Sunday
22 Oct 2017

പിസിയുടെവിരട്ടൽ ഇങ്ങോട്ട് വേണ്ട; ജോസഫൈന്‍

By: Web Desk | Sunday 13 August 2017 7:21 PM IST

പിസി ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്ന് അധ്യക്ഷ എംസി ജോസഫൈന്‍. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയതിന് സ്വമേധയാ കേസെടുത്തതിനെ പരിഹസിച്ചതിനുള്ള മറുപടിയായാണ് പ്രതികരണം. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വനിത കമ്മീഷൻ പ്രവർത്തിക്കുന്നത്. ആരെയും ശിക്ഷിക്കുകയോ തൂക്കികൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് നീതി നിഷേധമുണ്ടായാലും ഇടപെടും.

ജനപ്രതിനിധിയായ പിസി ജോര്‍ജും നിയമം പാലിക്കാന്‍ ബാധ്യസ്ഥനാണ്. പിസി ജോര്‍ജിന്റെ പരാമര്‍ശം പദവി മറന്നുളളതാണ്.വിരട്ടല്‍ വിലപ്പോവില്ല, ആ മനോഭാവം ആര്‍ക്കും ഭൂഷണമല്ല. ജനപ്രതിനിധികള്‍ നിയമസംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂറു പുലര്‍ത്തേണ്ടവരാണ്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്.പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കമ്മീഷന് നല്‍കിയിട്ടുളള അധികാരം ഏട്ടില്‍ ഉറങ്ങാനുളളതല്ലെന്ന് ബോധ്യപെടുന്ന കാലമാണ് വരുന്നതെന്നും ജോസഫൈന്‍ പറഞ്ഞു.
കമ്മീഷന്റെ അധികാരം എല്ലാർക്കും ബോധ്യമാകുമെന്നും ജോർജിന്റെ സൗകര്യം കൂടി കണക്കിലെടുത്ത് മൊഴി എടുക്കുമെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.കമ്മീഷൻ വിളിച്ചാലും സൗകര്യമുണ്ടങ്കിൽ മൊഴി നൽകുമെന്നായിരുന്നു പി.സി. ജോർജ് പറഞ്ഞത്.