Monday
17 Dec 2018

പഠനവും പരീക്ഷയും 

By: Web Desk | Monday 8 January 2018 7:36 PM IST

സാനു സുഗതന്‍

ജനുവരി പുതുവര്‍ഷത്തിന്റെ ആരംഭമായി എന്നും ആഘോഷിക്കപ്പെടുമ്പോള്‍ നമ്മുടെ അധ്യായന വര്‍ഷ കലണ്ടറില്‍ അത് അവസാന ടേം കുറിക്കുന്ന മാസമാകുന്നു. പ്രത്യേകിച്ച് 10, 11, 12 ക്ലാസുകളിലെ കൂട്ടുകാര്‍ക്ക് മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പൊതുപരീക്ഷ മുന്‍നിര്‍ത്തി പഠനം ഊര്‍ജിതമാക്കേണ്ട സമയമാണ് ഇനിയുള്ള ദിവസങ്ങള്‍. അല്‍പം ആസൂത്രണവും ചിട്ടയായ പരിശ്രമവുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാനും അഭിമാനകരമായൊരു പരീക്ഷാ വിജയം സ്വന്തമാക്കാനും സാധിക്കും. എന്നാല്‍ പൊതുവെ ഉന്നതവിജയം നേടണമെന്ന ആഗ്രഹവും സന്നദ്ധതയുമുള്ള വിദ്യാര്‍ഥികള്‍ക്കുപോലും ‘എങ്ങനെ പഠിക്കണം’ എന്നതിനെക്കുറിച്ച് ശരിയായ ധാരണയില്ല എന്നതാണ് വാസ്തവം. അതുപോലെ വിദ്യാലയങ്ങളില്‍ നിരന്തരമായി നടക്കുന്ന പരീക്ഷകള്‍ എഴുതുന്നുണ്ടെങ്കിലും ഒരു പൊതുപരീക്ഷയില്‍ ഉത്തരക്കടലാസ് തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ മനസിലാക്കി കാണുന്നില്ല.

അല്‍പം ശ്രദ്ധപുലര്‍ത്തിയാല്‍ ഓരോ വിഷയത്തിലും ഒന്നോ രണ്ടോ മാര്‍ക്ക് അധികമായി നേടാന്‍ സാധിച്ചാല്‍ തന്നെ എല്ലാ വിഷയങ്ങളും ചേര്‍ക്കുമ്പോള്‍ അത് പരീക്ഷാ ഫലത്തില്‍ വലിയ മാറ്റം വരുത്തുമെന്ന് തീര്‍ച്ച. മുകളില്‍ പറഞ്ഞ വസ്തുതകള്‍ എല്ലാം പരിഗണിച്ചുകൊണ്ട് ആഗോളതലത്തില്‍ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞരും വിദ്യാര്‍ഥികളും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തുപോരുന്ന ചില മാര്‍ഗനിര്‍ദേശങ്ങളും പ്രായോഗിക പരിശീലനവുമാണ് സഹപാഠി തുടര്‍ന്നുള്ള ലക്കങ്ങളിലായി ഈ പംക്തിയിലൂടെ നടത്തുന്നത്. മുടങ്ങാതെ വായിക്കാനും പഠനത്തില്‍ പ്രയോഗിക്കാനും ശ്രമിക്കുമല്ലോ. വിജയാശംസകള്‍.

ഒരേ സിലബസ് പഠിച്ച് ഒരേ ചോദ്യങ്ങള്‍ക്കുത്തരം എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഫലങ്ങള്‍ വിഭിന്നങ്ങളായിത്തീരുന്നതു തന്നെ പഠനത്തിലും പരീക്ഷയെഴുത്തിലും ഓരോരുത്തരും പുലര്‍ത്തുന്ന വ്യത്യാസങ്ങള്‍ കാരമാണല്ലോ.

അവനവനെ അറിയണം ആദ്യം!

നമ്മളില്‍ ‘പഠനം എങ്ങനെ നടക്കുന്നു ‘ എന്നും നമുക്ക് ഏറ്റവും ‘അനുയോജ്യമായ പഠനരീതി’ ഏതാണെന്നും അറിഞ്ഞുകൊണ്ട് പഠിക്കാനിരുന്നാല്‍ പഠനം കൂടുതല്‍ വേഗത്തിലും ഫലപ്രദമായും നടക്കും എന്നതാണ് വസ്തുത! അതായത്, പഠിക്കാന്‍ ഇരിക്കുന്ന ആളിന്റെ ആരോഗ്യം, താല്പര്യം, ശ്രദ്ധ ,ചിന്ത എന്നീ ശാരീരിക മാനസിക ഘടകങ്ങളും, ചുറ്റുമുള്ള  ശബ്ദം, വെളിച്ചം, പഠനോപകരണങ്ങള്‍, ദൃശ്യ ശ്രാവ്യോപകരണങ്ങള്‍, മറ്റുള്ളവരുടെ സാന്നിധ്യം എന്നിവയെല്ലാം ഗുണപരമായോ അല്ലാതെയോ നിങ്ങളെ  സ്വാധീനിക്കുന്ന കാര്യങ്ങളാണ്. മേല്‍പ്പറഞ്ഞ ഘടകങ്ങളില്‍ ഓരോന്നിലും ശ്രദ്ധ കൊടുത്ത് , അതിനെ മെച്ചപ്പെടുത്തി ഉപയോഗിക്കാന്‍ സാധിച്ചാല്‍ പഠനം കാര്യക്ഷമമാകും.അതുകൊണ്ട് ,ഒരു വിദ്യാര്‍ഥിയെന്ന നിലയില്‍ ഒരു സ്വയം വിലയിരുത്തല്‍ നല്ലതാണ്. അതിനായിചുവടെ കൊടുത്ത ചോദ്യങ്ങള്‍ വായിച്ച് നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുക.

1. പഠനത്തെ കാര്യമായി തടസ്സപ്പെടുത്തുന്ന ശാരീരികമോ മാനസികമായോ ആയ പ്രശ്‌നങ്ങളോമനഃസംഘര്‍ഷങ്ങളോ ഇപ്പോള്‍ നിങ്ങള്‍ക്കുണ്ടോ?

ഉണ്ട് / ഇല്ല

2. ഒരു വിഷയം എന്തിനുവേണ്ടി പഠിക്കുന്നു എന്നതിനെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്?

ഉണ്ട് / ഇല്ല

3. പഠിക്കുന്നതിന് ആവശ്യമായ പുസ്തകങ്ങളും സാമഗ്രികളും എന്റെയടുത്തുണ്ട്?

ഉണ്ട് / ഇല്ല.

4. പഠിക്കുമ്പോള്‍ എന്റെ പഠനത്തെ തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ ചുറ്റുമുണ്ട് (ഉദാ:ടി വിമെബൈല്‍ ഫോണ്‍, മറ്റുള്ളവര്‍…)

ഉണ്ട് / ഇല്ല

5 പഠിക്കാനിരിക്കുമ്പോള്‍  അനാവശ്യ ചിന്തകള്‍ എറെ തടസ്സപ്പെടുത്തുന്നു?

ഉണ്ട് / ഇല്ല.

6 പഠനം പുരോഗമിക്കും തോറും എനിക്ക് പ0നത്തില്‍ കൂടുതല്‍ താല്‍പര്യം തോന്നാറുണ്ട്?

ഉണ്ട് / ഇല്ല.

മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് കൂടുതലും ‘ഇല്ല’, എന്നാണ് ഉത്തരമെങ്കില്‍, നിങ്ങള്‍ക്ക് ചില പഠന പ്രശ്‌നങ്ങളുണ്ട്. പ്രശ്‌നപരിഹാരത്തിന് മുതിര്‍ന്നവരോടോ അധ്യാപകരോടോ  സഹായം തേടേണ്ടതാണ്.മറിച്ച്, ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഏറെയും  ‘അതെ.’ എന്നാണെങ്കില്‍ പഠനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.ആസൂത്രണം അതിപ്രധാനംപഠിക്കാനിരിക്കുമ്പോള്‍ എന്തുപഠിക്കണം എത്രമാത്രം പഠിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ലക്ഷ്യം ഉണ്ടാവണം. കഴിയുന്നത്ര കൃത്യതയോടെ ഓരോ വിഷയത്തിനും നേടേണ്ട ഗ്രേഡുകള്‍ / സ്‌കോറുകള്‍ എന്നിവ സ്വയം തീരുമാനിക്കുക. ഉപരിപഠന സാധ്യത  കൂടി കണക്കിലെടുത്തു കൊണ്ടു വേണം ഇതു ചെയ്യാന്‍. ഇനി ഈ ലക്ഷ്യത്തിന് അനുസരിച്ച് ജനുവരി മുതല്‍ മാര്‍ച്ച് പരീക്ഷാ ദിനങ്ങള്‍ വരെ ലഭ്യമായ  ദിവസങ്ങളെ മണിക്കൂറുകളായി കണക്കാക്കുക

ഉദാ:വിദ്യാലയത്തില്‍    മണിക്കൂര്‍
ക്ലാസ് സമയം                6

യാത്ര, തയാാറാകല്‍      3

മറ്റ് പ്രവര്‍ത്തികള്‍ ഉറക്കം          7

ദൈനം ദിന കൃത്യങ്ങള്‍  3
ആകെ                      19

അതു കൊണ്ട് ഒരു പ്രവൃത്തി ദിനത്തില്‍ സ്വയം പഠനത്തിന് ലഭ്യമാകുന്ന മണിക്കൂര്‍  5 മണിക്കുര്‍ ഒഴിവു ദിനങ്ങളിലാവട്ടെ  9 മണിക്കുര്‍ അധികമായി ലഭിക്കുന്നു. പഠനസമയം ചിട്ടപ്പെടുത്തുമ്പോള്‍ ഉണര്‍വ്വുള്ള സമയം പരമാവധി ഉപയോഗിക്കുംവിധം  വിഷയങ്ങളെ ,നിങ്ങളുടെ മുന്‍ഗണനയനുസരിച്ച് ടൈംടേബിള്‍ തയാറാക്കാനും ശ്രദ്ധിക്കണം.ഇത്തരത്തില്‍ സ്വയം വിലയിരുത്തി, ചിട്ടയോടെയുള്ള ഒരു സമയപ്പട്ടിക തയാറാക്കിക്കഴിഞ്ഞാല്‍. നിങ്ങള്‍ പരീക്ഷാ തയാറെടുപ്പിലെ പ്രധാന ഘട്ടം പിന്നിട്ടു എന്നു പറയാം.ഇനി നിങ്ങള്‍ക്കനുയോജ്യമായ പഠന ശൈലികള്‍ കണ്ടെത്തേണ്ടതിനെക്കുറിച്ചും ഫലപ്രദമായ ചില പഠന തന്ത്രങ്ങളെക്കുറിച്ചും അടുത്ത ലക്കത്തില്‍.