Wednesday
17 Oct 2018

വിദ്യാഭ്യാസ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന ലീവ്- മാര്‍ഗനിര്‍ദേശങ്ങള്‍

By: Web Desk | Tuesday 18 September 2018 10:02 PM IST

കോളജ്/സാങ്കേതിക/ഉന്നതവിദ്യാഭ്യാസ വകുപ്പുകളുടെ ഭരണനിയന്ത്രണത്തിലുള്ള വിവിധ സ്ഥാപങ്ങളിലെ ജീവനക്കാര്‍ക്ക് കെഎസ്ആറിലെ അനുബന്ധം 12എ, 12സി എന്നിവ പ്രകാരം ലീവ്, ഡെപ്യൂട്ടേഷന്‍, അനുവദിച്ച ലീവ് നീട്ടിക്കൊടുക്കല്‍ എന്നിവ സംബന്ധിച്ച് താഴെ കാണുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. ഈ വ്യവസ്ഥകള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ക്വാളിറ്റി ഇപ്രൂവ്‌മെന്റ് പ്രോഗ്രാം വഴിയുള്ള ഡെപ്യൂട്ടേഷനും ബാധകമാണ്.
1. സ്ഥാപനത്തില്‍ അപേക്ഷകന്‍ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ (വിഷയം തിരിച്ച്) അപേക്ഷകന് ലീവ് അനുവദിച്ചുകഴിഞ്ഞാല്‍, കുറഞ്ഞത് ആ വിഭാഗത്തില്‍ അനുവദിച്ച ആകെ തസ്തികകളുടെ 80 ശതമാനം ജീവനക്കാര്‍ ആ വിഭാഗത്തില്‍ സേവനത്തിനായി ഏതൊരു സമയത്തും ബാക്കിയുണ്ടായിരിക്കണം.
2. അപേക്ഷകന് ലീവ് അനുവദിച്ചാല്‍ സ്ഥാപനത്തിന്റെ അക്കാഡമിക താല്‍പര്യത്തിനും ഭരണപരമായ സൗകര്യത്തിനും ദോഷമുണ്ടാകുവാന്‍ പാടില്ല.
3. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കാര്യത്തില്‍ അപേക്ഷകന്‍ ലീവില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ ഒരു മാസത്തിനകം പകരം നിയമനം നടത്തിയിരിക്കണം. മൂന്ന് മാസത്തില്‍ കൂടുതലുള്ള ഒഴിവുകള്‍ ഇക്കാര്യത്തില്‍ നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണം. നിലവില്‍ പിഎസ്‌സി ലിസ്റ്റ് ഇല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണം.
കോഴ്‌സ് അനുവദിക്കുകയും തസ്തിക അനുവദിക്കാത്തതുമായ വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കണം. പിഎസ്‌സിയില്‍ നിന്നോ നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നോ നിയമനം നടത്തുന്നവരെ ഗസ്റ്റ് അധ്യാപകരായി നിയമിക്കാം. ഓരോ ജില്ലയിലും ഓരോ വിഷയത്തിനും ഗസ്റ്റ് അധ്യാപകരുടെ പാനലുകള്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി ഡയറക്ടര്‍ സൂക്ഷിക്കേണ്ടതാണ്. താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തി ഓരോ വര്‍ഷവും ലിസ്റ്റ് പുതുക്കേണ്ടതാണ്. ബന്ധപ്പെട്ട സ്ഥാപനമേധാവി ഡെപ്യൂട്ടി ഡയറക്ടറുമായി കൂടിയാലോചിച്ച് ഈ ലിസ്റ്റില്‍ നിന്നുമാത്രം അധ്യാപക നിയമനം നടത്തേണ്ടതാണ്.
4. എയ്ഡഡ് സ്ഥാപനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരും സര്‍വകലാശാലയും നിയമനങ്ങളെ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള വ്യവസ്ഥകളും ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കേണ്ടതാണ്. എയ്ഡഡ് സ്ഥാപനങ്ങള്‍ ഓരോ വിഭാഗത്തിലേക്ക് നിയമനം നടത്താനുള്ള നിയമപ്രകാരമുള്ള ലിസ്റ്റ് ഉണ്ടായിരിക്കേണ്ടതാണ്. ഇപ്രകാരമുള്ള ലിസ്റ്റുകള്‍ ബന്ധപ്പെട്ട വകുപ്പിന്റെ അധികാരിയുടെ അംഗീകാരം വാങ്ങി സൂക്ഷിക്കേണ്ടതാണ്. ഇത്തരം ലിസ്റ്റിന്റെ കാലാവധി കുറഞ്ഞത് ഒരു വര്‍ഷ വും പുതിയ ലിസ്റ്റ് ഉണ്ടാകുന്നതുവരെയോ അല്ലെങ്കില്‍ പരമാവധി മൂന്ന് വര്‍ഷവും (ഏതാണോ ആദ്യം) ആയിരിക്കേണ്ടതാണ്. ഓരോ വിഭാഗത്തിനും (വിഷയംതിരിച്ച്) നിയമനത്തിനായുള്ള റാങ്ക്‌ലിസ്റ്റോ, സെലക്ഷന്‍ ലിസ്റ്റോ, സീനിയോരിറ്റി ലിസ്റ്റോ, പ്രമോഷന്‍ ലിസ്റ്റോ ഉണ്ടായിരിക്കണം. അധ്യാപകരുടെ കാര്യത്തില്‍ ഏതെങ്കിലും അവസരത്തില്‍ മേല്‍പറഞ്ഞ ലിസ്റ്റില്‍ നിന്നും നിയമനം നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടെന്ന് കാര്യകാരണസഹിതം സ്ഥാപിച്ചാല്‍ ബന്ധപ്പെട്ട ഡെപ്യൂ ട്ടി ഡയറക്ടര്‍ സൂക്ഷിച്ചിരിക്കുന്ന ഗസ്റ്റ് അധ്യാപകലിസ്റ്റില്‍ നിന്നും അധ്യാപകരെ നിയമിക്കാം. സര്‍ക്കാര്‍ അനുവദിച്ചതും അംഗീകരിച്ചതുമായ ഒഴിവുകളിലേക്കോ തസ്തികകളിലേക്കാ മാത്രമേ നിയമനം നടത്താവൂ.
5. ഫാക്കല്‍റ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം, ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം എന്നിവ അനുസരിച്ചുള്ള ഡെപ്യൂട്ടേഷനുകള്‍ (ശമ്പളമില്ലാതെ) കെഎസ്ആര്‍ അനുബന്ധം 12 ബി പ്രകാരം പഠനാവശ്യത്തിനുള്ള അവധി എന്നിവ അനുവദിക്കുമ്പോള്‍ പഠനത്തിനായി പോകുന്ന സ്ഥാപനത്തില്‍ നിന്നും ഓരോ മൂന്നു മാസം കൂടുമ്പോഴും അപേക്ഷകന്‍ തൃപ്തികരമായി പഠനം തുടരുന്നുണ്ടെന്ന് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തേണ്ടതാണ്. പഠനം കഴിഞ്ഞ് തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കണമെങ്കില്‍ ഏതാവശ്യത്തിനാണോ അവധി നല്‍കിയത് അത് പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
6. ശമ്പളത്തോടുകൂടിയുള്ള ലീവ് അനുവദിക്കുന്നതിന് മുമ്പ് എത്രക്കാലത്തേക്കാണോ ലീവ് അനുവദിച്ചത് അതിന്റെ രണ്ട് മടങ്ങ് കാലാവധി തുടര്‍ച്ചയായി സേവനം നല്‍കണമെന്നും അങ്ങനെയുള്ള സേവനം നല്‍കാത്തപക്ഷം ഈ കാലാവധിക്ക് നല്‍കേണ്ടി വരുന്ന ആകെ തുകയുടെ രണ്ട് മടങ്ങ് സാമ്പത്തിക ബാധ്യതയായി കണക്കാക്കേണ്ടതാണ്. (ഉദാഹരണമായി ലീവ് അനുവദിച്ചത് ഒരു വര്‍ഷവും വാങ്ങിയിരുന്ന മാസ ശമ്പളവും അലവന്‍സുകളും ചേര്‍ ത്ത് 10000 രൂപയാണെങ്കില്‍, തുടര്‍ച്ചയായ സേവനം നല്‍കേണ്ടത് രണ്ട് വര്‍ഷവും സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട സാമ്പത്തിക ബാധ്യത 20000 രൂപയും ആയിരിക്കും). ശമ്പളം നല്‍കാതെയുള്ള ലീവ് അനുവദിക്കുന്ന സാഹചര്യത്തില്‍ ലീവ് കാലാവധിക്ക് തത്തുല്യമായ കാലാവധി സേവനം നല്‍കേണ്ടതും അങ്ങനെയുള്ള സേവനം നല്‍കാത്ത പക്ഷം ലീവ് കാലാവധിക്ക് നല്‍കേണ്ടിവരുന്ന തുക സാമ്പത്തിക ബാധ്യതയായി കണക്കാക്കേണ്ടതുമാണ്. (ഉദാഹരണത്തിന് ലീവ് അനുവദിച്ചത് ഒരു വര്‍ഷവും വാങ്ങിയിരുന്ന മാസശമ്പളവും അലവന്‍സുകളും ചേര്‍ ത്ത് 10000 രൂപയാണെങ്കില്‍ തുടര്‍ച്ചയായ സേവനം നല്‍കേണ്ടത് ഒരു വര്‍ഷവും സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട സാമ്പത്തിക ബാധ്യത 10000 രൂപയും ആയിരിക്കും). ഇങ്ങനെ നിശ്ചയിക്കുന്ന സേവനകാലാവധിയും സാമ്പത്തിക ബാധ്യതയും നിറവേറ്റാതെ എഫ്‌ഐപി പ്രകാരമോ ക്യുഐപി പ്രകാരമോ 12 ബി പ്രകാരമോ മറ്റേതെങ്കിലും വ്യവസ്ഥ പ്രകാരമോ പഠനാവശ്യത്തിനുള്ള അവധി വീണ്ടും നല്‍കുവാന്‍ പാടില്ല. അതായത് സപ്ലിമെന്ററി ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ലീവ് അനുവദിക്കുകയില്ല. പഠനാവശ്യത്തിനുള്ള അവധി പരമാവധി അഞ്ച് വര്‍ഷമേ നല്‍കുകയുള്ളു.
സര്‍ക്കാരിന്റെ പരിഗണനയിലേക്ക് ഇന്നു മുതല്‍ വരുന്ന എല്ലാ അവധി അപേക്ഷകളും മേല്‍പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയതിനുശേഷം നല്‍കേണ്ടതാണ്. സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന നിലവിലുള്ള എല്ലാ അപേക്ഷകളും നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം അനുവദിക്കുന്നതാണ്.
(ഉന്നത വിദ്യാഭ്യാസ (എഫ്) വകുപ്പ് സര്‍ക്കുലര്‍) നം. 26094/എഫ്2/2008/ഉ.വി.വ. പരിവര്‍ത്തിതാവധി:- കമ്മ്യൂട്ടഡ് ലീവ്-റൂള്‍.
അര്‍ധവേതനാവധിയുടെ ഒരു രൂപഭേദമാണ് ഈ അവധി. കണക്കില്‍ ബാക്കിനില്‍ക്കുന്ന രണ്ട് ദിവസത്തെ അര്‍ധവേതനാവധി പരിവര്‍ത്തനം ചെയ്ത് പകരം ഒരു ദിവസത്തെ പൂര്‍ണ വേതനാവധി എന്ന നിരക്കില്‍ ഈ അവധി അനുവദിക്കാവുന്നതാണ്.

(ലേഖകന്‍ സര്‍വീസ് & ടാക്‌സ് കണ്‍സള്‍ട്ടന്റാണ്)
മൊബൈല്‍: 9446559328