Thursday
18 Oct 2018

ബ്ലുമന ഇല്ലത്തെ മഷിനോട്ടക്കാരന്‍

By: Web Desk | Monday 1 January 2018 5:37 PM IST

ഭാവനാ സജി
ക്ലാസ് – 9എ
എസ്എന്‍പി സ്‌കൂള്‍
കൊല്ലം

ഇതൊരു കെട്ടുകഥയല്ല. പക്ഷേ ‘കേട്ടകഥ’ എന്നു പറഞ്ഞാല്‍ തെറ്റില്ല. അജ്ഞാതരായ രണ്ടുപേരുടെ സംഭാഷണം യാദൃച്ഛികമായി കേള്‍ക്കാനിടയായി. കഥാസാരം അവിടെ വീണു കിട്ടിയതാണ്. ആശയാനുവാദത്തിനായി ആ അജ്ഞാതരോടഭ്യര്‍ത്ഥിക്കുന്നു.
ലാല്‍ അങ്കിളിന്റെ വീട്ടില്‍ ഒരു മോഷണം നടന്നു. അങ്കിളിന്റെ വിരലില്‍ അണിഞ്ഞിരുന്ന നവരത്‌നമോതിരം മേശവലിപ്പില്‍ സൂക്ഷിച്ചിരുന്നത് അപ്രത്യക്ഷമായി. കള്ളനെ കണ്ടെത്താനുള്ള കൂലങ്കഷമായ കൂടിയാലോചനയില്‍ തീരുമാനം ഏകകണ്ഠമായിരുന്നു. ബഌമന ഇല്ലത്തെ വിഘ്‌നേശന്‍ നമ്പൂതിരിയെക്കൊണ്ട് മഷിയിട്ടുനോക്കിയാല്‍ കള്ളനെ കട്ടായം കണ്ടെത്താം. അങ്കിളും ആന്റിയും വൈകിട്ട് ബഌമന ഇല്ലത്തേക്ക് കാറില്‍ യാത്ര തിരിച്ചു. എനിക്കും കിട്ടി ഒരു ലിഫ്റ്റ്.
ഞങ്ങള്‍ മനയ്ക്കലെത്തി. ചാവടിയിലേക്ക് കയറി. ഒരു പറ്റം ആളുകള്‍ അക്ഷമരായി വിഘ്‌നേശന്‍ നമ്പൂതിരിയെ കാത്തിരിക്കുന്നു. അതിലേറെ അക്ഷമനായി എന്തൊക്കെയോ പുലമ്പിക്കൊണ്ട് നമ്പൂതിരി പുരയാകെ ഉഴറി നടക്കുന്നു. ആളുകളെ അവഗണിച്ച് നമ്പൂതിരി എവിടൊക്കെയോ തപ്പിയും പരതിയും കൂടുതല്‍ അക്ഷമനാകുന്നു. അതിനിടയില്‍ തെറിച്ചുവീണ ചില ശിഥില ശബ്ദങ്ങളില്‍ കൂടി ഒന്നു മനസിലായി. നമ്പൂതിരിയുടെ വച്ചുപൂട്ടിന്റെ കൂട്ടത്താക്കോല്‍ കാണാനില്ല.
ഒരൂ മണിക്കൂറോളം കാത്തിരുന്നിട്ടും താക്കോല്‍ കിട്ടിയതുമില്ല. നമ്പൂതിരി സ്വസ്ഥനായതുമില്ല. അങ്കിള്‍ രഹസ്യമായി ഞങ്ങളോടു പറഞ്ഞു. സ്വന്തം താക്കോല്‍ കൂട്ടം കണ്ടെത്താന്‍ കഴിവില്ലാത്ത ബഌമന ഇല്ലത്തെ നമ്പൂതിരി എങ്ങനെ എന്റെ നവരത്‌ന മോതിരം കണ്ടെത്തും? ഞങ്ങളുടെ കാര്‍ നേരെ പൊലീസ് സ്റ്റേഷന്റെ മുന്നില്‍ ബ്രേക്കിട്ടു നിന്നു.