Wednesday
22 Nov 2017

ലോക റെക്കോർഡിലേക്ക് പറന്നിറങ്ങി 14 കാരന്‍ ഇന്ത്യന്‍ പൈലറ്റ്

By: Web Desk | Friday 8 September 2017 7:56 AM IST

പ്രത്യേക ലേഖകന്‍

ഷാര്‍ജ: കുറഞ്ഞ സമയത്തെ പരിശീലനം കൊണ്ട് തനിയെ വിമാനം പറത്തിയ ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റ് എന്ന ലോക റിക്കോഡ് മന്‍സൂര്‍ അനിസ് എന്ന ഇന്ത്യന്‍ ബാലനു സ്വന്തം.
വെറും 25 മണിക്കൂര്‍ നേരത്തെ പരിശീലനത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം കാനഡയില്‍ സെസ്‌ന 152 എന്ന ഒറ്റ എഞ്ചിന്‍ വിമാനം ഒറ്റയ്ക്കു പറത്തി ഷാര്‍ജയില്‍ ഡല്‍ഹി പബ്ലിക് സ്‌കൂളിലെ ഈ ഒന്‍പതാം ക്ലാസുകാരന്‍ റിക്കോഡിലേയ്ക്കു പറന്നിറങ്ങിയത്. 15 കാരനായ ജര്‍മ്മന്‍ ബാലനും 14 കാരനായ യു എസ് പൈലറ്റും 34 മണിക്കൂര്‍ പരിശീലനത്തിനുശേഷം വിമാനം പറത്തിയ റിക്കോഡാണ് മന്‍സൂര്‍ തകര്‍ത്തത്. മാതാവ് മുനീറയുടെ സഹോദരനായ ജറ്റ് എയര്‍വേയ്‌സിലെ പൈലറ്റായിരുന്നു മന്‍സൂറിന്റെ ഗുരു. കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച കളിവിമാനങ്ങളില്‍ നിലത്തുവച്ച് പരിശീലനത്തിന്റെ ഹരിശ്രീ കുറിക്കുകയായിരുന്നുവെന്ന് എഞ്ചിനീയറായ പിതാവ് അലി അസ്ഗര്‍ അനിസ് പറഞ്ഞു.

ദുബായിലെ എമിറേറ്റ്‌സ് എയര്‍വേയ്‌സിലോ അബുദാബിയിലെ ഇത്തിഹാദ് എയര്‍വേയ്‌സിലോ പൈലറ്റാകാന്‍ മോഹിക്കുന്ന മന്‍സൂര്‍ ഷാര്‍ജയിലെ അധ്യാപികയായ മാതാവിനൊപ്പമാണ് പരിശീലനത്തിനു കാനഡയിലെത്തിയത്. 25 മണിക്കൂറിനുള്ളിലെ പരിശീലനത്തില്‍ 96 ശതമാനം മാര്‍ക്കോടെ ഒറ്റയ്ക്കു വിമാനം പറപ്പിക്കാനുള്ള അര്‍ഹത നേടി പിന്നീട് തനിയെ 12 മിനിറ്റോളം വിമാനം പറപ്പിച്ചു.

വിഹായസിലൂടെ പറന്നുയര്‍ന്നപ്പോള്‍ ആകെ ത്രില്ലടിച്ചുവെങ്കിലും തെല്ലു മാനസിക സംഘര്‍ഷമുണ്ടായിരുന്നു വിമാനം നിലത്തിറക്കാനെന്ന് മന്‍സൂര്‍ പറയുന്നു. പക്ഷേ സ്മൂത്ത് ലാന്‍ഡിങ് കഴിഞ്ഞതോടെ ആത്മവിശ്വാസം പതിന്മടങ്ങായി.
വിദ്യാഭ്യാസം കഴിഞ്ഞാല്‍ കമേഴ്‌സ്യന്‍ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കി കൂറ്റന്‍ വിമാനങ്ങള്‍ പറത്തുന്ന പൈലറ്റാകാനുള്ള തയ്യാറെടുപ്പിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ മന്‍സൂര്‍ ഇനി ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കാഡിലും കയറിപ്പറ്റും.