Monday
15 Oct 2018

വീട്ടുവിശേഷം തിരക്കി, വോട്ട് ചോദിച്ച് നേതാക്കളും മന്ത്രിമാരും

By: Web Desk | Thursday 17 May 2018 8:36 PM IST

കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ചെങ്ങന്നൂരില്‍ ഭവന സന്ദര്‍ശനം നടത്തുന്നു

ചെങ്ങന്നൂര്‍: വോട്ട് ചോദിക്കാതെ തന്നെ വോട്ടര്‍മാരുടെ മനസ്സറിഞ്ഞ് വ്യത്യസ്തമായി പ്രചരണം നടത്തുകയാണ് എല്‍ ഡി എഫ് മന്ത്രിമാര്‍. ബുധനൂര്‍ പഞ്ചായത്തിലെ എണ്ണയ്ക്കാട് മേഖലയിലായിരുന്നു അപ്രതീക്ഷിതമായി കുടുംബങ്ങളില്‍ എത്തിയുള്ള മന്ത്രി ജി സുധാകരന്റെ വോട്ടഭ്യര്‍ഥന. കാറില്‍ പോകുന്ന വഴിയില്‍ തന്നെ നോക്കി നില്‍ക്കുന്നവരുടെ അടുത്ത് വണ്ടി നിര്‍ത്തും, ഇറങ്ങി എല്ലാവരോടും സംസാരിക്കും. പരിസരത്ത് കാണുന്ന വീടുകളില്‍ കയറും. ചുറ്റുപാടിനെക്കുറിച്ചും കുട്ടികളുടെ പഠനത്തെക്കുറിച്ചും സംസാരിക്കും. എല്ലാം കേട്ടശേഷം മറുപടിയും പറഞ്ഞശേഷം ഒരു ചോദ്യം. വോട്ട് ആര്‍ക്കാ?. സജി ചെറിയാന് എന്ന് സന്തോഷത്തോടെ മറുപടികിട്ടും. വോട്ടഭ്യര്‍ഥനയോടൊപ്പം സര്‍ക്കാരിന്‍റെ വികസനനേട്ടങ്ങളും ജനങ്ങളുമായി പങ്കുവച്ചാണ് പ്രചരണം.

ബുധനൂര്‍ കിഴക്ക് കിഴക്കുങ്കര ജോയിയുടെ വീട്ടിലെത്തിയപ്പോള്‍ റോഡുകളുടെ നിലവാരം ഉയരുന്നതിനെക്കുറിച്ച് നല്ല അഭിപ്രായം. എല്‍ഡിഎഫിന്റെ പ്രചാരണ ഫണ്ടിലേക്ക് സംഭാവനയും മന്ത്രിയുടെ മുമ്പില്‍വച്ച് എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പി വിശ്വംഭര പണിക്കര്‍ക്ക് കൈമാറി. കളത്തൂര്‍പ്പടിയിലെത്തിയപ്പോള്‍ റോഡരികിലെ പെട്ടിക്കടക്ക് മുമ്പില്‍ കൂടിനില്‍ക്കുന്ന സ്ത്രീകള്‍. കാര്‍ നിര്‍ത്തി എല്ലാവരോടും സംസാരം.
ചെങ്ങന്നൂരിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ട് ചോദിച്ചെത്തിയ കൃഷി മന്ത്രി വി എസ് സുനില്‍കുമാറിനേയും സ്‌നേഹത്തോടെയാണ് ജനങ്ങള്‍ വരവേറ്റത്. കാര്‍ഷിക മേഖലയില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ നേട്ടങ്ങളില്‍ ജനങ്ങള്‍ മന്ത്രിയോട് സംതൃപ്തി അറിയിച്ചു. ചെങ്ങന്നൂരിലടക്കം തരിശായി കിടന്ന ഏക്കറുകണക്കിന് പാടശേഖരമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം കൃഷി ആരംഭിച്ചത്. ആളും ആരവങ്ങളുമില്ലാതെ വോട്ടര്‍മാരെ കണ്ട് മണ്ഡലമെങ്ങും സഞ്ചരിക്കുകയാണ് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ. വോട്ട് ചെയ്യാന്‍ എത്താന്‍ കഴിയില്ലെങ്കിലും പിന്തുണ വേണമെന്ന് പറഞ്ഞാണ് ചെരുവുകാലയില്‍ മഹിയുടെ വീട്ടിലേക്ക് ഇ പി ആദ്യമെത്തിയത്. 2013ല്‍ അന്നത്തെ മന്ത്രി കെ സി ജോസഫിന്റെ കാറിടിച്ച് പരിക്കേറ്റ് അഞ്ചുവര്‍ഷമായി കിടപ്പിലാണ് മഹി. പരസഹായമില്ലാലെ എഴുന്നേല്‍ക്കാന്‍ കഴിയില്ല. ഇ പി വന്നതില്‍ മഹിക്ക് ഏറെ സന്തോഷം.
മുളക്കുഴ കാരയ്ക്കാട് ഭാഗത്തും ഇ പി വീടുകയറി വോട്ടുതേടി. സ്വാതന്ത്ര്യ സമരസേനാനി ചെല്ലപ്പന്‍പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മയെ സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ കൃത്യസമയത്ത് കിട്ടുന്നതിലെ സന്തോഷവും കേന്ദ്രത്തിന്റെ കിട്ടാത്തതിലുള്ള വിഷമവും അവര്‍ പങ്കുവച്ചു. വഴിയില്‍ കൂടിനില്‍ക്കുന്ന ചെറുപ്പക്കാരുടെ അടുത്തും കടയില്‍ കൂടിനില്‍ക്കുന്നവരുടെ അടുത്തുമെല്ലാം വിശേഷങ്ങളും ജോലിയും പഠനവുമെല്ലാം തിരക്കി ഇ പി ഇന്നാട്ടുകാരനായി. സെല്‍ഫിയെടുത്തോട്ടെയെന്ന് ചോദിച്ചുതീരുംമുമ്പേ നിറഞ്ഞചിരിയുമായി പോസ് ചെയ്യും.

ചെങ്ങന്നൂരിന്‍റെ അയല്‍ക്കാരനായ മന്ത്രി മാത്യു ടി തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് വേണ്ടി പുലിയൂര്‍ പഞ്ചായത്തില്‍ വോട്ടഭ്യര്‍ഥിച്ചു. കുളിക്കാംപാലത്താണ് മന്ത്രി ഭവന സന്ദര്‍ശനം നടത്തിയത്. കുടിവെള്ള പദ്ധതികളുടെ കാര്യത്തിലെ പുരോഗതികള്‍ ജനങ്ങളുമായി സംസാരിച്ചും പുലയൂരിലെയും പരിസരപ്രദേശങ്ങളിലേയും കുടിവെള്ള പദ്ധതികളുടെ കാര്യങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു.