Monday
17 Dec 2018

ഒരു കൊടും ചതിയുടെ ഇര- മഹാരാജാ നന്ദകുമാര്‍

By: Web Desk | Friday 12 January 2018 5:29 PM IST

ഗൗതം എസ് എം
ക്ലാസ്: 5 ബി
ഇന്ത്യന്‍ സ്‌കൂള്‍,
അല്‍ഗൂബ്ര, മസ്‌കറ്റ്

ബ്രിട്ടീഷ് ആധിപത്യത്തെ എതിര്‍ക്കുന്ന ഭാരതീയരെ ചതിക്കെണിയില്‍പ്പെടുത്താന്‍ വിരുതനായിരുന്നു ഗവര്‍ണര്‍ ജനറലായിരുന്ന വാറന്‍ ഹേസ്റ്റിങ്‌സ്. അയാള്‍ ചെയ്ത ഏറ്റവും വലിയ കുടിലവൃത്തിയായിരുന്നു ബംഗാളിലെ മഹാരാജനന്ദകുമാര്‍ എന്ന ധീരദേശാഭിമാനിയെ കൊല ചെയ്ത സംഭവം.
സമൂഹത്തില്‍ ഉന്നത വ്യക്തിത്വം വച്ചുപുലര്‍ത്തുകയും സര്‍വാദരണീയനുമായിരുന്ന നന്ദകുമാര്‍ രാജാവായിരുന്നില്ല. അന്നത്തെ ഡല്‍ഹിയിലെ ചക്രവര്‍ത്തിയായിരുന്ന ഷാ അലം കല്‍പിച്ചു നല്‍കിയ സ്ഥാനപ്പേരായിരുന്നു മഹാരാജ എന്നത്. ബംഗാളിലെ ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. നവാബുമാരുടെ ഭരണകാലത്ത് അവരുടെ ഉദ്യോഗസ്ഥരില്‍ പ്രമുഖനും ഒരു വര്‍ത്തകപ്രമാണിയുമായിരുന്നു നന്ദകുമാര്‍.

 പ്ലാസിയുദ്ധത്തിന് വിത്തുപാകിയ സിറാജ് ഉദ് ഔളയുടെ സൈന്യാധിപനും പിന്നീട് അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുക്കുകയും അങ്ങനെ ഭരണാധികാരിയായിത്തീരുകയും സിംഹാസനത്തില്‍ നിന്നും നിഷ്‌കാസനം ചെയ്യപ്പെടുകയും ചെയ്ത മിര്‍ജാഫറിനെ കൂട്ടുകാര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ. ആ മിര്‍ജാഫറിന്റെ വിധവയായ മാഹിബീഗത്തില്‍ നിന്നും ഒരു കുടുംബകാര്യം സാധിച്ചുകൊടുക്കുന്നതിനായി വലിയൊരു സംഖ്യ വാറന്‍ഹേസ്റ്റിങ്‌സ് കൈക്കൂലി വാങ്ങി. ഇതിനെതിരെ നന്ദകുമാര്‍ തെളിവുസഹിതം കോടതിയില്‍ അന്യായം ബോധിപ്പിച്ചു. കോടതി ഇടപെട്ട് ഹേസ്റ്റിങ്‌സില്‍ നിന്നും ആ സംഖ്യ വാങ്ങി മിര്‍ജാഫറുടെ വിധവയ്ക്ക് തിരിച്ചുനല്‍കി. തനിക്കെതിരെ കേസ് നല്‍കിയ നന്ദുകമാറിനെ വാറന്‍ഹേസ്റ്റിങ്‌സ് വെറുതെ വിട്ടില്ല. അഞ്ച് വര്‍ഷം മുന്‍പ് കള്ളപ്രമാണമുണ്ടാക്കിയെന്ന പേരില്‍ ഒരു കള്ളക്കേസ് നന്ദകുമാറിനെതിരെ ആയാള്‍ നല്‍കുകയുണ്ടായി.

ജുഡിഷ്യല്‍ കൊല
കേസ് സുപ്രിം കോടതിയിലെത്തി. അവിടത്തെ ന്യായാധിപന്മാര്‍ ഇംഗ്ലീഷുകരായിരുന്നു. വാറന്‍ഹേസ്റ്റിങ്‌സിന്റെ ഉറ്റമിത്രമായിരുന്നു ചീഫ് ജസ്റ്റിസ് സര്‍എലിജാഇമ്പി. പതിവിന് വിപരീതമായി അയാള്‍ തന്നെയായിരുന്നു പ്രതിഭാഗം സായികളെ വിചാരണ ചെയ്തത്. നന്ദകുമാറിനെ കാര്യമായി വിചാരണ ചെയ്തിരുന്നില്ല. ആറുദിവസം മാത്രമായിരുന്നു വിചാരണയും വിധിപറയലിനുമുപയോഗിച്ചത്. വധശിക്ഷയായിരുന്നു നന്ദകുമാറിന് വിധിക്കപ്പെട്ടത്. ഇതൊരു ജുഡിഷ്യല്‍ കൊലപാതകമെന്നാണ് പത്രങ്ങള്‍ വിശേഷിപ്പിച്ചത്.

അന്ത്യദിനങ്ങള്‍
അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളെപ്പറ്റി തൂക്കിലേറ്റാന്‍ നിയുക്തനായ ഇംഗ്ലീഷുകാരനായ ജയില്‍ ഉദ്യോഗസ്ഥന്‍ മെക്രാബിയുടെ ദൃക്‌സാക്ഷി വിവരണം ശ്രദ്ധേയമാണ്. ”ഓഗസ്റ്റ് നാല് വെള്ളിയാഴ്ചത്തെ ഒരു സായാഹ്നം. നന്ദകുമാര്‍ വളരെ അക്ഷോഭ്യനായി കാണപ്പെട്ടു. ഉല്‍ക്കണ്ഠപ്പെടുംവിധം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ആയാസരഹിതമായ മനസുമായി അദ്ദേഹം സംസാരിച്ചു. കുശലം ചോദിച്ചു. അദ്ദേഹത്തിന്റെ വാചാലത തന്നെ അദ്ഭുതപ്പെടുത്തി. അടുത്ത ദിവസം നടക്കാനിരിക്കുന്ന ദുര്‍വിധിയെക്കുറിച്ചറിയില്ലേ എന്ന് പോലും സംശയം തോന്നിയപ്പോള്‍ ദ്വിഭാഷിയെക്കൊണ്ട് ഇത് ഇദ്ദേഹത്തിന്റെ അവസാന സന്ധ്യയാണെന്ന് മനസില്ലാ മനസോടെ ഓര്‍മിപ്പിച്ചു. അപ്പോഴും നന്ദകുമാര്‍ ചിരിക്കുകയായിരുന്നു. കൂടെക്കൂടെ അതിനെക്കുറിച്ചോര്‍മിപ്പിക്കുന്നതെന്തിന്? ഇത്രയും പ്രധാനപ്പെട്ട സംഗതി ഞാന്‍ മറന്നുകളയുമെന്ന് ധരിച്ചിരിക്കേണ്ട കാര്യമില്ലെന്നായിരുന്നു നന്ദകുമാറിന്റെ മറുപടി. മെക്രാബി തരിച്ചിരുന്നു പോയി. മനസില്‍ ഞെട്ടലായിരുന്നു. അദ്ദേഹത്തിന്റെ പാരവശ്യം കണ്ടിട്ട് ആശ്വസിപ്പിക്കാനെന്നോണം നന്ദകുമാര്‍ തുടര്‍ന്നു. ”മിസ്റ്റര്‍ മെക്രബി! ജനിച്ചനാള്‍ മുതല്‍ നാം യാത്ര തുടങ്ങുകയല്ലേ? മരണത്തിലേക്ക്. വിശ്രമമില്ലാതെയും അവിരാമമായും.”
ഒരു മണിക്കൂറിലധികം ആ ഉദ്യോഗസ്ഥന്‍ നന്ദകുമാറിനോടൊപ്പം ചെലവഴിച്ചു. അദ്ദേഹം വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. ആകാശത്തിനു കീഴിലുള്ള സകല വിഷയങ്ങളും സംസാരവിഷയമായിരുന്നു. മെക്രാബിയുടെ കുടുംബവിശേഷങ്ങള്‍പോലും പരാമര്‍ശവിഷയമാക്കി. അന്ത്യദര്‍ശനത്തിനെത്തും പോലെ ദുഃഖാര്‍ത്തരായി പലരും നന്ദകുമാറിനടുത്തെത്തി വിരുന്നുണ്ണാന്‍ വീട്ടിലേക്കെത്തുന്ന മാന്യാതിഥികളോടെന്ന പോലെ അദ്ദേഹം പെരുമാറി. കുട്ടനാട്ടത്തിലുണ്ടായിരുന്ന ജാമാതാവിനോട് വീട്ടുകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മക്കളെയും പേരക്കുട്ടികളേയും കുറിച്ചന്വേഷിച്ചു. പേരക്കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം താല്‍പര്യം കാട്ടി. അവരെ വളര്‍ത്തിയെടുക്കുന്നതില്‍ തികഞ്ഞ നിഷ്‌കര്‍ഷത പാലിക്കണമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.
രാത്രി നന്നായുറങ്ങി കൃത്യസമയത്ത് പതിവ് തെറ്റിക്കാതെ ഉണര്‍ന്നു. കുളിയും ജപവും കഴിച്ച് യാത്രയ്ക്ക് പുറപ്പെടാനുള്ള സകലഒരുക്കങ്ങളും പൂര്‍ത്തിയാക്കി. കൊലമരത്തിലേക്കാനയിക്കാനുള്ള ആരാച്ചാര്‍മാരെയും പ്രതീക്ഷിച്ചിരിപ്പായി. കാലിന് അല്‍പം സ്വാധീനക്കുറവുള്ളതിനാല്‍ കൊലമരത്തിലേക്കാനിയിക്കാന്‍ ഒരു പല്ലക്കും ആരാച്ചാര്‍മാരുമെത്തി. എന്നാല്‍ അദ്ദേഹം പതുക്കെ നടന്നുപോകാമെന്ന് പറഞ്ഞ് അവരെ നന്ദിപൂര്‍വം പിന്തിരിപ്പിച്ചു. കൊലമരത്തിലേക്ക് തനിയെ നടന്നുകയറി.

അവസാനനിമിഷം
ആരാച്ചാര്‍ക്ക് അദ്ദേഹത്തിന്റെ കൈകള്‍ ബന്ധിക്കേണ്ടതുണ്ടായിരുന്നു. അതിനായി നന്ദകുമാര്‍ കൈകള്‍ സ്വമേധയാ പിന്നിലേക്ക് പിണച്ചുവച്ചുകൊടുത്തു. തുടര്‍ന്ന് മുഖാവരണമിടാനും തൂക്കുകയര്‍ മുറുക്കാനും പാകത്തിന് കഴുത്ത് നീട്ടിക്കൊടുത്തു. എല്ലാം ശരിയായെന്നുറപ്പു വരുത്തിയ ശേഷം ഇമവെട്ടുന്ന നേരം കൊണ്ട് സംഭവിക്കേണ്ടത് സംഭവിച്ചു. മഹാനായ ആ ധീരദേശാഭിമാനിയുടെ ജഡം തൂക്കുകയറില്‍ ഒരു തടിപോലെ നിശ്ചലം തൂങ്ങിനിന്നു.