Saturday
18 Nov 2017

‘കൂട്ടുകൂടാന്‍ പുസ്തക ചങ്ങാതി ‘ പരിപാടിക്ക് തുടക്കമായി

By: Web Desk | Wednesday 8 November 2017 9:20 PM IST

 

തോടന്നൂര്‍ ബിആര്‍സി യുടെ ‘കൂട്ടുകൂടാന്‍ പുസ്തക ചങ്ങാതി ‘ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം ഡിവൈഎസ്പി ടി.പി.പ്രേമരാജും സംഘവും ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം

വടകര: തോടന്നൂര്‍ ബി ആര്‍ സി യുടെ ‘കൂട്ടുകൂടാന്‍ പുസ്തക ചങ്ങാതി ‘ എന്ന പരിപാടിക്ക് തുടക്കമായി. സ്‌കൂളില്‍ വരാന്‍ കഴിയാത്ത, വായിക്കാന്‍ കഴിയുന്ന, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വീടുകളില്‍ തന്നെ ലൈബ്രറി
ഒരുക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാര്‍ത്ഥിക്കും നൂറ് പുസ്തകങ്ങളും ഒരു അലമാരയും ഓരോ ഐപാഡും നല്‍കും.ഇതിനാവശ്യമായ സാമ്പത്തികസഹായം നല്‍കുന്നത് വടകര ജനമൈത്രി പോലീസും പോലീസ് അസോസിയേഷനുമാണ്.

കോഴിക്കോട് ജില്ലയിലാണ് ഈ പരിപാടി ആദ്യമായി ആവിഷ്‌കരിച്ചിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ലൈബ്രറി സൗകര്യം ഒരുക്കുന്നത് തോടന്നൂര്‍ ബി ആര്‍ സി യിലാണ്. ഇതോടൊപ്പം ‘ചങ്ങാതിക്കൂട്ടം’ എന്ന വിദ്യാര്‍ത്ഥികളുടെ സംഘവും രൂപീകരിച്ചു. കീഴില്‍ യു പി സ്‌കൂളിലെ പതിനഞ്ച് വിദ്യാര്‍ത്ഥികളാണ് ഈ സംഘത്തിലുള്ളത്. ഈ വിദ്യാര്‍ത്ഥികള്‍ ഭിന്നശേഷിക്കാരായ കുട്ടികളെ ആഴ്ചതോറും സന്ദര്‍ശിച്ച് അവര്‍ക്കാവശ്യമായ പ്രോത്സാഹനവും പിന്തുണയും നല്‍കും. പരിപാടിയുടെ ഉദ്ഘാടനം തിരുവള്ളൂര്‍ ജി എം യു പി സ്‌കൂളില്‍ വടകര ഡി വൈ എസ് പി ടി.പി.പ്രേമരാജ് നിര്‍വഹിച്ചു. പൊലീസുകാരെ പേടിക്കേണ്ടതില്ലെന്നും അവര്‍ സമൂഹത്തിന്റെ രക്ഷകരും സേവകരുമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.മോഹനന്‍ അധ്യക്ഷത വഹിച്ചു. പോലീസ് ഓഫീസര്‍മാരായ എന്‍. സനല്‍രാജ്,എം.എം.സുദര്‍ശനകുമാര്‍,മധു കുറുപ്പത്ത്, കെ.സുനില്‍കുമാര്‍,എസ് എസ് എ ജില്ലാ പ്രോഗ്രാംഓഫീസര്‍ എ.കെ.അബ്ദുള്‍ഹക്കീം,എ ഇ ഒ എ. പ്രദീപ്കുമാര്‍,ബി പി ഒ എടത്തട്ട രാധാകൃഷ്ണന്‍, എഫ്.എം.മുനീര്‍, ഡി.പ്രജീഷ്, വടയക്കണ്ടി നാരായണന്‍, എം.സി.പ്രേമചന്ദ്രന്‍,ചാലില്‍ രാമകൃഷ്ണന്‍, കെ.കെ.ബാലകൃഷ്ണന്‍,പി.ഗോപാലന്‍,ഗോപീ നാരായണന്‍, സുധാകരന്‍മേലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

കോഴിക്കോട് ജില്ലയില്‍ ആരംഭിച്ച ഈ പദ്ധതി കേരളം മുഴുവന്‍ വ്യാപിപ്പിക്കയാണ് ലക്ഷ്യം. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.