Friday
14 Dec 2018

മാ നിഷാദ എന്നുതന്നെ

By: Web Desk | Saturday 3 March 2018 10:39 PM IST

പൊതുജീവിതം കൂടുതല്‍ കലുഷമാവുകയാണ്. ആരെങ്കിലും ആരെയെങ്കിലും വെട്ടിയും കുത്തിയും ചതച്ചും കൊല്ലാത്ത ഒരു ദിവസവും ഇല്ലെന്നു വന്നിരിക്കുന്നു. ഏറ്റവും അപരിഷ്‌കൃതമായ മനുഷ്യസമൂഹത്തിനുപോലും ഇത്രയും പരസ്പരഹത്യാത്വര ഉണ്ടായിരുന്നില്ല.
നമുക്ക് എന്താണ് പറ്റിയത്?
ഒരു മാനസികരോഗിയെ കള്ളനെന്നു നിനച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും കൊല്ലുകയും ചെയ്യുന്നവരല്ലെ യഥാര്‍ഥ മാനസികരോഗികള്‍? ഒരു സംശയത്തിന്റെയും ഒരു ആനുകൂല്യവും ആര്‍ക്കും ഒരിക്കലും അനുവദിക്കില്ല എന്ന ശാഠ്യം മനോരോഗത്തിന്റെയല്ലെങ്കില്‍ പിന്നെ എന്തിന്റെ ലക്ഷണം? തിരിച്ചൊരു ആക്രമണം ഉണ്ടാവില്ലെന്നുറപ്പുണ്ടെങ്കില്‍ ആരെയും വെറുതെ തല്ലാനും കുത്താനും തോന്നുന്നതും രോഗലക്ഷണംതന്നെ അല്ലെ?
കല്‍ക്കത്തയില്‍ ഒരു ദിവസം ഞാനൊരു സംഭവം കണ്ടു. ട്രാമില്‍നിന്നിറങ്ങിയ ഒരു ചെറുപ്പക്കാരനെ കുറെ ആളുകള്‍ വളഞ്ഞിട്ടു തല്ലുന്നു. വഴിയെ പോവുകയായിരുന്ന ഒരു വൃദ്ധന്‍ അതു കണ്ട് തിക്കിത്തിരക്കി കഷ്ടപ്പെട്ടു ചെന്ന് തന്റെ കയ്യിലെ കാലന്‍കുട തിരിച്ചുപിടിച്ച് ആ ചെറുപ്പക്കാരന്റെ തലയില്‍ രണ്ടടി കൊടുത്ത് കൃതകൃത്യനായി തിരികെ നടക്കുന്നു. ഓടിയെത്തി മര്‍ദ്ദനം തടയാന്‍ ശ്രമിക്കുന്ന ഒരാള്‍ അപ്പോള്‍ അയാളോട് സങ്കടത്തോടെയും ദേഷ്യത്തോടെയും ചോദിക്കുന്നു, ”കഷ്ടം മുത്തച്ഛാ, നിങ്ങളെന്താണ് ഈ കാണിച്ചത്? അത് നിങ്ങളുടെ സ്വന്തം പേരക്കുട്ടിയല്ലെ? അവരവനെ തെറ്റിദ്ധരിച്ച് തല്ലുകയാണല്ലൊ”!
നിഷ്‌കളങ്കര്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കോടതികള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ, നിയമസമാധാനപാലകരും ആതുരസേവനച്ചുമതലയുള്ളവരും തന്നെ ശ്രദ്ധിക്കണം. മനുഷ്യരെ ഭയന്ന് ഗുഹയില്‍ അഭയംതേടിയ ആദിവാസി യുവാവ് മനുഷ്യരുടെ ഏകപക്ഷീയമായ മര്‍ദ്ദനം ഏറ്റുവാങ്ങി മരിച്ചത് നിയമപാലകരുടെ പരാജയത്തിനാണ് തെളിവാകുന്നത്. കള്ളന്‍ എന്ന് ആര്‍ത്തുവിളിച്ച് യഥാര്‍ഥ കള്ളന്‍ മുന്നിലോടി രക്ഷപ്പെടുകയും അവനെ പിടിക്കാന്‍ പിന്നാലെ ഓടുന്നവനെ അതിനും പിന്നിലോടുന്നവര്‍ പിടികൂടി കൈകാര്യം ചെയ്യുകയും പതിവാകുന്നത് എന്തിന്റെ ലക്ഷണം?
ഇതിനേക്കാള്‍ ക്രൂരമാണ് ആസൂത്രിതകൊല. ഒരു സന്ദര്‍ഭത്തിലെ പകര്‍ച്ചവ്യാധിയായ ഹിസ്റ്റീരിയ ബാധിച്ച് പരപീഡനത്വരയുള്ളവര്‍ കരുതിക്കൂട്ടിയല്ലാതെ നടത്തുന്ന കൊലയും, മാസങ്ങളല്ല വര്‍ഷങ്ങള്‍തന്നെ ആസൂത്രണം ചെയ്തു നടത്തുന്ന അറുകൊലകളും രണ്ടും രണ്ടാണ്. ആദ്യത്തേതിന്റെ മൂത്താമുറിയായ മനോരോഗമാണ് രണ്ടാമത്തേതിനു കാരണം എന്ന വിശേഷവുമുണ്ട്.
രാഷ്ട്രീയകൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് നേതൃത്വത്തിന്റെ മഹാഭീരുത്വമാണ്. ഭയമുള്ളവരെല്ലാം എനിക്കു ചുറ്റും നില്‍ക്കുവിന്‍ എന്നാണ് അവരുടെ നിലപാട്. പിന്നെ, എനിക്കു ഭയം വേണ്ടല്ലൊ!
അനുയായികള്‍ക്ക് കൂടുതല്‍ ശത്രുഭയമുണ്ടാകുന്നത് അവരുടെ കക്ഷിക്കൂറിന് ആക്കം കൂട്ടുമെന്ന് ഇവര്‍ കണക്കാക്കുന്നു. പണ്ടേ ചില കാരണവന്‍മാര്‍ കുടിപ്പകകള്‍ ഇതിനായി ഉപയോഗിക്കാറുണ്ട്. അയല്‍ക്കാരന്‍ ശത്രുവാകുന്നത് തറവാട്ടിലുള്ളവര്‍ തങ്ങളുടെ ദുര്‍ന്നടപടികളും സ്വാര്‍ഥപരതയും ചോദ്യം ചെയ്യാതിരിക്കാന്‍ ഉതകുമെന്ന് അവര്‍ ശരിയായി“കണ്ടെത്തി. രാഷ്ട്രങ്ങള്‍ ഭരിക്കുന്നവരും അതിര്‍ത്തികള്‍ക്കപ്പുറത്ത് ശത്രുക്കളെ സ്ഥിരമായി നിലനിര്‍ത്തുന്നത് സാധാരണമാണല്ലൊ. സംഘര്‍ഷത്തില്‍ ദിവസേന ആരെങ്കിലും മരിക്കയോ അപ്പുറത്താരെയെങ്കിലും നമ്മള്‍ കൊല്ലുകയോ ചെയ്തുകൊണ്ടേ ഇരുന്നാലല്ലെ നേതാക്കള്‍ക്ക് ആയുധക്കച്ചവടവും അതിന്റെ കമ്മീഷനും അധികാരത്തില്‍ തുടരാന്‍ രാഷ്ട്രാന്തരീയ യജമാനന്‍മാരുടെ സഹായസഹകരണങ്ങളും കിട്ടൂ?
സമൂഹത്തിലെ സമാധാനകാംക്ഷികളായ ബഹുഭൂരിപക്ഷത്തെ കയ്യിലെടുക്കാനാണ ് സമാധാനചര്‍ച്ചകളും മറ്റു നാടകംകളികളുമൊക്കെ. ആര്‍ക്കും അതിലൊന്നും ആത്മാര്‍ഥമായ താല്‍പര്യമില്ല എന്നതാണ് നേര്. രക്തസാക്ഷികളില്ലെങ്കില്‍ പിന്നെ എന്തു ദേശീയത, പാര്‍ട്ടി?
അഹിംസാപാര്‍ട്ടികള്‍ക്കുപോലും രക്തസാക്ഷികള്‍ വേണം. മഹാത്മജിയുടെ ചിതാഭസ്മം രണ്ടുമൂന്നു പതിറ്റാണ്ടുകാലം രക്തസാക്ഷിത്വമൂലധനമായി വോട്ടുപിടിക്കാന്‍ ഉതകിയില്ലെ? സ്വന്തമാളുകളെ സ്വയം വകവരുത്തി രക്തസാക്ഷികളാക്കുന്നിടംവരെ കാര്യം എത്തിയില്ല എന്നു തീര്‍ത്തുപറയാന്‍ വയ്യാതാനും. ചോരപ്പുഴ ഏതു വിപ്ലവത്തിന്റെയും അനിവാര്യഘടമാണെന്ന നിലപാടില്‍നിന്ന് ഇടതുപക്ഷത്തെ കക്ഷികള്‍ ഇനിയും മാറിയിട്ടില്ലെന്നത് നേരം പുലര്‍ന്നതറിയാത്തവരുടെ പെരുമാറ്റദൂഷ്യമായേ കരുതാനാവൂ. പത്രങ്ങള്‍ പാര്‍ട്ടിസമ്മേളനങ്ങളെ വിശേഷിപ്പിക്കുന്നത് ‘നഗരത്തെ രക്തശോഭയണിയിച്ച സംഭവങ്ങ’ളെന്നാണ്. സമുദായത്തില്‍ ഏതറ്റംവരെ മാറ്റം വരുത്താനും ഒരാളെപ്പോലും കൊല്ലേണ്ടതില്ലെന്നും സ്വന്തം അണികളില്‍ ആരെയും കൊലക്കു കൊടുക്കേണ്ട എന്നും കൊച്ചുകുട്ടികള്‍ക്കു പോലും ഇക്കാലത്തറിയാം.
എന്നിട്ടും, രക്തരൂഷിതവിപ്ലവങ്ങളോടു ബന്ധപ്പെട്ട അറുപഴഞ്ചന്‍ തത്ത്വശാസ്ത്രങ്ങളും നിലപാടുകളും ദൂരെ ഉപേക്ഷിക്കാന്‍ ഇടതുപക്ഷങ്ങളുടെ ദേശീയനേതൃസമിതികള്‍ക്ക് ഇപ്പോഴും കഴിയുന്നില്ല! സാമാന്യബുദ്ധിയുള്ളവര്‍ ഈ കക്ഷികളുടെ നാലയലത്തു ചെല്ലാന്‍ മടിക്കുന്നതിന് മുഖ്യകാരണം ഈ ചോരദുഃസ്വപ്‌നങ്ങളും ഉന്‍മൂലനലക്ഷ്യശാഠ്യവുമല്ലാതെ ഒന്നുമല്ല.
ഈ ലക്ഷ്യം നിലനില്‍ക്കുന്നതുകൊണ്ടാണ് അല്‍പമതികളും അന്യഥാ കഴിവു കെട്ടവരുമായ ഛോട്ടാ നേതാക്കള്‍ക്ക് ആത്യന്തികപ്രത്യയശാസ്ത്രത്തിന്റെ പേരു പറഞ്ഞ് ചെറുപ്പക്കാരെ കൊലയാളികളും രക്തസാക്ഷികളുമാക്കാന്‍ കഴിയുന്നത്. ആ ലക്ഷ്യം ഉപേക്ഷിച്ചാല്‍ ഈ പ്രവണത മിക്കവാറും നീങ്ങും. അഥവാ, നീങ്ങിയില്ലെങ്കില്‍ മറ്റൊന്നുകൂടി ചെയ്യാം. ഓരോ രാഷ്ട്രീയ കൊലപാതകം നടക്കുമ്പോഴും പ്രതികള്‍ അംഗങ്ങളായ പാര്‍ട്ടിയുടെ ഉന്നതനേതാവിനെ ഒന്നാം പ്രതിയാക്കുക. തലച്ചോറിന്റെ അനുമതിയും ആജ്ഞയുമില്ലാതെ കൈകാലുകള്‍ ഒന്നും ചെയ്യില്ല എന്നതുതന്നെ ഈ കുറ്റാരോപണത്തിന് മതിയായ ന്യായമല്ലെ?
ഭയത്തിലും വെറുപ്പിലും ശത്രുതയിലും അധിഷ്ഠിതമായ ഒരു തത്ത്വശാസ്ത്രത്തിനും ഒരിക്കലും ദീര്‍ഘായുസായ ശാന്തിയും സമാധാനവും പുരോഗതിയും പരിവര്‍ത്തനവും കൊണ്ടുവരാനാവില്ല എന്ന പകല്‍ വെളിച്ചം ആരും കാണാതിരിക്കരുത്. അഥവാ, അത് ആരെങ്കിലും കണ്ടില്ലെന്നു നടിക്കുന്നെങ്കില്‍, ആ കണ്ണുകാണാക്കോലങ്ങളെ നേതാക്കളായി ഇരിക്കാന്‍ ഒരു നിമിഷവും അനുവദിക്കരുത്. വിപ്ലവപ്പാര്‍ട്ടികള്‍ ക്വട്ടേഷന്‍ സംഘങ്ങളാവുന്നതാണ ് നൂറ്റിമുപ്പതുകോടി പരമദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഈ നാട്ടില്‍ ഇന്നും ഇടതുപക്ഷനിലപാട് വളര്‍ച്ച മുരടിച്ച് ജനസാമാന്യസ്വീകാരമില്ലാതെ ഗതികെട്ടു നില്‍ക്കുന്നതിനു കാരണം. എല്ലാവര്‍ക്കും ഒരുപോലെ നല്ലതിലേക്കുള്ള വിവേകപൂര്‍ണവും അതിനാല്‍ സമാധാനപരവുമായ മാറ്റത്തിന്റെ സാധ്യതകള്‍ അപ്പാടെ ഇല്ലാതാക്കിയവര്‍ എന്ന് ഇക്കാലത്തെ ഇടതുപക്ഷത്തെ ഭാവികാലം ശപിക്കാതിരിക്കട്ടെ.