Sunday
16 Dec 2018

വിമാനത്താവളം സ്വകാര്യവത്ക്കരണ നീക്കത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം

By: Web Desk | Friday 7 December 2018 9:30 PM IST

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 10ന് ജില്ലയില്‍ ഇടതുമുന്നണി കരിദിനം ആചരിക്കുമെന്ന് ഇടതുമുന്നണി ജില്ലാ കണ്‍വീനറും സിപിഐ(എം) ജില്ലാ സെക്രട്ടറിയുമായ ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലാഭകരമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ഉല്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളെയാണ് സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. മുന്‍പ് ഡല്‍ഹി, മുംബൈ എയര്‍പ്പോര്‍ട്ടുകളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സമയത്തായിരുന്നു അവ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുവാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടിയില്‍ സിഎജി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരിദിനത്തിന്റെ ഭാഗമായി 10ന് രാവിലെ 10മണിക്ക് ചാക്കയില്‍ നടക്കുന്ന പ്രതിഷേധ സംഗമം സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ ദേശീയ എക്‌സിക്യൂട്ടീവംഗം പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. മറ്റ് ഘടകക്ഷി നേതാക്കളും പങ്കെടുക്കും. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രമണിഞ്ഞ ആയിരം ആളുകള്‍ സംഗമത്തില്‍ പങ്കെടുക്കും. കൂടാതെ ജില്ലയിലെ ഇടത് ജനപ്രതിനിധികളും പ്രവര്‍ത്തകരും ജനാധിപത്യവിശ്വാസികളും സംഗമത്തില്‍ പങ്കാളികളാവുമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ജില്ലയൊട്ടാകെ കരിങ്കൊടി ഉയര്‍ത്തുകയും പ്രതിഷേധ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും.
സമരത്തോടൊപ്പം നിയമനടപടികളെക്കുറിച്ചും ആലോചിക്കുമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. വികസന കാര്യത്തില്‍ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്ന കാര്യത്തില്‍ ശശി തരൂര്‍ എംപിയും യുഡിഎഫും നിശബ്ദരാണെന്നും ഇതില്‍ ആദ്യം പ്രതികരിക്കേണ്ടിയിരുന്നത് തരൂര്‍ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റവന്യൂ ഭൂമിയുള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 625.08 ഏക്കര്‍ ഭൂമിയിലുള്ള എയര്‍പോര്‍ട്ടിന്റെ പുതിയ ടെര്‍മിനല്‍ പണിയാന്‍ 18 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിക്കഴിഞ്ഞെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം കണ്ടാണ് കോര്‍പ്പറേറ്റുകള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം കൈവശപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ ശ്രമിക്കുന്നത്. നേരിട്ടും അനുബന്ധമായും 20,000ത്തോളം തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയെക്കൂടി സ്വകാര്യവത്ക്കരണം ബാധിക്കുമെന്നും ജി ആര്‍ അനില്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്താസമ്മേളനത്തില്‍ ഘടകക്ഷിനേതാക്കളായ ഫിറോസ്ഗാന്‍, സുമേഷ് ചന്ദ്രന്‍, അഡ്വ. സതീഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.

Related News