Wednesday
19 Sep 2018

ലണ്ടന്‍ മെട്രോ സ്‌ഫോടനം- അഞ്ചാമത്തെ ആക്രമണം

By: Web Desk | Friday 15 September 2017 9:11 PM IST


ലണ്ടന്‍: ലണ്ടന്‍ മെട്രോയിലെ തുരങ്കപാതയിലെ സ്‌റ്റേഷനില്‍ രാവിലെ നടന്ന സ്‌ഫോടനത്തില്‍ 22 പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍. ആരുടേയും നില ഗുരുതരമല്ല. മുഖത്ത് പൊള്ളലേറ്റവരാണ് ചിലര്‍. രക്ഷപ്പെടാനുള്ള തിടുക്കത്തില്‍ വീണ് പരുക്കേറ്റതാണ് ഏറെപ്പേര്‍ക്കും. ഈ വര്‍ഷത്തെ അഞ്ചാമത്തെ ഭീകരാക്രമണമാണിതെന്ന് കണക്കാക്കുന്നു.
തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ് വേ സ്‌റ്റേഷനിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌റ്റേഷനിലുണ്ടായിരുന്ന മെട്രോ ട്രെയിനിന്റെ പിന്നില്‍ നിന്നും രണ്ടാമത്തെ കംപാര്‍ട്ട്‌മെന്റിലാണ് സ്‌ഫോടനമുണ്ടായത്. ഇതേത്തുടര്‍ന്ന് സര്‍വീസുകള്‍ തല്‍ക്കാലത്തേയ്ക്കു നിര്‍ത്തിവച്ചു. പ്രാദേശിക സമയം രാവിലെ എട്ടിനു ശേഷമായിരുന്നു സ്‌ഫോടനം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസും മെട്രോപൊലീറ്റന്‍ പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
സ്‌ഫോടനസ്ഥലത്തേക്ക് ആറ് ഫയര്‍ എന്‍ജിനുകളും അഗ്‌നിശമനസേനാംഗങ്ങളും എത്തിയതായി ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. ഫുല്‍ഹാം, വാന്‍ഡ്‌സ്വര്‍ത്ത്, ചെല്‍സി, ഹാമര്‍സ്മിത്ത് എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിശമനസേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
വീട്ടിലുണ്ടാക്കിയ സ്‌ഫോടകവസ്തുവാണിത്.
തീവ്രവാദി ആക്രമണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ലണ്ടന്‍ നഗരത്തില്‍ സ്‌ഫോടനമുണ്ടായേക്കുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 2005ല്‍ ട്യൂബ് ട്രയിനിലും ബസിലും ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 52പേര്‍ മരിച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റിനുവെളിയില്‍ ഒരു പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ അക്രമി വഴിയാത്രക്കാരായ എട്ടുപേര്‍ക്കു മേലേ കാര്‍കയറ്റികൊലപ്പെടുത്തിയിരുന്നു. മേയില്‍ മാ്ഞ്ചസ്റ്ററില്‍ 22പേര്‍ ആത്മഹത്യാബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ജൂണില്‍ വടക്കന്‍ പ്രവിശ്യയില്‍ മുസ്ലിം മതവിശ്വാസികളുടെ മേല്‍ വാന്‍ ഓടിച്ച് കയറ്റിയതില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏറ്റവുംകൂടുതല്‍ അറസ്റ്റ് നടന്നത് ഇക്കൊല്ലമാണ്. നിരവധി ഊര്‍ജ്ജിത പരിശോധനകളും ബന്ധപ്പെട്ടവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ബ്രിട്ടന്റെ ഉയര്‍ന്ന ഭീകരവിരുദ്ധ സ്‌ക്വാഡ്ഓഫീസര്‍ മാര്‍ക്ക് റൗളിയുടെ നേതൃത്വത്തിലാണ് നടപടികള്‍.

Related News