Thursday
18 Oct 2018

സബ്‌സിഡിയുടെ രാഷ്ട്രീയം

By: Web Desk | Thursday 3 August 2017 1:14 AM IST

sreeeni

കെകെ ശ്രീനിവാസൻ

അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ സബ്‌സിഡിയുടെ ആനുകൂല്യം നല്‍കൂ എന്നതിന്റെ പേരില്‍ അര്‍ഹതപ്പെട്ടവരുടെ എണ്ണം എങ്ങനെ പരമാവധി കുറയ്ക്കാമെന്നുള്ള ഗവേഷണത്തിലാണ് വിപണി സമ്പദ്‌വ്യവസ്ഥയുടെ മൗലികവാദികളായ മോഡി സര്‍ക്കാര്‍.
തൊഴില്‍സുരക്ഷയും ജീവിത നിലവാരത്തിനനുസൃതമായ കൂലിഘടനയും കുറഞ്ഞ ചെലവിലുള്ള ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്താതെയുളള ഇന്നത്തെ തൊഴില്‍ അന്തരീക്ഷത്തില്‍ അര്‍ഹതയുടെ മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്ന രീതി അശാസ്ത്രീയമാണ്

മ്പദ്‌വ്യവസ്ഥയെ സബ്‌സിഡി ബാധ്യതാവിമുക്തമാക്കുക. ഈ ദിശയില്‍ സാമ്പത്തികശാസ്ത്രം മെനഞ്ഞെടുക്കുന്നതിന്റെ വേഗത കൂട്ടുന്ന തിരക്കിലാണ് മോഡിയും അദ്ദേഹത്തിന്റെ സാമ്പത്തികശാസ്ത്ര വിദഗ്ധരും. സബ്‌സിഡികളില്ലാതാക്കി സമ്പദ്‌വ്യവസ്ഥയ്ക്ക് പുതുജീവന്‍ പ്രദാനം ചെയ്യുകയാണത്രെ ഇതിന് പിന്നില്‍.
മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ ഒന്നും രണ്ടും സര്‍ക്കാരുകളാണ് സബ്‌സിഡി സമ്പദ്‌വ്യവസ്ഥ കടുത്ത ബാധ്യത സൃഷ്ടിക്കുന്നുവെന്ന സാമ്പത്തികശാസ്ത്രത്തിന്റെ പ്രയോക്താക്കളായത്. ആഗോള-ഉദാരവല്‍കൃത സാമ്പത്തികക്രമത്തില്‍ വിപണി സമ്പദ്‌വ്യവസ്ഥയുടെ പ്രചാരകരായി യുപിഎ സര്‍ക്കാര്‍ മാറിയതോടെയാണ് സബ്‌സിഡിയെപ്രതിയുള്ള നിഷേധാത്മക കണ്ടെത്തലുകളും വിലയിരുത്തലുകളും ശക്തിയാര്‍ജിക്കുന്നത്. 2014ല്‍ അധികാരത്തിലേറിയ മോഡി സര്‍ക്കാരാകട്ടെ വിപണി സമ്പദ്‌വ്യവസ്ഥയുടെ മൗലികവാദികളായി. വിപണി മൗലികവാദ സാമ്പത്തിക ശാസ്ത്രത്തില്‍ സബ്‌സിഡിയെന്നത് കൊടുംപാതകമാണ്. ഇത്തരമൊരു സ്ഥിതിവിശേഷത്തിലാണ് സബ്‌സിഡികള്‍ക്ക് അന്ത്യം കുറിക്കുവാന്‍ മോഡി സര്‍ക്കാര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം അന്ത്യത്തോടെ രാജ്യത്ത് പാചകവാതകത്തിന് നല്‍കിവരുന്ന സബ്‌സിഡി പൂര്‍ണമായും അവസാനിപ്പിക്കാനുള്ള നീക്കം ശക്തമായിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം പ്രതിമാസം നാല് രൂപ വീതം വര്‍ധിപ്പിക്കുവാനുള്ള അനുമതി ഓയില്‍ കമ്പനികള്‍ക്ക് നല്‍കി. പക്ഷേ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിന്റെ പശ്ചാത്തലത്തില്‍ ഇതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നാക്കം പോകാന്‍ നിര്‍ബന്ധിതമായി. ഇത് പക്ഷേ താല്‍ക്കാലികം മാത്രമായിരിക്കും. സബ്‌സിഡിയെ കൊടുംപാതകമായി കാണുന്നവര്‍ക്ക് സബ്‌സിഡി ആത്യന്തികമായി നിര്‍ത്തലാക്കുന്ന സാമ്പത്തികശാസ്ത്ര ദൗത്യത്തില്‍ നിന്ന് പിന്തിരിയാനാകില്ല.
2014 ജൂലൈയില്‍ അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളര്‍ ആയിരുന്നു. 2016 ജനുവരിയില്‍ ഇത് 26 ഡോളറായി കുറഞ്ഞു. 15 മാസത്തിനുള്ളില്‍ 75 ശതമാനം കുറവ്. കഴിഞ്ഞ പതിറ്റാണ്ടില്‍ ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില താഴോട്ടാണ്. എന്നാല്‍ അതിന്റെ ഗുണഫലം ഇന്ത്യന്‍ പെട്രോള്‍, ഡീസല്‍, പ്രകൃതിവാതക വിലയില്‍ പ്രതിഫലിക്കപ്പെട്ടതേയില്ല.

gass
15ലധികം നികുതികളെ ഏകോപിപ്പിച്ച് രാജ്യം ഇപ്പോള്‍ ജിഎസ്ടി നികുതിഘടനയിലാണ.് ഇതനുസരിച്ച് പരമാവധി 28 ശതമാനമായി നികുതി നിജപ്പെടുത്തിയിട്ടുണ്ട.് 2014-2016 കാലയളവില്‍ പെട്രോളിന് 34 ഉം ഡീസലിന് 140 ശതമാനവും എക്‌സൈസ് തീരുവ കൂട്ടി. ഇതിനു പുറമേ സംസ്ഥാനങ്ങളുടെ വക വാറ്റും. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വന്‍ പരിഷ്‌കാരമെന്ന് കൊട്ടിഘോഷിച്ച് ജിഎസ്ടി ഉദ്ഘാടനം ചെയ്യപ്പെട്ടത് പാതിരാത്രിയില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍. പാതിരാത്രിയിലെ ഈ നികുതി പരിഷ്‌കാരം എന്തുകൊണ്ട് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ബാധകമാക്കിയില്ല എന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല.
രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ സാമ്പത്തികഭദ്രതയെ സമ്മര്‍ദത്തിലാക്കരുതെന്നതിന്റെ പേരിലാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള സ്വതന്ത്ര അധികാരം ഓയില്‍ക്കമ്പനികള്‍ക്ക് കൈമാറിയത്. ഇന്ത്യയുടെ പെട്രോളിയം വിപണി വിഹിതം 88 ശതമാനവും പൊതുമേഖലാ ഓയില്‍ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയ്ക്കായിരുന്നു. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രി ഈ മേഖലയിലേയ്ക്ക് പ്രവേശിച്ചിട്ട് ഏറെക്കാലമായിട്ടില്ല. ഓയില്‍ കമ്പനി റാങ്കിങ്ങില്‍ റിലയന്‍സ് പക്ഷേ ഇന്ന് രണ്ടാം സ്ഥാനത്താണ്. ഐഒസി ഒന്നാം സ്ഥാനത്ത് തുടരുന്നത് ആശ്വാസം. ഭാരത് പെട്രോളിയത്തേയും ഹിന്ദുസ്ഥാന്‍ പെട്രോളിയേത്തയും മറികടന്നാണ് റിലയന്‍സിന്റെ തേരോട്ടം. വളര്‍ച്ചയുടെ ഗതിവേഗം വിലയിരുത്തുമ്പോള്‍ ഐഒസിയെ റിലയന്‍സ് മറികടന്ന് ഒന്നാം റാങ്കില്‍ എത്തിയാലും അതിശയിക്കാനില്ല. ഗുജറാത്തിലെ ജാംനഗര്‍ ഓയില്‍ കമ്പനിയുടെയും കൃഷ്ണ-ഗോദാവരി പര്യവേഷണത്തിന്റെയും പിന്‍ബലത്തില്‍ ഇന്ത്യയുടെ ഓയില്‍ വ്യവസായത്തില്‍ റിലയന്‍സിനെ വളര്‍ത്തിക്കൊണ്ടുവന്നവര്‍ തന്നെ അവരെ വന്‍ ലാഭത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്. ഇവിടെയാണ് സബ്‌സിഡി നിഷേധിച്ചുകൊണ്ടുള്ള ഓയില്‍ സാമ്പത്തിക ശാസ്ത്രം ശക്തിപ്പെടുന്നത്. ബ്രിട്ടീഷ് ബഹുരാഷ്ട്ര ഓയില്‍ കമ്പനിയായ കെയറിന്‍ ഇന്ത്യയ്ക്കും റൂയിയ ഗ്രൂപ്പിന്റെ എസ്ആര്‍ ഓയിലിനും എണ്ണ ഉല്‍പാദകവിതരണത്തിലെ സുസ്ഥിര വളര്‍ച്ചാ ഗ്രാഫ് നിലനിര്‍ത്തിക്കൊടുക്കേണ്ടതും വിപണി മൗലികവാദികളായ മോഡി സര്‍ക്കാരിന്റെ ഉത്തരവാദിത്തമായിരിക്കുന്നു.
2017-2018 സാമ്പത്തികവര്‍ഷത്തില്‍ ഭക്ഷ്യ-പെട്രോളിയം-വളം മേഖലകള്‍ക്ക് 2,40,338.6 കോടി സബ്‌സിഡിയാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സമ്പദ്‌വ്യവസ്ഥയെ സബ്‌സിഡി ബാധ്യതയില്‍ നിന്നും വിമുക്തമാക്കാനുള്ള സാമ്പത്തികശാസ്ത്രം മെനയുന്നവര്‍ രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികളുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതില്‍ തെല്ലും ഉല്‍ക്കണ്ഠപ്പെടുന്നില്ല. 2017 ഫെബ്രുവരി വരെ കിട്ടാക്കടം 2,61,843 കോടി രൂപയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 135 ശതമാനം വര്‍ധന.
2016 മാര്‍ച്ച് വരെ 85.24 ലക്ഷം പേര്‍ സബ്‌സിഡി ഗ്യാസ്‌സിലിണ്ടര്‍ ഉപേക്ഷിച്ചു. ഇതിലൂടെ 956 കോടി സര്‍ക്കാരിന് മിച്ചം. 10 ലക്ഷം വരുമാനത്തിന് മുകളിലുള്ളവര്‍ക്ക് 2015 ജനുവരിയോടെ സബ്‌സിഡി സിലിണ്ടര്‍ ഇല്ലാതായി. ഇതിലൂടെ സര്‍ക്കാരിലേയ്‌ക്കെത്തിയത് 113 കോടി രൂപ. സബ്‌സിഡി സിലിണ്ടര്‍ ഉപയോക്താക്കളുടെ എണ്ണം കുറയുന്നതിലൂടെ ലഭ്യമാകുന്ന വരുമാനം രാജ്യത്തെ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സബ്‌സിഡി നിരക്കില്‍ സിലിണ്ടറുകള്‍ നല്‍കുന്നതിന് വിനിയോഗിക്കുമെന്നാണ് സര്‍ക്കാര്‍പ്രചരണം. എന്നാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ സബ്‌സിഡിയുടെ ആനുകൂല്യം നല്‍കൂ എന്നതിന്റെ പേരില്‍ അര്‍ഹതപ്പെട്ടവരുടെ എണ്ണം എങ്ങനെ പരമാവധി കുറയ്ക്കാമെന്നുള്ള ഗവേഷണത്തിലാണ് സര്‍ക്കാര്‍.
തൊഴില്‍സുരക്ഷയും ജീവിത നിലവാരത്തിനനുസൃതമായ കൂലിഘടനയും കുറഞ്ഞ ചെലവിലുള്ള ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്താതെയുളള ഇന്നത്തെ തൊഴില്‍ അന്തരീക്ഷത്തില്‍ അര്‍ഹതയുടെ മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്ന രീതി അശാസ്ത്രീയമാണ്. തൊഴില്‍ സുരക്ഷയില്ലാത്ത അസംഘടിത വിഭാഗങ്ങള്‍ ഏറെയുള്ളപ്പോള്‍ മുന്‍ഗണനാക്രമം നിശ്ചയിച്ച് സാധാരണക്കാരെ ആനുകൂല്യങ്ങളുടെ സാമൂഹ്യസുരക്ഷാവലയങ്ങളില്‍ നിന്ന് പുറത്താക്കുകയാണ്. ഈ സാമ്പത്തികശാസ്ത്രം പുനഃപരിശോധിക്കപ്പെടണം.
കോര്‍പ്പറേറ്റ് താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി തുച്ഛമായ വിലയ്ക്ക് ഭൂമി ഏറ്റെടുത്ത് നല്‍കുന്നു. പ്രതേ്യക സാമ്പത്തിക മേഖലയില്‍ കോടികള്‍ മുടക്കി സര്‍ക്കാര്‍ ചെലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നു. വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്ക് തുച്ഛമായ വില, നിശ്ചിത കാലയളവ് വരെ നികുതിയിളവ്, കോടികള്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍, തുച്ഛമായ കൂലിക്ക് തൊഴിലെടുപ്പിക്കാനുള്ള മാനവ വിഭവശേഷി ശേഖരം തുടങ്ങിയവ നൈപുണ്യ പരിശീലനം വഴി സര്‍ക്കാര്‍ ചെലവില്‍ വാര്‍ത്തെടുത്ത് നല്‍കുന്നു. ഇത്തരം സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുത്ത് കോര്‍പ്പറേറ്റ് മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ ആര്‍ഭാടം കാണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് വഴിമരുന്നിടാവുന്ന സബ്‌സിഡികള്‍ ഒഴിവാക്കണമെന്ന സാമ്പത്തിക ശാസ്ത്ര ശാഠ്യത്തിലാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ കടുത്ത വെല്ലുവിളിയാണിത്.
ഇന്ത്യയിലെ 31 ശതമാനം ജനങ്ങള്‍, പ്രതേ്യകിച്ച് ഗ്രാമീണര്‍, രാത്രികാലങ്ങളില്‍ വെട്ടം കാണുന്നത് മണ്ണെണ്ണ വിളക്കിന്ന് മണ്ണെണ്ണയടക്കമുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്‌സിഡി എടുത്തുകളയുന്ന സാമ്പത്തികശാസ്ത്രജ്ഞന്‍മാര്‍ക്ക് അറിയാതിരിക്കില്ല. ഇന്ത്യയില്‍ അഞ്ചില്‍ മൂന്നു പേരുടെ ദിവസ വരുമാനം കേവലം രണ്ട് ഡോളറിന് താഴെ മാത്രം. വൈദ്യുതി, ഭക്ഷണം, ആരോഗ്യപരിരക്ഷ തുടങ്ങിയവയ്‌ക്കെല്ലാം ഈ തുച്ഛവരുമാനത്തില്‍ നിന്ന് വേണം കണ്ടെത്താന്‍. ഇതില്‍ നിന്നുതന്നെ കൈക്കൂലിയും കൊടുക്കണം. ഇന്ത്യയില്‍ വര്‍ഷത്തില്‍ 1200 കോടി ഡോളര്‍ കൈക്കൂലി ഇനത്തില്‍ സാധാരണക്കാര്‍ ചിലവഴിക്കുന്നുണ്ടെന്ന കണക്ക് ഇതോടൊപ്പം ചേര്‍ത്തുവായിക്കുക. അര്‍ബന്‍ മേഖലയില്‍ ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവരുടെ പ്രതിദിന വരുമാനം 32 രൂപയും ഗ്രാമീണ മേഖലയില്‍ ഇത് 26 രൂപയുമാണ്. ഇത്രയും വരുമാനംകൊണ്ട് ഒരു വ്യക്തിക്ക് ജീവിതം തള്ളിനീക്കാമെന്നാണ് നമ്മുടെ സാമ്പത്തിക വിദഗ്ധരുടെ കണ്ടെത്തല്‍. ഇത്തരം ജനവിരുദ്ധ സബ്‌സിഡി രാഷ്ട്രീയം പാവപ്പെട്ട ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്.