Sunday
24 Sep 2017

ആനകള്‍ക്ക് പെരുമാറ്റച്ചട്ടമോ

By: Web Desk | Monday 11 September 2017 1:31 AM IST

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ വിചിത്രമായ ഒരു തീരുമാനം അറിയിക്കാനാണ് ഈ കത്ത്. ആനകള്‍ നാട്ടിലേക്ക് ഇറങ്ങിവരുന്നത് തടയാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്ന കൂട്ടത്തില്‍ വൈദ്യുതി വേലി ശക്തിപ്പെടുത്തുമെന്ന് പറഞ്ഞിരിക്കുന്നു. ഇത് സുപ്രിം കോടതി വിധിക്കെതിരാണ്. മൃഗങ്ങളെ തടയുന്നതിന് വൈദ്യുതിവേലി ഏര്‍പ്പെടുത്തുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുനാള്‍ മുന്‍പ് തച്ചങ്കരി എസ്റ്റേറ്റില്‍ വൈദ്യുതി വേലിയില്‍ തട്ടി ഒരു കാട്ടാന ചരിഞ്ഞതേയുള്ളു. ഇതിനെതിരെ കേസെടുക്കണമെന്ന് മൃഗസ്‌നേഹികള്‍ ആവശ്യപ്പെട്ടിരുന്നു. ആനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന് തക്കതായ കാരണങ്ങളുണ്ട്. ആനത്താരകള്‍ അടച്ച് വന്‍തോതില്‍ റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. ആനകളുടെ വിഹാരകേന്ദ്രത്തില്‍ കടന്നുകയറി മനുഷ്യന്‍ നടത്തുന്ന ധിക്കാരപ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷിക്കേണ്ടതും അത്തരം മാഫിയകളായ മനുഷ്യരെയാണ്.
പഞ്ചായത്ത് പെരുമാറ്റച്ചട്ടമുണ്ടാക്കി എന്നാണ് വാര്‍ത്തയില്‍ കണ്ടത്. പെരുമാറ്റച്ചട്ടം ആര്‍ക്കാണെന്നതാണ് മനസിലാവാത്തത്. ആന റോഡുകള്‍ മുറിച്ചു കടക്കുന്നതൊഴിവാക്കാന്‍ റോഡിനിരുവശവുമുള്ള അടിക്കാടുകള്‍ വെട്ടാനും തെരുവ് വിളക്ക് സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനത്തിലുണ്ട്. രാത്രികാലങ്ങളിലെ സഞ്ചാരം നിരോധിക്കണമെന്ന ആവശ്യം പലരും മുന്നോട്ടുവെച്ചിരുന്നു, പ്രത്യേകിച്ചും ആനത്താരകളുടെ മധ്യത്തിലൂടെയുള്ള റോഡുകളില്‍.
വനത്തിലെ ആവാസവ്യവസ്ഥയില്‍ മാറ്റം വന്നതില്‍ മനുഷ്യനും കൂടി പങ്കുണ്ട്. അനധികൃത മരംമുറി, ഉള്‍ക്കാടുകളിലെ കഞ്ചാവ് കൃഷി, റിസോര്‍ട്ട് നിര്‍മാണം, വനത്തോടുചേര്‍ന്ന കൃഷി എന്നിവ ഇതില്‍പ്പെടും. ഇക്കാര്യത്തിലൊന്നും ഒരുല്‍ക്കണ്ഠയും അധികൃതരും വനം വകുപ്പും കാണിക്കുന്നില്ല എന്ന ആക്ഷേപം ഗൗരവമായി കാണണം.

ഗിരീശന്‍
നിലമ്പൂര്‍