച്ചത്. മാലിന്യസംസ്‌കരണത്തിനു പ്രധാന്യം കൊടുത്താണ് ബേക്കര്‍ കെട്ടിടങ്ങള്‍ സംവിധാനം ചെയ്തത്. പുനരുപയോഗം, പുനചംക്രമണം, ലഘൂകരണം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. സുസ്ഥിരതയുടെ പ്രവാചകന്‍ എന്നു ബേക്കറെ വിശേഷിപ്പിക്കാം.

ഗ്രാമങ്ങളുടെ ഭാവിയെപ്പറ്റിചര്‍ച്ച നടന്നു. മുന്‍ ചീഫ്‌സെക്രട്ടറി വിജയാനന്ദ്, ഇന്ത്യയില്‍ ആറ് ലക്ഷം ഗ്രാമങ്ങളുള്ളതില്‍, 2.5 ലക്ഷം ഗ്രാമങ്ങള്‍ ഇനിയും ഒരു അടിസ്ഥാനസൗകര്യവും ഇല്ലാത്തവയാണെന്നു വിശദീകരിച്ചു. കേരളത്തിലെ സ്ഥിതി ഇങ്ങനെയല്ലാത്തതിന്റെ കാരണം വികേന്ദ്രീകൃതമായ ആസൂത്രണമാണ്. മീനങ്ങാടി പഞ്ചായത്ത് ‘പൂജ്യം കാര്‍ബണ്‍’ നിര്‍ഗമിക്കുന്ന ആദ്യപഞ്ചായത്തായത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ത്യക്ക് ഇനിയും ഒരു ഗ്രാമീണ ഭവനനിര്‍മ്മാണ നയം രൂപീകരിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാം ദിവസത്തെ ഗ്രാമീണ ഭവന നിര്‍മാണമേഖലയിലെ വെല്ലുവിളികള്‍ എന്ന ചര്‍ച്ച മുന്നോട്ടുപോയത്. വീട് ഒരു കെട്ടിടമല്ല, വാസസ്ഥലമാണ്. അതുകൊണ്ടാണ് കേരളത്തിലെ കുടുംബശ്രീ ഭവനപദ്ധതി വിജയിക്കപ്പെട്ടത്.

സെമിനാറില്‍ നിന്നു വന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

1. വീടൂകളും കെട്ടിടങ്ങളും വാസയോഗ്യവും, നിര്‍വഹണയോഗ്യവും, ഇഷ്ടപ്പെടുന്നതും മാത്രമായാല്‍ പോരാ. അംഗപരിമിതര്‍ക്കുകൂടി പ്രവേശനസൗകര്യം നല്‍കുന്ന വിധം സംവിധാനം ചെയ്യപ്പെടണം.
2. ലാറി ബേക്കറുടേ പൈതൃകം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം.
3. ചെലവുകുറഞ്ഞ, പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യ, പാഠ്യപദ്ധതിയുടെ ഭാഗമാകണം.
4. ഗിണ്ഡി എന്‍ജിനീയറിംഗ് കോളജിന്റെ കണ്ടെത്തലുകള്‍ പിഡബ്ല്യുഡി ക്കും മറ്റും സ്വീകാര്യമാക്കണം.
5. പരിസ്ഥിതിക്കിണങ്ങുന്ന ഭവനനിര്‍മ്മാണം സ്‌റ്റേറ്റ് ഗവണ്മെന്റിന്റെ നയമാവണം. ആഗോളതാപനത്തെ ചെറുക്കാന്‍ ഇതേ മാര്‍ഗമുള്ളൂ. മഴവെള്ള സംഭരണം, ജലസംരക്ഷണം, കാറ്റ്, സോളാര്‍ എന്നിവയില്‍ നിന്ന് വൈദ്യുതി, ബദല്‍ അസംസ്‌കൃത വസ്തുക്കളുപയോഗിച്ചുള്ള നിര്‍മാണ രീതികള്‍ തുടങ്ങിയവ.
6. 1000 സ്‌കൂളുകളെ പരിസ്ഥിതി സൗഹൃദ മാതൃകാ സ്‌കൂളുകളാക്കുക.
7. മാലിന്യസംസ്‌ക്കരണം കൂടുതല്‍ കാര്യക്ഷമവും പ്രയോജനപ്രദവുമാക്കുക.

ഈ കാല്‍വയ്പ്പ് ഒരു തുടക്കം മാത്രമാണ്. ഭൂമിയെ രക്ഷിക്കാന്‍, ജീവനെ രക്ഷിക്കാന്‍ ഇതൊക്കെ നടന്നേ പറ്റൂ.

 

Related News