Thursday
18 Oct 2018

ഈ നാട്

By: Web Desk | Friday 20 October 2017 4:11 PM IST

ങ്ങടെ കാലുകള്‍ തല്ലിയൊടിച്ചവര്‍
ചലന സഹായികള്‍ നല്‍കുന്നു
ഞങ്ങടെ കണ്ണിനു തിമിരം നല്കിയോര്‍
കണ്ണട വാഗ്ദാനം ചെയ്യുന്നു.
ഞങ്ങടെ ചെവികളില്‍ ഈയ്യമൊഴിച്ചോര്‍ ,
ശ്രവണ സഹായികള്‍ നീട്ടുന്നു .
ഞങ്ങളെ കൊള്ളയടിച്ചു മുടിച്ചോര്‍
ചില്ലി കാശുകള്‍ എറിയുന്നു .
തിരഞ്ഞെടുപ്പിന്‍ ആരവം നാടിന്‍
വീഥിയിലൊക്കെ ഉയരുന്നു .
പൊതു ജനമെന്നാല്‍ കഴുതകളെന്നത്
അറിയാവുന്നവര്‍ വാഗ്ദാനത്തിന്‍
പൂച്ചെണ്ടുകളുടെ കെണികളുമായ്
ജനമദ്ധ്യത്തിലിറങ്ങുന്നു .

കിതാബുകളുടെ പേരില്‍ പലരും
വോട്ടുകള്‍ ഇവിടെ ഇരക്കുമ്പോള്‍,
മതേതരത്തിന്‍ പേരുപറഞ്ഞു
വോട്ടുകള്‍ പലരും തേടുന്നു .
ഇവിടെയനേകം ശിശുക്കള്‍ വിശപ്പാല്‍
ഏങ്ങലടിച്ചു കരയുമ്പോള്‍
നേതാവിന്‍ ധന സരണികള്‍ നിരവധി
കടലുകള്‍ താണ്ടി ഒഴുകുന്നു .

നിങ്ങടെ ചുറ്റും ഉച്ചിഷ്ടത്തിന്‍
എല്ലു പെറുക്കാന്‍ എത്തുന്നൊര്‍,
നിങ്ങള്‍ വിതറും ചില്ലി കാശിന്
നാടിനെ ഒറ്റിക്കൊടുക്കുന്നു .

വെളുത്ത തുണികള്‍ക്കുള്ളിലെ നിങ്ങടെ
കറുത്തമനസ്സും കഴുകന്‍ കണ്ണും
വെളുത്ത ചിരികളില്‍ മറച്ചു വെക്കും
കടുത്ത വിഷവും സ്വാര്‍ത്ഥതയും .
തിരിച്ചറിഞ്ഞിട്ടുണ്ടെന്നാലും
നിശ്ശബ്ദരായ് പൊതു ജനങ്ങളിവിടെ
ശവങ്ങളായ് നിലകൊള്ളുന്നു .
ആണികളേറിയ ജനാധിപത്യം
മരക്കുരിശില്‍ പിടയുന്നു .

ഏഴു ദശാബ്ദം മുന്നൊരുരാവില്‍
വെള്ള നിറക്കാര്‍ രാജകിരീടം
കറുത്ത കൈകളിലേല്‍പ്പിച്ചപ്പോള്‍ ,
സ്വര്‍ണയുഗത്തിന്‍ കനവുകള്‍ കണ്ടെന്‍
പൂര്‍വികരെത്രയോ നീറി മരിച്ചു .
തുടുത്ത നിണവും നാടിന്‍ മജ്ജയും
ഭുജിച്ചു തീര്‍ത്തവര്‍ കറുത്ത പിശാക്കള്‍ .
കല്‍ത്തുറുങ്കില്‍ കൊട്ടിയടക്കാന്‍
അവര്‍ക്കു തൂക്കിന്‍ കയറുകള്‍ നല്‍കാന്‍
തുടിച്ചു ലക്ഷം ജനഹൃദയങ്ങള്‍.
അവരുടെ പേശിയില്‍ നിറഞ്ഞു നില്‍ക്കും
ധന കൊഴുപ്പിന്‍ ജ്വാലകളാലേ
ജനിച്ച നാടിന്‍ ചട്ടങ്ങളുടെ
ചെറുപ്പഴുതുകള്‍ കവാടമാക്കി
പുറത്തിറങ്ങി അവരെന്നാലും ,
കാലം വീശിയ ചുഴലി കാറ്റില്‍
ശൗര്യവുമുയിരും നഷ്ടപ്പെട്ടവര്‍
(ആറടി മണ്ണിന്‍ ഉടമകളായി ,)
ചുടുകാടുകളിലുറങ്ങുമ്പോള്‍ ,
ചിലരുടെ രൂപം കല്‍പ്രതിമകളായ് ,
തെരുവിന്‍ നടുവില്‍ നില്‍ക്കുന്നു .
അവരുടെ തലയും മുഖവും മേനിയും
കാക്കകള്‍ കുരുവികള്‍ കൊച്ചു മൃഗങ്ങള്‍
വൈകൃതമാക്കതു വിസര്‍ജ്ജനത്താല്‍

അധര്‍മ്മ താണ്ഡവ നൃത്തങ്ങളുടെ
അതിരുകള്‍ എല്ലാം ഭേദിക്കുമ്പോള്‍ ,
ധര്‍മ്മസ്ഥാപന ദൗത്യത്തിന്നായ്
ഉയര്‍ന്നു വരൂമൊരു ധ്വംസന ശക്തി
എന്നൊരലൗകിക സിദ്ധാന്തത്തിന്‍
ആശയില്‍ ഞാനും ജീവിക്കുന്നു.

നിര്‍വാന്‍