Tuesday
21 Aug 2018

നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ഹാരിസണ് അനുകൂലം

By: Web Desk | Wednesday 11 April 2018 9:40 PM IST

കൊച്ചി:

ഹാരിസണ്‍ ഉള്‍പ്പെടെയുള്ള തോട്ടങ്ങളുടേത് അനധികൃത കയ്യേറ്റമല്ലെന്നും ഇത്തരത്തില്‍ കണക്കാക്കി നിയമ നിര്‍മ്മാണം നടത്തിയാല്‍ അത് ഭരണഘടനാ വിരുദ്ധവും സുപ്രിംകോടതി ഉത്തരവുകളുടെ ലംഘനമാകുമെന്നുമാണ് നിയമസെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ടാറ്റ, ഹാരിസണ്‍ ഗ്രൂപ്പുകള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന എംജി രാജമാണിക്യം റിപ്പോര്‍ട്ടിനെ തള്ളിയാണ് നിയമവകുപ്പ് രംഗത്ത് എത്തിയത്. ഭൂമി ഏറ്റെടുക്കലിന് രാജമാണിക്യം റിപ്പോര്‍ട്ട് അപര്യാപ്തമാണെന്നും പുതിയ കമ്മിഷനെ നിയമിക്കണമെന്നും നിയമ വകുപ്പ് സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ടാറ്റ, ഹാരിസണ്‍. അടക്കമുള്ള വിവിധ കമ്പനികള്‍ കൈവശം വച്ചിരിക്കുന്ന അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കര്‍ നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്നായിരുന്നു രാജമാണിക്യം റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ രാജമാണിക്യം സമര്‍പ്പിച്ച സമഗ്രമായ റിപ്പോര്‍ട്ടിന് പകരം പുതിയ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നാണ് നിയമവകുപ്പ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഹാരിസണിന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിന് കേരള ഭൂസംരക്ഷണ നിയമം പ്രകാരം എം ജി രാജമാണിക്യത്തെ നിയമിച്ചത്.

ഹാരിസണ്‍, ടാറ്റ തുടങ്ങിയ തോട്ടങ്ങള്‍ 1964ലെ ലാന്‍ഡ് കണ്‍സര്‍വന്‍സി നിയമപ്രകാരവും ഏറ്റെടുക്കാന്‍ ആവില്ലെന്നും ഈ നിയമപ്രകാരം ഹാരിസണിന്റേത് അനധികൃത കയ്യേറ്റമല്ലെന്നും നിയമസെക്രട്ടറി വ്യക്തമാക്കുന്നു. പാട്ടഭൂമി ആണെങ്കില്‍ അത് റദ്ദാക്കാനും ഏറ്റെടുക്കാനും ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി ആക്റ്റ് അനുസരിച്ച് സര്‍ക്കാരിന് കഴിയുമെന്നും എന്നാല്‍ ഇതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും ആണ് നിയമസെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നത്.