Tuesday
21 Aug 2018

ചരക്കുലോറി നിരോധനം; ഓണവിപണിയില്‍ വിലക്കയറ്റത്തിന് സാധ്യത

By: Web Desk | Sunday 5 August 2018 8:34 PM IST

പുനലൂര്‍: തമിഴ്‌നാട്ടില്‍ നിന്നും ആര്യങ്കാവ് വഴിയുള്ള ചരക്കുലോറികളെ നിരോധിച്ചത് ഓണവിപണികളില്‍ വിലക്കയറ്റം ഉയരുമെന്ന ആശങ്ക പടരുന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയിലെ തെന്മല എംഎസ്എല്ലില്‍ പാതയോരത്ത് വിള്ളല്‍ രൂപപ്പെട്ടതുമൂലമാണ് 10 ടണ്ണിന് മുകളില്‍ ഭാരം കയറ്റി എത്തുന്ന വാഹനങ്ങളെ നിരോധിച്ചത്. ആര്യങ്കാവ് മുതല്‍ തെന്മല വരെയുള്ള പാതയിലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും അമിതഭാരം കയറ്റി എത്തുന്ന ലോറികള്‍ നാഗര്‍കോവില്‍ വഴി ചുറ്റിവേണം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ സാധനങ്ങളുമായി എത്തേണ്ടത്. ഇത് നിത്യോപയോഗസാധനങ്ങള്‍ അടക്കമുള്ളവയുടെ വിലവര്‍ദ്ധിക്കാന്‍ കാരണമാകും. ഓണത്തിന് രണ്ടാഴ്ച ശേഷിക്കവെ ആര്യങ്കാവ്-തെന്മല പാതയില്‍ ചരക്ക് ലോറികളെ നിഷേധിച്ചതുമൂലം കേരളത്തിലെ തെക്കന്‍ ജില്ലകളിലെ വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാണ്. നിരോധനം അറിയാതെ നൂറുകണക്കിന് വാഹനങ്ങളാണ് പുളിയറ, ആര്യങ്കാവ് ചെക്ക്‌പോസ്റ്റുകളില്‍ എത്തുന്നത്. ഇതിനെ നാഗര്‍കോവില്‍ വഴി തിരിച്ചുവിടുകയാണ് ഇപ്പോള്‍. നാഗര്‍കോവില്‍ വഴി തെക്കന്‍കേരളത്തിലെ ജില്ലകളില്‍ എത്തുന്ന ലോറികള്‍ 87 കിലോമീറ്റര്‍ അധികം യാത്ര ചെയ്യണം. ഇത് ഓണവിപണികള്‍ക്ക് പുറമേ തമിഴ്‌നാടും കേരളവും തമ്മിലുള്ള വാണിജ്യബന്ധത്തെ പ്രതികൂലമായി ബാധിക്കും. തെന്മല എംഎസ്എല്ലിലെ റോഡ് നവീകരിക്കുകയും ഇതിനോട് ചേര്‍ന്ന് പുതിയ പാര്‍ശ്വഭിത്തി പണിത ശേഷമേ നിരോധനം പിന്‍വലിക്കുകയുള്ളുവെന്നും ദേശീയപാത അസി.എക്‌സി. എന്‍ജിനീയര്‍ നിഷ പറഞ്ഞു. ഇതിന് കുറഞ്ഞത് ഏഴുമാസം വേണ്ടിവരും.