Friday
21 Sep 2018

ലാസ്റ്റ് ഗ്രേഡ് പരീക്ഷ ജനുവരിയില്‍

By: Web Desk | Sunday 15 October 2017 3:20 PM IST

ലാസ്റ്റ് ഗ്രേഡ് പരീക്ഷ പി.എസ്.സി. ജനുവരിയില്‍ നടത്തും. അപേക്ഷകര്‍ കുറവായതിനാല്‍ 14 ജില്ലകള്‍ക്കുള്ള പരീക്ഷ ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. ഇതിനു മുമ്പ് ആറര ലക്ഷം പേര്‍ അപേക്ഷിച്ച ബിവറേജസ് കോര്‍പ്പറേഷന്‍ എല്‍.ഡി.സി. പരീക്ഷ ഒറ്റ ദിവസമാണ് പി.എസ്.സി. നടത്തിയത്. ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് 14 ജില്ലകളിലുമായി 8,54,811 അപേക്ഷകരാണുള്ളത്.

അങ്ങനെയെങ്കില്‍ ജനുവരി 6, 20, 27 എന്നീ തീയതികളിലേതെങ്കിലും ഒരു ദിവസമായിരിക്കും പരീക്ഷ നടക്കുന്നത്.ഈ ദിവസങ്ങളില്‍ സ്‌കൂളുകളുടെ സൗകര്യം പി.എസ്.സി പരിശോധിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകും. ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനത്തിനെതിരെ കോടതിയില്‍ കേസുണ്ടെങ്കിലും പരീക്ഷാ നടത്തിപ്പിന് തടസമില്ലെന്നാണ് പി.എസ്.സിക്ക് ലഭിച്ച നിയമോപദേശം. .

ലാസ്റ്റ് ഗ്രേഡിന്റെ കഴിഞ്ഞ വിജ്ഞാപനത്തിന് 13.10 ലക്ഷം അപേക്ഷകരാണുണ്ടായിരുന്നത്. ബിരുദധാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതാണ് ഇത്തവണ അപേക്ഷകരില്‍ വന്‍ കുറവുണ്ടാകാന്‍ കാരണം. 4,55,892 അപേക്ഷകരാണ് കുറഞ്ഞത്.

Related News