Friday
22 Jun 2018

ജില്ലയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ‘എക്സ്റ്റസി’യുമായി രണ്ടുപേര്‍ അറസ്റ്റില്‍

By: Web Desk | Saturday 20 January 2018 9:56 PM IST

ശാസ്താംകോട്ട: കുന്നത്തൂര്‍ എക്‌സൈസ് സിഐയുടെ നേതൃത്വത്തില്‍ മൈനാഗപ്പള്ളി കോവൂര്‍ ഭാഗത്ത് നടത്തിയ വാഹനപരിശോധനയില്‍ ‘എക്സ്റ്റസി’ എന്ന പേരില്‍ അറിയപ്പെടുന്ന 1.25 ഗ്രാം എംഡിഎംഎ പിടികൂടി. ജില്ലയില്‍ ആദ്യമായാണ് ഡിജെ പാര്‍ട്ടികൡും മറ്റും ലഹരിയ്ക്കായി ഉപയോഗിക്കുന്ന എംഡിഎംഎ പിടികൂടിയത്. തേവലക്കര മണ്ണാര്‍തെക്കതില്‍ വീട്ടില്‍ സെയ്ഫുദ്ദീന്‍, കാച്ചുവാഴക്കുളത്തിന്റെ തെക്കതില്‍ റംസാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടികൂടിയിട്ടുണ്ട്.
കുന്നത്തൂര്‍ എക്‌സൈസ് സിഐ ആര്‍ ബാബു, ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബൈക്കില്‍ മയക്കുമരുന്നുമായി കടന്ന യുവാക്കളെ സാഹസികമായി പിടികൂടിയത്. ശാസ്താംകോട്ട പുന്നമൂട് മേഖലയിലെ കോളജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് രണ്ടംഗ സംഘം വില്‍പ്പന നടത്തിവന്നത്. ഇവര്‍ ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്.
ലഹരിയിലെ പുതുവഴിയാണ് എംഡിഎംഎ എന്ന് എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു. മെത്തിലിന്‍ ഡൈഓക്‌സി മെത്ത് ആംബറ്റമിന്‍ എക്സ്റ്റസി എന്ന മാരക മയക്കുമരുന്നാണ് ‘മെത്ത്’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എംഡിഎംഎ. പ്രത്യക്ഷത്തില്‍ ഗന്ധമോ മറ്റോ അനുഭവപ്പെടാത്ത ഈ മയക്കുമരുന്ന് പൈപ്പ് ഉപയോഗിച്ച് മൂക്കിലൂടെ ശ്വസിച്ച് ആസ്വദിച്ച് ലഹരി നുണയുന്ന രീതിയാണ് കണ്ടുവരുന്നത്.
വന്ധ്യത ഉള്‍പ്പെടെയുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്ന ഈ മയക്കുമരുന്ന് ക്രിസ്റ്റല്‍ രൂപത്തിലും പൗഡര്‍ രൂപത്തിലുമാണ് ലഹരിവിപണിയിലെത്തുന്നത്. ഗ്രാമിന് 35,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് ഈ മയക്കുമരുന്നിന് ഈടാക്കുന്നത്. 0.5 ഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ കൈവശം വയ്ക്കുന്നത് നിലവിലെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ്. പണ്ട് അന്താരാഷ്ട്ര വിപണിയില്‍ മാത്രം കണ്ടുവന്നിരുന്ന ഈ മയക്കുമരുന്ന് ജില്ലയില്‍ ലഭ്യമായി തുടങ്ങിയത് ഗൗരവമായാണ് എക്‌സൈസ് അധികൃതര്‍ വീക്ഷിക്കുന്നത്.
റെയ്ഡില്‍ ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍മാരായ ദിലീപ് സി പി, എ പി ഷിഹാബ്, കുന്നത്തൂര്‍ എക്‌സൈസ് സര്‍ക്കിളിലെ പ്രിവന്റീവ് ഓഫീസര്‍മാരായ ബി സനില്‍ഷ, ബി ഉണ്ണികൃഷ്ണപിള്ള, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, അരുണ്‍ലാല്‍, ഡ്രൈവര്‍ ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.