Saturday
23 Sep 2017

കേന്ദ്ര ജനദ്രോഹ നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് പ്രചരണ ജാഥകള്‍ ഒക്‌ടോബര്‍ 3 മുതല്‍

By: Web Desk | Friday 8 September 2017 9:12 AM IST

കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്ണനും നേതൃത്വം നല്‍കും

തിരുവനന്തപുരം: നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും സംഘപരിവാറിന്റെ ആക്രമണോത്സുക വര്‍ഗ്ഗീയതയ്ക്കുമെതിരെ കേരളത്തില്‍ എല്‍ഡിഎഫ് പ്രചാരണ ജാഥകള്‍. ഒക്‌ടോബര്‍ മൂന്നിന് തിരുവനന്തപുരത്തു നിന്നും മഞ്ചേശ്വരത്തു നിന്നും ആരംഭിക്കുന്ന ജാഥകള്‍ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേതൃത്വം നല്‍കും. ഇരുജാഥകളും ഒക്‌ടോബര്‍ 16ന് യഥാക്രമം തൃശ്ശൂരിലും എറണാകുളത്തും സമാപിക്കും.
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടാനും, രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമണോത്സുക വര്‍ഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ ജാഥയിലുടനീളം എല്‍ഡിഎഫ് വിശദീകരിക്കും. ജാഥ മുന്നോട്ടുവെയ്ക്കുന്ന സന്ദേശം ജനങ്ങളിലെത്തിക്കാനും, ജാഥാ സ്വീകരണങ്ങള്‍ വിജയിപ്പിക്കാനും മുഴുവന്‍ ബഹുജനങ്ങളും മുന്നോട്ടുവരണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരത്ത് നിന്നാരംഭിച്ച് കാനം രാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന തെക്കന്‍ മേഖലാ ജാഥ 16ന് എറണാകുളത്ത് സമാപിക്കും. മഞ്ചേശ്വരത്ത് നിന്നാരംഭിച്ച് കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന വടക്കന്‍ മേഖലാ ജാഥ 16ന് തൃശ്ശൂരിലും സമാപിക്കും.
സാമ്രാജ്യത്വ ആഗോളവത്കരണ നയങ്ങള്‍ തീവ്രമായി നടപ്പിലാക്കി ജനജീവിതം ദുഷ്‌കരമാക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കാര്‍ഷിക പ്രധാനമായ ഇന്ത്യാരാജ്യത്ത് കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുകയാണ്. സ്വാശ്രയത്വത്തിന് അടിസ്ഥാനമായിത്തീരേണ്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുകയാണ്. തൊഴിലില്ലായ്മയാകട്ടെ അതിരൂക്ഷമായി വളര്‍ന്നുവരികയാണ്. രാജ്യം നിലനിര്‍ത്തിപോന്നിരുന്ന ജനാധിപത്യപരമായ എല്ലാ സമീപനങ്ങളേയും തല്ലിക്കെടുത്തുന്ന സ്ഥിതിയാണ് വളര്‍ന്നുവന്നിരിക്കുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലൂടെ വ്യക്തമായിരിക്കുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച രാജ്യത്ത് ഫെഡറല്‍ ഘടനയേയും തകര്‍ക്കുന്ന നടപടികളാണ് മുന്നോട്ടുവയ്ക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരെ ജനകീയ ബദലുയര്‍ത്തി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുകയാണ്.
രാജ്യത്ത് ഗുരുതരമായ ഈ സ്ഥിതിവിശേഷം സംജാതമായിട്ടും അതുമായി സമരസപ്പെട്ടുപോകുന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കേരളത്തിലാകട്ടെ ഇത്തരം നയസമീപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ് എന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

 

 

 

Related News