Friday
19 Oct 2018

പുഷ്പകൃഷിയില്‍ ഓരോ കുടുംബവും പങ്കാളികളാകണം ;കേരള ഗവര്‍ണര്‍

By: Web Desk | Sunday 7 January 2018 7:56 PM IST

തിരുവനന്തപുരം: പുഷ്പകൃഷിയില്‍ ഓരോ കുടുംബവും പങ്കാളികളാകാന്‍ ആഹ്വാനം ചെയ്ത് കേരള ഗവര്‍ണര്‍ പി. സദാശിവം. വീടുകളില്‍ തന്നെ ജൈവപച്ചക്കറി കൃഷിയും അലങ്കാര സസ്യോദ്യാനവും ഉണ്ടാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ‘വസന്തോത്സവം 2018’ കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്ഭവനില്‍ ഇരുനൂറില്‍പ്പരം ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പങ്കു വച്ചു.

ഓര്‍ക്കിഡ് കൃഷി വ്യാപിപ്പിക്കുന്നതിലൂടെ ആഗോളവിപണിയില്‍ കേരളത്തിലെ ഓര്‍ക്കിഡുകള്‍ക്ക് വന്‍ വിപണി സാധ്യതയാണ് ലഭിക്കുന്നത്. ആഗോളവിപണി തൊണ്ണൂറ് കോടി പൂക്കളാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഒരു ശതമാനത്തിനു താഴെ മാത്രമേ നമ്മുടെ രാജ്യത്തിന് നല്‍കാന്‍ കഴിയുന്നുള്ളൂ. അതിനാല്‍ പുഷ്പകൃഷിയില്‍ ഒരോ കുടുംബവും പങ്കാളികളാകണം, ഗവര്‍ണര്‍ പറഞ്ഞു