Monday
19 Nov 2018

തിരകള്‍ എഴുതിയ പ്രണയം

By: Web Desk | Sunday 11 February 2018 1:46 AM IST

പ്രദീപ് ചന്ദ്രന്‍

പ്രേമം എന്നാല്‍ എന്താണ് പെണ്ണേ
അത് കരളിലെ തീയാണ് പെണ്ണേ?…
പ്രേമത്തെക്കുറിച്ചുള്ള സങ്കല്പം ഇങ്ങനെ. അറുപതുകളിലും എഴുപതുകളിലും മലയാളിയുടെ മനസ്സില്‍ പ്രണയം പൂത്തിറങ്ങിയത് ചലച്ചിത്രങ്ങളിലൂടെയായിരുന്നു. ‘അനാര്‍ക്കലി’യും ‘ചെമ്മീനും’ അനശ്വരപ്രണയത്തെ അഭ്രപാളിയില്‍ ആവിഷ്‌ക്കരിച്ചു. സാമൂഹ്യ-സാമുദായിക വ്യവസ്ഥിതികളെ എതിര്‍ത്തുതോല്‍പ്പിക്കാനാവാത്ത, കീഴടങ്ങലിന്റെ ഭാഷ്യമായിരുന്നെങ്കിലും കാലമെത്ര കഴിഞ്ഞിട്ടും മലയാളി അവയെ ഇപ്പോഴും നെഞ്ചിലേറ്റുന്നു. ‘മദനോത്സവ’വും ‘ചട്ടക്കാരി’യും ‘യാത്ര’യുമെല്ലാം ആ ശ്രേണിയില്‍ ഇടം കണ്ട ചിത്രങ്ങള്‍.
തീവ്രപ്രണയത്തിന്റെ അനശ്വര മുഹൂര്‍ത്തങ്ങള്‍ പകര്‍ന്ന നിരവധി സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും ഒരു അന്യഭാഷാചിത്രം മൊഴിമാറ്റം നടത്തി ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച കഥയാണ് ‘തിരകള്‍ എഴുതിയ കവിത’യുടേത്.

അനശ്വരപ്രതിഭയായിരുന്ന കെ ബാലചന്ദര്‍ അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ ഒറിജിനല്‍ തെലുങ്കിലെ ‘മാറോ ചരിത്ര’ ആയിരുന്നു. ‘ഏക് ദുജേ കേലിയേ’ എന്ന പേരില്‍ ഹിന്ദിയിലും റീമേക്ക് ചെയ്തു. ദക്ഷിണേന്ത്യയിലും ബോളിവുഡിലും ചിത്രം ചരിത്രം സൃഷ്ടിച്ചു.
തെലുങ്കിലാണ് ചിത്രം ആദ്യം പുറത്തിറങ്ങുന്നത്. 1978ലായിരുന്നു ‘മാറോ ചരിത്ര’ റിലീസ് ചെയ്തത്. മറ്റൊരു ചരിത്രം എന്ന് ഇതിന്റെ മലയാളം. തമിഴ്‌യുവാവും തെലുങ്ക് യുവതിയും തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം. കാമുകന് കാമുകിയുടേതും മറിച്ചും മാതൃഭാഷ അറിയില്ലെങ്കിലും ഇവര്‍ മനസ് പങ്കിട്ടു. പ്രണയം വീട്ടിലറിഞ്ഞതോടെ പ്രശ്‌നമായി. ഇവരെ വേര്‍പിരിക്കുക അസാധ്യമെന്നറിഞ്ഞതോടെ വീട്ടുകാര്‍ ഉപാധി വയ്ക്കുന്നു. ഒരുവര്‍ഷം രണ്ടുപേരും പിരിഞ്ഞിരിക്കുക. പിന്നീട് പ്രണയം തുടര്‍ന്നാല്‍ വിവാഹം നടത്തിക്കൊടുക്കാമെന്നായി. ഈ ഒരുവര്‍ഷം പരസ്പരം കണ്ടുമുട്ടുകയോ കത്തുകളിലൂടെ ബന്ധപ്പെടുകയോ അരുത്. നായകനായ ബാലു ഹൈദരാബാദിലേക്ക് പോയി. അവിടെ തെലുങ്ക് പഠിക്കാന്‍ വിധവയായ അധ്യാപികയുടെ അടുത്തെത്തുന്നു. പ്രേമത്തെക്കുറിച്ചെല്ലാം അവരോട് തുറന്നുപറഞ്ഞു. നായികയായ സ്വന്ധ്യയുടെ അമ്മ കുടുംബസുഹൃത്തിന്റെ മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. സന്ധ്യയെ ബാലുവില്‍ നിന്നകറ്റുകയായിരുന്നു ലക്ഷ്യം. ഹൈദരാബാദിലുള്ള ബാലുവിനെ ഇയാള്‍ കണ്ടപ്പോള്‍ വിവാഹത്തിന് സന്ധ്യ സമ്മതിച്ചതായി കളവ് പറയുന്നു. ഇത് ബാലുവിന് സഹിക്കാനായില്ല. അധ്യാപികയുമായി ബാലു കൂടുതല്‍ അടുക്കുന്നു. ബാലുവിന്റെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്ന അധ്യാപിക സന്ധ്യയുടെ അടുത്തെത്തി കാര്യങ്ങള്‍ തിരക്കുമ്പോഴാണ് ബാലുവില്‍ അവളിപ്പോഴും അനുരക്തയാണെന്ന കാര്യം വെളിപ്പെടുന്നത്. ഒരുവര്‍ഷത്തിന് ശേഷം ബാലു വീട്ടില്‍ തിരികെ എത്തുന്നു. സന്തോഷത്തോടെ സന്ധ്യയെ കാണാന്‍ പോകുന്ന ബാലുവിന്റെ വഴിമുടക്കി ഗുണ്ടകളെത്തുന്നു. തെറ്റിദ്ധാരണ മൂലം അധ്യാപികയുടെ സഹോദരന്‍ ഏര്‍പ്പാടാക്കിയതായിരുന്നു അവരെ. ബാലുവിനെ അവര്‍ മൃതപ്രായനാക്കുന്നു. വിഘ്‌നങ്ങളെല്ലാമകന്ന സന്തോഷത്താല്‍ ക്ഷേത്രത്തിലേക്ക് പോയ സന്ധ്യ ഒരുയുവാവിനാല്‍ ബലാല്‍സംഗത്തിനിരയാകുന്നു. കമിതാക്കള്‍ സ്ഥിരമായി കണ്ടുമുട്ടുന്ന കടല്‍ത്തീരത്തെത്തിയ ഇരുവരും പാറയുടെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കുന്നതോടെ ചിത്രം പൂര്‍ണ്ണമാകുന്നു.
ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അധ്യാപകയുടെ റോള്‍ കൈകാര്യം ചെയ്തത് നടി മാധവിയായിരുന്നു. ‘മാറോ ചരിത്ര’യിലും ഈ റോള്‍ മാധവിക്ക് തന്നെയായിരുന്നു. ബാലുവിനെ അനശ്വരമാക്കിയത് നടന്‍ കമലാഹാസനും. ‘മാറോ ചരിത്ര’യിലെ ഗാനങ്ങളൊരുക്കിയത് ഇളയരാജയും എം എസ് വിശ്വനാഥനും ചേര്‍ന്ന്. മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത തിരകളെഴുതിയ കവിതയിലെ ഗാനങ്ങള്‍ ഒരുക്കിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു. ഹിന്ദിയില്‍ ലക്ഷ്മികാന്ത് പ്യാരേലാലാണ് സംഗീതം പകര്‍ന്നത്.
തെലുങ്കിലെ വമ്പന്‍ വിജയത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചു. മലയാളത്തിലേക്കും മൊഴിമാറ്റം നടത്തി. 1979ലെ സതേണ്‍ ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച സംവിധായകനായി കെ ബാലചന്ദറിനെ തെരഞ്ഞെടുത്തു. 2013ല്‍ സിഎന്‍എന്‍-ഐബിഎന്‍ പുറത്തിറക്കിയ മികച്ച നൂറ് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ‘മാറോ ചരിത്ര’യും ‘ഏക് ദുജേ കേലിയേ’യും ഇടം നേടി.
ബാലചന്ദര്‍ സംവിധാനം ചെയ്ത ‘അന്തുലേനി കഥ’ എന്ന ചിത്രത്തിലൂടെയായിരുന്നു കമല്‍ഹാസന്റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം. ഇതില്‍ ഉപനായകവേഷമായിരുന്നു. അതിനുശേഷം കമലിന്റെ തമിഴ്ചിത്രം ‘മന്‍മഥലീല’ തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തി റിലീസ് ചെയ്തു. രണ്ടും വന്‍വിജയമായി. ഇതോടെ തെലുങ്ക് നിര്‍മ്മാതാക്കള്‍ കമല്‍ഹാസന്റെ കാള്‍ഷീറ്റിനായി തിരക്ക് കൂട്ടി. എന്നാല്‍ ബാലചന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകവേഷം കയ്യാളി തെലുങ്കില്‍ താരപദവി ഉറപ്പിക്കാനായിരുന്നു കമല്‍ഹാസന്റെ ആഗ്രഹം. അങ്ങനെയാണ് ‘മാറോ ചരിത്ര’യുടെ തിരക്കഥ ബാലചന്ദര്‍ തയ്യാറാക്കുന്നത്.
രണ്ട് സാമൂഹ്യപശ്ചാത്തലത്തില്‍ നിന്നുള്ളവരുടെ പ്രണയമായിരുന്നു തീം എന്നതിനാല്‍ നായികയായി പുതുമുഖം വേണമെന്ന് ബാലചന്ദറിന് നിര്‍ബന്ധമായിരുന്നു. 162 പെണ്‍കുട്ടികളെ ഓഡിഷന്‍ ചെയ്‌തെങ്കിലും സംവിധായകന് തൃപ്തിയായില്ല. അങ്ങനെയാണ് പത്താംക്ലാസുകാരിയായ അഭിലാഷ എന്ന പെണ്‍കുട്ടി ബാലചന്ദറിന്റെ മുന്നിലെത്തുന്നത്. വിടര്‍ന്ന കണ്ണുകളും കറുപ്പ് നിറവുമുള്ള അഭിലാഷയെ ‘മാറോ ചരിത്ര’യിലെ നായികയായി തെരഞ്ഞെടുത്തു. പുതിയൊരു പേരും ബാലചന്ദര്‍ നടിക്ക് നല്‍കി. അങ്ങനെയാണ് ഇന്ത്യന്‍ സിനിമയില്‍ സരിതയുടെ താരോദയം.

തടിച്ചിയായ കറുത്ത പെണ്ണിനെ പ്രൊഡക്ഷന്‍ യൂണിറ്റിലുള്ളവര്‍ക്ക് ഒട്ടും ബോധിച്ചില്ല. വിശാഖപട്ടണമായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. കളര്‍ചിത്രങ്ങളുടെ കാലമായിട്ടുപോലും ബ്ലാക്ക് ആന്റ് വൈറ്റിലാണ് ‘മാറോ ചരിത്ര’ ഷൂട്ട് ചെയ്തത്.
1978 മേയ് ഒമ്പതിന് ചിത്രം റിലീസ് ചെയ്തു. ആദ്യആഴ്ച ഒട്ടും തിരക്കുണ്ടായിരുന്നില്ല. കറുത്ത പെണ്ണ് നായികാവേഷം കയ്യാളിയത് മൂലമാണെന്ന് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ കെ ബാലചന്ദറിന് ഒട്ടും കുലുക്കമുണ്ടായിരുന്നില്ല. രണ്ടാമത്തെ ആഴ്ചയായതോടെ തീയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ ഇരമ്പിയെത്തി. ആന്ധ്രാപ്രദേശില്‍ 450 ദിവസം ചിത്രം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചു. തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലുമെല്ലാം ചിത്രം വന്‍ഹിറ്റായിരുന്നു. ചെന്നൈയിലെ സഫയര്‍ തീയേറ്ററില്‍ 596 ദിവസം പ്രദര്‍ശിപ്പിച്ച് ചരിത്രം സൃഷ്ടിച്ചു. 1981ലാണ് ‘ഏക് ദുജേ കേലിയേ’ എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. ഇതില്‍ രതി അഗ്നിഹോത്രിയായിരുന്നു നായിക.

കമല്‍ഹാസന് പുറമേ എസ് പി ബാലസുബ്രഹ്മണ്യവും ഹിന്ദിയിലേക്ക് കടക്കുന്നത് ‘ഏക് ദുജേ കേലിയേ’യിലൂടെയാണ്. ഈ ചിത്രത്തിനുവേണ്ടി എസ് പി പാടിയ ഗാനങ്ങളെല്ലാം ഹിന്ദിഗാനാസ്വാദകര്‍ക്ക് ഇന്നും പ്രിയങ്കരമാണ്.
ഇരുവര്‍ക്കും അന്യോന്യം ഭാഷ അറിയില്ലെങ്കിലും പ്രണയം കൈമാറാന്‍ നിരവധി ഉപാധികള്‍ ഉണ്ടായിരുന്നു. പുസ്തകങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചും തുണികള്‍ അലക്കുമ്പോഴുണ്ടാകുന്ന ശബ്ദവുമെല്ലാം പ്രണയം കൈമാറാന്‍ ഉപയോഗിച്ചു. രാത്രിയില്‍ ബെഡ്‌റൂമിലെ ലൈറ്റുകള്‍ കത്തിച്ചും അണച്ചും അവര്‍ സ്‌നേഹം കൈമാറി. ഒരുവര്‍ഷം പരസ്പരം കാണാതിരുന്നാലും തങ്ങളുടെ പ്രണയത്തിന്റെ ശക്തി ഒട്ടും കുറയില്ലെന്ന് അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നു. ചിത്രത്തിന് ശുഭപരിസമാപ്തിയാണ് എല്ലാവരും ആഗ്രഹിച്ചതെങ്കിലും ബാലചന്ദര്‍ മറിച്ചാണ് ചിന്തിച്ചത്. ക്രൂരമായ മര്‍ദ്ദനത്തിനും മാനഭംഗത്തിനും ഇരയായ നായികനായകന്മാര്‍ കടലിലേക്ക് ചാടി മരണത്തെ പുല്‍കുമ്പോള്‍ പരസ്പരം കാണാതിരുന്ന ഒരുവര്‍ഷം ഇരുവരും എഴുതി സൂക്ഷിച്ചിരുന്ന പ്രണയക്കുറിപ്പുകള്‍ തിരകളില്‍ ചാഞ്ചാടുന്ന കാഴ്ച ഏവരുടേയും ഉള്ളുലയ്ക്കും. കാമുകന്റെ ചിത്രം സന്ധ്യയുടെ മാതാവ് കത്തിച്ച് ചാമ്പലാക്കുന്ന രംഗമുണ്ടിതില്‍. തങ്ങളുടെ പ്രണയത്തെ ഒരു ശക്തിക്കും അകറ്റാനാകില്ലെന്ന ദൃഢനിശ്ചയത്തില്‍ കരിഞ്ഞ ചാരം കാപ്പിയില്‍ കലക്കിക്കുടിക്കുന്ന ഒറ്റ സീന്‍ മതി സരിതയുടെ അഭിനയചാരുത വെളിവാക്കാന്‍. ഈ സീന്‍ കാണാന്‍ വേണ്ടി മാത്രം യുവതിയുവാക്കള്‍ തീയേറ്ററില്‍ ഇടിച്ചുകയറി. സരിതയുടെ ആദ്യചിത്രമാണിതെന്ന് വിശ്വസിക്കാന്‍ പോലും ആകാത്ത രീതിയിലായിരുന്നു അഭിനയപാടവം. ബാലുവുമായി അടുക്കുന്ന വിധവയായി മാധവിയും ഇരുത്തം വന്ന അഭിനയശൈലി കാഴ്ചവച്ചു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായി കമല്‍ഹാസന്‍ മാറുന്നത് ഈ ചിത്രത്തിലൂടെയാണ്.


പ്രണയത്തെ ഇത്രയും മനോഹരമായി ആവിഷ്‌ക്കരിച്ചിട്ടുള്ള ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വിരലിലെണ്ണാവുന്നതാണ്. ചിത്രത്തിലെ പാട്ടുകള്‍ പോലും മൊഴി മാറ്റിയത് ഏകതാനതയിലാണ്. ‘ഏക് ദുജേ കേലിയേ’യില്‍ ഹിന്ദി അറിയാത്ത നായകന്‍ ഹിന്ദി ചിത്രങ്ങളുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്ത് പാടുന്ന പാട്ടാണ് ‘മേരേ ജീവന്‍ സാഥി… പ്യാര്‍ കിയേ ജാന്‍… ജവാനി ദിവാനി… ഖൂബ് സൂരത്ത്… സിദ്ധി പഡോസന്‍… സത്യം ശിവം സുന്ദരം…’ എന്നത്. ഇവയെല്ലാം തന്നെ ഹിന്ദിസിനിമയിലെ ഹിറ്റ് ചിത്രങ്ങളുടെ പേരാണ്. മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ‘തിരകളെഴുതിയ കവിത’യില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ഇതിന്റെ ചുവട് പിടിച്ചുതന്നെയാണ് രചന നിര്‍വ്വഹിച്ചത്. മലയാളമറിയാത്ത നായകന്‍ ഇങ്ങനെ പാടുന്നു. ‘ഹലോ ഡാര്‍ലിംഗ്… നീ എന്റെ ലഹരി… ഇത് കാത്തിരുന്ന നിമിഷം… ലൗവ് ഇന്‍ കേരള… ആത്മസഖി നീ… ജ്ഞാനസുന്ദരി… ദേവസുന്ദരി…’ ഇവയെല്ലാം തന്നെ മലയാളത്തിലെ പ്രമുഖചിത്രങ്ങളുടെ പേരുകളാണ്. ‘അറിയാത്ത പുഷ്പവും അകലത്തെ പൂന്തേനും ഒരുമിക്കും ബന്ധത്തിന്‍ പേരെന്താണ്’ എന്ന ഗാനവും മലയാളി പ്രേക്ഷകരുടെ ചുണ്ടില്‍ തത്തിക്കളിച്ചു. ‘ഏക് ദുജേ കേലിയേ’യില്‍ ‘തേരേ മേരേ ബീച്ച്‌മേം കൈസാ ഹേ യേ ബന്ധന്‍ അഞ്ജാനാ – മേനേ നഹീ ജാനാ’ എന്ന പാട്ടും ഇതിന്റെ ചുവട് പിടിച്ചായിരുന്നു. ഈ പാട്ടുകളെല്ലാം ഇപ്പോഴും സംഗീതപ്രേമികളുടെ ഹരം. ഹിന്ദിയില്‍ എസ് പി ബാലസുബ്രഹ്മണ്യത്തിനൊപ്പം ലതാമങ്കേഷ്‌കര്‍, അനുരാധാ പദ്‌വാള്‍, അനൂപ് ജലോട്ട എന്നിവരാണ് ഗാനങ്ങളാലപിച്ചത്. മലയാളത്തില്‍ എസ്പിക്ക് പുറമേ പി ജയചന്ദ്രന്‍, എസ് ജാനകി, എല്‍ ആര്‍ ഈശ്വരി എന്നിവരായിരുന്നു ഗായകര്‍.