Thursday
18 Oct 2018

പതിനായിരക്കണക്കിന് തൊഴിലാളികള്‍ രാജ്യതലസ്ഥാനത്ത് അണിനിരന്നു

By: Web Desk | Saturday 11 November 2017 12:20 AM IST

ത്രിദിന മഹാധര്‍ണയ്ക്ക് ഇന്ന് സമാപനം

ന്യൂഡല്‍ഹി: സംയുക്ത തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന മഹാധര്‍ണയില്‍ ഇന്നലെ എഴുപതിനായിരത്തില്‍പരം തൊഴിലാളികള്‍ രാജ്യതലസ്ഥാനത്ത് അണിനിരന്നു. നഗരത്തെ ശ്വാസംമുട്ടിക്കുന്ന പുകമഞ്ഞിനെപ്പോലും അവഗണിച്ചാണ് ധര്‍ണയുടെ രണ്ടാംദിവസത്തില്‍ തൊഴിലാളികള്‍ ഇരമ്പിയെത്തിയത്. ബിഹാര്‍, ഒഡിഷ, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ അസംഘടിത മേഖലകളില്‍ നിന്നുള്ള തൊഴിലാളികളാണ് ധര്‍ണയുടെ ഭാഗമായി പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രതിഷേധക്കടലായി ഇരമ്പിയത്.
ഇവിടെ നിരന്നിരിക്കുന്ന തൊഴിലാളികള്‍ ഭരണം വിട്ടൊഴിയാന്‍ മോഡി സര്‍ക്കാരിനുള്ള അന്ത്യശാസനമാണ് നല്‍കുന്നതെന്ന് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് എഐടിയുസി ദേശീയ സെക്രട്ടറി അമര്‍ജിത് കൗര്‍ പറഞ്ഞു. രാജ്യത്തെ സംഘടിത തൊഴിലാളി വര്‍ഗം വിയര്‍പ്പൊഴുക്കി കെട്ടിപ്പടുത്ത സമ്പത്തുകള്‍ ഒന്നൊന്നായി വിറ്റഴിക്കാനുള്ള സാമ്പത്തിക നയങ്ങള്‍ സ്വീകരിക്കുന്ന മോഡി രാജ്യദ്രോഹിയാണെന്ന് അമര്‍ജിത് കുറ്റപ്പെടുത്തി. രാജ്യം ഇത്തരത്തില്‍ നേടിയെടുത്തതെല്ലാം ജനവിരുദ്ധനയങ്ങളിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ തകര്‍ക്കുകയാണ്. സാമ്പത്തികരംഗം താറുമാറായി, തൊഴിലില്ലായ്മ വര്‍ധിക്കുന്നു, വില കുതിച്ചുയരുന്നു, തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നില്ല, ഭക്ഷ്യസുരക്ഷയുടെ പേരില്‍ ആധാര്‍ നിര്‍ബന്ധമാക്കി ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. ഇതിനെതിരെ തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി താക്കീത് നല്‍കുകയാണ് ഈ മഹാധര്‍ണയിലൂടെയെന്ന് അമര്‍ജിത് പറഞ്ഞു.
കമ്പനികള്‍ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിച്ച തൊഴിലാളി സമരത്തിന്റെ ശക്തി ഭരണാധികാരികളെ ഓര്‍മിപ്പിച്ച സമരഭടന്മാര്‍ ഈ ഊര്‍ജം നഷ്ടപ്പെട്ടിട്ടില്ലെന്നും ഈ പോരാട്ടവും പരാജയപ്പെടാനുള്ളതല്ലെന്നും കേന്ദ്രസര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് സി ഐ ടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ പാര്‍ലമെന്റ് സ്ട്രീറ്റില്‍ അണിനിരന്ന തൊഴിലാളികള്‍ ഏറ്റുചൊല്ലി.
പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള കമ്പനി ജോലിക്കാരും, ചൂളകളില്‍ പണിയെടുക്കുന്ന പാവങ്ങളും സമരത്തിന്റെ രണ്ടാംദിനത്തില്‍ പ്രതിഷേധത്തിന്റെ അഗ്നി ജ്വലിപ്പിച്ചു. ഒപ്പം തമിഴ്നാട്ടിലെ മധുരയില്‍ നിന്നെത്തിയ കല്ല് ചുമക്കുന്ന തൊഴിലാളികളും, പഞ്ചാബിലെ ബര്‍വാലയില്‍ നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികളും, ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നുള്ള ബി എസ് എന്‍ എല്‍ ജീവനക്കാരും, പാനിപ്പത്തിലെ തന്നെ മുനിസിപ്പാലിറ്റിയിലെയും ആരോഗ്യ വിഭാഗത്തിലേയും തൊഴിലാളികളും അണിചേര്‍ന്നു. രാജ്യത്തെ ബി എം എസ് ഒഴികെയുള്ള 12 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന ത്രിദിന മഹാധര്‍ണ ഇന്ന് സമാപിക്കും.
എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത, ഐഎന്‍ടിയുസി പ്രസിഡന്റ് സഞ്ജീവറെഡ്ഡി, സിഐടിയു നേതാക്കളായ ദിബഞ്ചന്‍ ചക്രവര്‍ത്തി, കെ ഗോവിന്ദന്‍, എച്ച്എംഎസ് നേതാവ് ഹര്‍ബജന്‍സിങ് സിന്ധു, രാമകൃഷ്ണ പാണ്ഡ, സുകുമാര്‍ ഡാംലെ തുടങ്ങി സംയുക്ത തൊഴലാളിസംഘടനകളുടെ വിവിധ നേതാക്കള്‍ ഇന്നലെ ധര്‍ണയെ അഭിസംബോധന ചെയ്തു.
ഇന്ന് അങ്കണവാടി, ആശ, മിഡ്‌ഡെമീല്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള തൊഴിലാളികള്‍ ധര്‍ണയില്‍ പങ്കെടുക്കും. ധര്‍ണ ഇന്ന് സമാപിക്കും.

Related News