Wednesday
12 Dec 2018

ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അയച്ച കത്തിന്റെ സംക്ഷിപ്ത രൂപം

By: Web Desk | Friday 12 January 2018 10:47 PM IST

പ്രിയപ്പെട്ട ചീഫ് ജസ്റ്റിസ്,

ഗൗരവതരമായ ചിലകാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുവാനാണ് വളരെ വേദനയോടും ഉത്കണ്ഠയോടും ഈ കത്ത് സമര്‍പ്പിക്കുന്നത്. ചില കേസുകളില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ നീതിന്യായ വ്യവസ്ഥിതിയുടെ പ്രവര്‍ത്തനത്തെ ഒന്നടങ്കം പ്രതികൂലമായി ബാധിക്കുന്നതാണെന്ന് അറിയിക്കട്ടെ. ഇതില്‍ ജഡ്ജിമാര്‍ക്ക് കടുത്ത ആശങ്കയും അമര്‍ഷവുമുണ്ട്. ഇത്തരം വിധികള്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ ഭരണനിര്‍വഹണ കീഴ്‌വഴക്കങ്ങളെ മാത്രമല്ല, ഹൈക്കോടതികളുടെ സ്വാതന്ത്ര്യത്തേയും ബാധിക്കും. കൊല്‍ക്കത്ത, ബോംബെ, മദ്രാസ് ഹൈക്കോടതികള്‍ സ്ഥാപിതമായപ്പോള്‍ തന്നെ അവ ചില പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. ഒരു നൂറ്റാണ്ട് പഴക്കമുള്ള സുപ്രിം കോടതിയും ഈ പാരമ്പര്യങ്ങള്‍ അംഗീകരിച്ചിട്ടുള്ളതാണ്. ഇവയ്ക്ക് ആംഗ്ലോ സാക്‌സണ്‍ നിയമശാസ്ത്രത്തിലും വേരുകളുണ്ട്.
കീഴ്‌വഴക്കങ്ങളനുസരിച്ച് ചീഫ് ജസ്റ്റിസ് ആണ് കോടതികളുടെ അധിപനെന്നും കോടതികളുമായി ബന്ധപ്പെട്ട സമയക്രമം തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തില്‍ നിക്ഷിപ്തമാണെന്നും പറഞ്ഞുവയ്ക്കപ്പെട്ടിരുന്നു . കേസുകള്‍ ഏതെല്ലാം ജഡ്ജിമാര്‍ പരിഗണിക്കണം, ഏത് വിഭാഗത്തില്‍പ്പെടുത്തണം എന്നെല്ലാം തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസാണ്. ഇത്തരത്തില്‍ കേസുകള്‍ക്ക് സമയക്രമം നിശ്ചയിക്കുന്നത് അവയുടെ സമയബന്ധിതവും അച്ചടക്കത്തോടെയുമുള്ള തീര്‍പ്പാക്കലുകള്‍ക്കാണ്. എന്നാല്‍ അത് ചീഫ് ജസ്റ്റിസിന് തന്റെ സഹപ്രവര്‍ത്തകരുടെ മേലുള്ള അധികാരമായി കാണരുത്. നീതിന്യായ വ്യവസ്ഥയില്‍ എല്ലാ ജഡ്ജിമാരും തുല്യരാണ്. എന്നാല്‍ പാരമ്പര്യം അനുസരിച്ച് അതില്‍ പ്രഥമ സ്ഥാനം ചീഫ് ജസ്റ്റിസിനാണ്. അതില്‍ കൂടുതലോ കുറവോ ഇല്ല. കേസുകളുടെ സമയക്രമം തീരുമാനിക്കുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസിന് വഴികാട്ടുന്നതിനായി ചില തത്വങ്ങളുണ്ട്. ഒരു പ്രത്യേക കേസിന്റെ ഘടന അനുസരിച്ച് അത് പരിഗണിക്കാന്‍ ശക്തമായ ബെഞ്ച് ആവശ്യമാണ്.
മേല്‍പ്പറഞ്ഞ കീഴ്‌വഴക്കങ്ങളുടെ അടിസ്ഥാനത്തില്‍ സുപ്രിം കോടതി അടക്കമുള്ള നിയമ സംവിധാനം കേസുകളിന്മേല്‍ തീരുമാനം എടുക്കുന്നതിന് ഉചിതമായ ബെഞ്ചിന്റെ അഭിപ്രായം ആരായുകയും ബെഞ്ചിലെ അംഗങ്ങളുടെ എണ്ണം കണക്കിലെടുക്കുകയും വേണം. ഇതില്‍ നിന്നുള്ള വ്യതിചലനം അസാധാരണവും പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതുമായിരിക്കും. ഇത് കോടതികളുടെ ഐക്യത്തിലും അഖണ്ഡതയിലും സംശയം ഉണര്‍ത്തും. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന അരാജകത്വത്തെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല.
സമീപകാലത്ത് ഇത്തരത്തില്‍ ചില സംഭവങ്ങള്‍ ഉണ്ടായെന്നത് ഏറെ ദു:ഖകരമാണെന്ന് പറയാതെ വയ്യ. രണ്ടു കേസുകള്‍ ബെഞ്ചുകളുടെ മുന്‍ഗണനാക്രമം പരിഗണിക്കാതെ തികച്ചും യുക്തിരഹിതമായി ചീഫ് ജസ്റ്റിസ് തന്നെ നല്‍കുകയുണ്ടായി. ഇത് ആവര്‍ത്തിക്കുന്നത് അനുചിതമാണ്.
നടപടിക്രമങ്ങള്‍ തീരുമാനിക്കുന്നതില്‍ കാലതാമസം വരരുതെന്ന് 2017 ഒക്ടോബര്‍ 27ലെ ആര്‍ പി ലൂത്രയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ വിധിക്കുകയുണ്ടായി. സുപ്രിം കോടതിയിലെ ഭരണഘടനാ ബെഞ്ചിന്റെ പരിധിയില്‍ വരുന്നതാണ് മെമ്മോറാണ്ടം ഓഫ് പ്രൊസീജര്‍ എന്നിരിക്കെ ഇക്കാര്യത്തില്‍ മറ്റൊരു ബെഞ്ച് ഇടപെടുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല.
ഭരണഘടനാ ബെഞ്ചിന്റെ തീരുമാനത്തിന് ശേഷം വിശദമായ ചര്‍ച്ചകള്‍ ചീഫ് ജസ്റ്റിസ് അടക്കമുള്ള അഞ്ച് ജഡ്ജിമാരടങ്ങിയ കൊളീജിയം നടത്തുകയും മെമ്മോറാണ്ടം ഓഫ് പ്രൊസീജറിന് അന്തിമരൂപം നല്‍കി ചീഫ് ജസ്റ്റിസ് അത് കേന്ദ്ര സര്‍ക്കാരിന് 2017 മാര്‍ച്ചില്‍ അയക്കുകയും ചെയ്തതാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല. അതിനര്‍ത്ഥം കേന്ദ്ര സര്‍ക്കാര്‍ മെമ്മോറാണ്ടം ഒഫ് പ്രൊസീജര്‍ അംഗീകരിച്ചു എന്നാണ്. അതിനാല്‍ മെമ്മോറാണ്ടം ഓഫ് പ്രൊസീജറുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണങ്ങള്‍ നടത്തേണ്ടതോ വിഷയം അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടുപോകേണ്ടതോ ആയ സാഹചര്യമില്ല.
2017 ജൂലായ് നാലിന് ഏഴംഗ സുപ്രിം കോടതി ബെഞ്ച് ജസ്റ്റിസ് സി എസ് കര്‍ണന്റെ കാര്യത്തില്‍ ഇത്തരമൊരു തീരുമാനം എടുത്തിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിനും ഇംപീച്ച്‌മെന്റിന് പകരം ശിക്ഷാമാര്‍ഗം കണ്ടെത്തണമെന്നും ജഡ്ജിമാരില്‍ രണ്ടുപേര്‍ ആവശ്യപ്പെട്ടിരുന്നു. മെമ്മോറാണ്ടം ഓഫ് പ്രൊസീജറുമായി ബന്ധപ്പെട്ട് അന്ന് ഏഴു ജഡ്ജിമാരില്‍ ആരും തന്നെ ഒരു നിരീക്ഷണവും നടത്തിയിരുന്നില്ല.
മെമ്മോറാണ്ടം ഒഫ് പ്രൊസീജറുമായി ബന്ധപ്പെട്ട ഏത് കാര്യവും ചീഫ് ജസ്റ്റിസിന്റെ കോണ്‍ഫറന്‍സിലും ഫുള്‍ കോര്‍ട്ടിന്റെ സാന്നിധ്യത്തിലുമായിരിക്കണം ചര്‍ച്ച ചെയ്യേണ്ടത്. ഇത്തരം സുപ്രധാനമായ ഒരു കാര്യം കോടതിയുടെ ഭരണഘടനാ ബെഞ്ചല്ലാതെ മറ്റൊരു ബെഞ്ചും പരിഗണിക്കരുത്. അതിനാല്‍ തന്നെ നേരത്തെ പറഞ്ഞ കാര്യം അതീവഗൗരവത്തോടെ കാണണം. ഇത്തരം കാര്യങ്ങളില്‍ മറ്റ് കോടതികളുമായും ആവശ്യമെങ്കില്‍ കൊളീജിയത്തിലെ മറ്റ് അംഗങ്ങളോടും ചര്‍ച്ച ചെയ്ത ശേഷം ഉചിതമായ പരിഹാര നടപടികള്‍ കൈക്കൊള്ളേണ്ട ബാധ്യത ചീഫ് ജസ്റ്റിസിനുണ്ട്.
നേരത്തെ സൂചിപ്പിച്ച 2017 ഒക്ടോബര്‍ 27ലെ ആര്‍ പി ലൂത്രയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ അങ്ങ് പര്യാപ്തമായ സമീപനമാണ് കൈക്കൊണ്ടത്. ഇത്തരം അത്യന്താപേക്ഷിതമായ കേസുകളില്‍ ആവശ്യമെന്നുവരികില്‍ കോടതിയുടെ ഉത്തരവുകള്‍ ഞങ്ങള്‍ അങ്ങയുടെ സമക്ഷം അറിയിക്കുകയും സമാനമായി കൈകാര്യം ചെയ്യപ്പെടേണ്ടതുമാണ്.

ബഹുമാനാദരങ്ങളോടെ,
ജെ ചെലമേശ്വര്‍
രഞ്ജന്‍ ഗൊഗോയ്
മദന്‍ ബി ലോകുര്‍
കുര്യന്‍ ജോസഫ്‌

Related News