Saturday
15 Dec 2018

ഇടിമിന്നല്‍: മരണം നൂറുകവിഞ്ഞു

By: Web Desk | Monday 14 May 2018 10:43 PM IST

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത മഴയിലും ഇടിമിന്നലിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം നൂറു കവിഞ്ഞു. ഉത്തര്‍പ്രദേശില്‍ മാത്രം 42 പേരാണു മരിച്ചത്. ബംഗാളിലും ആന്ധ്രയിലും ഉത്തരാഖണ്ഡിലും ഡല്‍ഹിയിലുമാണ് മറ്റ് മരണങ്ങള്‍ നടന്നത്.
ഉത്തര്‍പ്രദേശില്‍ 24 ജില്ലകളില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ബംഗാളില്‍ ആറിടത്തും ആന്ധ്രയില്‍ മൂന്നിടത്തും ഡല്‍ഹിയില്‍ രണ്ടിടത്തും ഉത്തരാഖണ്ഡില്‍ ഒരിടത്തുമായിരുന്നു കൊടുങ്കാറ്റു വീശിയത്. ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദിവസം മുതല്‍ ശക്തമായ പൊടിക്കാറ്റും വീശി.

കേരളം, തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്.

അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപവും അറേബ്യന്‍ ഉപദ്വീപിന്‍റെ പരിസരഭാഗത്തും ന്യൂനമര്‍ദം വികാസം പ്രാപിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇത് ഇന്നുതന്നെ ശക്തി പ്രാപിച്ച് യെമന്‍ ഭാഗത്തേക്കു നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ലക്ഷദ്വീപിന്റെയും അറേബ്യന്‍ ഉപദ്വീപിന്‍റെയും ഇടയിലുള്ള ഭാഗത്തേക്കും ഇന്നുരാത്രി വരെ മത്സ്യബന്ധനം ഒഴിവാക്കണമെന്നും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം നിര്‍ദേശിച്ചു. തുടര്‍ വിശകലനത്തില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.