Thursday
15 Nov 2018

കിട്ടാക്കടം വരുത്തിയവരില്‍ ഭൂരിപക്ഷവും മോഡിയുടെ ഉറ്റവര്‍

By: Web Desk | Tuesday 25 September 2018 10:32 PM IST

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത പ്രമുഖരില്‍ ഭൂരിപക്ഷവും നരേന്ദ്രമോഡിയുമായി അടുത്ത ബന്ധമുള്ളവര്‍. കിട്ടാക്കടം വരുത്തിയ ഊര്‍ജ വ്യവസായികളില്‍ പലരും ബിജെപിയെ പല വിധത്തില്‍ സഹായിക്കുന്നവര്‍.
മോഡിയുടെ ഒത്താശയോടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത അഡാനിയുടെ ഊര്‍ജ സംരംഭം 43,700 കോടി രൂപ വായ്പ തിരിച്ചടയ്ക്കാനുണ്ട്. ഇദ്ദേഹത്തിന്റെ മറ്റു സംരംഭങ്ങള്‍ വേറെയും വായ്പകള്‍ തിരിച്ചടക്കാന്‍ ബാക്കിയാണ്. ഇരുപത് വര്‍ഷം മുമ്പ് രണ്ടു കോടി രൂപ വിറ്റുവരവുള്ള വ്യാപാരസ്ഥാപനം ആരംഭിച്ചു തുടങ്ങിയ അഡാനിയുടെ യാത്രയ്ക്ക് വേഗതയേറിയത് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷമുള്ള കാലയളവിലായിരുന്നു. പ്രധാനമന്ത്രിയായതോടെ ആഗോളഭീമനായി അഡാനി വളരുകയും ചെയ്തു. അംബാനിയുടെ റിലയന്‍സ് പവര്‍ എന്ന സ്ഥാപനം 28,646 കോടി, ടാറ്റ പവര്‍ 48,982 കോടി, ലാന്‍കോ 23,591 കോടി, എസ്സാര്‍ 20,000 കോടി, ജെഎസ്ഡബ്ല്യു 11,278 കോടി രൂപയാണ് അവരുടെ ഊര്‍ജ വ്യവസായ സംരംഭങ്ങള്‍ക്ക് വായ്പയെടുത്ത് കുടിശികയാക്കിയിട്ടുള്ളത്.

ഇതിന് പുറമേ രത്തന്‍ ഇന്ത്യ, ജേയ്പീ എന്നിവ 20,000 കോടി വീതം, കെഎസ്‌കെ മഹാനദി 17,194 കോടി, ജിഎംആര്‍ എനര്‍ജി 15,178 കോടി കിട്ടാക്കടം വരുത്തിയവരായുണ്ട്. ഇവര്‍ക്കെല്ലാം തന്നെ മറ്റു സംരംഭങ്ങളുടെ പേരിലുള്ള വായ്പാ കുടിശിക വേറെയുമുണ്ട്. അംബാനി ഗ്രൂപ്പിന് ആകെ ഒരു ലക്ഷം കോടിയിലധികം രൂപയുടെ വായ്പാ ബാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. അംബാനി ഗ്രൂപ്പിനെ സഹായിക്കുന്നതിന് റഫാല്‍ ഇടപാടില്‍ മോഡിയും കൂട്ടരും നടത്തിയ വഴിവിട്ട നടപടികള്‍ വിവാദമായിരിക്കേയാണ് അദ്ദേഹവുമായി വളരെയധികം അടുപ്പം പുലര്‍ത്തുന്നവരുടെ കിട്ടാക്കടത്തിന്റെ പട്ടികയും പുറത്തുവന്നിരിക്കുന്നത്.

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ കിട്ടാക്കടം വരുത്തിയ ഭീമന്മാരുടെ പട്ടിക നല്‍കിയിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് നടപടിയെടുക്കാന്‍ തയ്യാറായിരുന്നില്ല. എന്നുമാത്രമല്ല പ്രസ്തുത പട്ടിക ലഭിച്ചതിന് ശേഷമാണ് വിജയ് മല്യ, നീരവ് മോഡി, മെഹുല്‍ ചോക്‌സി എന്നിവര്‍ രാജ്യം വിട്ടത്. ഏറ്റവുമൊടൂവില്‍ 5,000 കോടി രൂപ കിട്ടാക്കടം വരുത്തിയ നിതിന്‍ സന്ദേശര നൈജീരിയയിലേക്ക് കടന്നിരിക്കുകയാണ്. ഇദ്ദേഹവും ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള സ്റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ ഡയറക്ടറാണ്. അതിനാല്‍ തന്നെ അവിടത്തെ മുഖ്യമന്ത്രിയായിരുന്ന മോഡിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്ന ആരോപണം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

Related News