Thursday
24 May 2018

മകരസംക്രമണവും ഭൂഗോളത്തിലെ മകര രേഖയും

By: Web Desk | Tuesday 23 January 2018 5:07 PM IST

വലിയശാല രാജു
മകരം തുടങ്ങി. സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്ക് കടക്കുകയാണ്. ഇതിനെ മകരസംക്രമണമെന്നാണ് പറയുന്നത്. ഈ ദിവസം വളരെ പ്രാധാന്യമുള്ളതാണ്. കേരളത്തില്‍ ഉല്‍സവകാലമാണ്. ഇന്ത്യയില്‍ മിക്കയിടങ്ങളിലും പൂതുയുഗ പിറവിയായി കൊണ്ടാടുന്നു.
ശാസ്ത്രീയമായി മകരത്തിന് ഭൂമിയുടെയും സൂര്യന്റെയും അയനങ്ങളുമായി ബന്ധപ്പെട്ട് ചില പ്രാധാന്യങ്ങളുണ്ട്. നമ്മുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ ഇതിന് പങ്കുണ്ട്. സൂര്യന്റെ തെക്കോട്ടുള്ള യാത്രയുടെ ഒരു ടേണിങ് പോയിന്റ് മകരരാശിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.

സൂര്യന്റെ യാത്ര അവസാനിക്കുന്ന മകരം
ഭൂമി എന്ന ഗോളം അല്‍പം ചരിഞ്ഞാണ് സ്വയം കറങ്ങുകയും സൂര്യനെ ചുറ്റുകയും ചെയ്യുന്നത്. ഭൂമിയുടെ ചരിവ് ഏകദേശം 23.5 ഡിഗ്രി വരെയാണ്. അതിനാല്‍ ഭൂമധ്യരേഖയില്‍ നിന്നും കുറച്ചുകാലം തെക്കോട്ടും കുറച്ചുകാലം വടക്കോട്ടും സൂര്യന്‍ ചരിഞ്ഞ് നീങ്ങുന്നതായി തോന്നും. തെക്കോട്ട് നീങ്ങുന്ന സൂര്യന്‍ അക്ഷാംശത്തിലെ മകര രേഖയില്‍ എത്തുമ്പോള്‍ അവസാനിക്കും. ഇതിനെ ദക്ഷിണ അയനാന്തം എന്നു പറയുന്നു. ഭൂമിക്കും സൂര്യനും ചലനങ്ങളില്‍ വരുന്ന ഈ ഭൗതികമാറ്റമാണ് നാം യഥാര്‍ത്ഥത്തില്‍ പല പേരുകളില്‍ ആഘോഷിക്കുന്നത്. ദക്ഷിണ അയനാന്തത്തില്‍ യാത്ര അവസാനിപ്പിക്കുന്ന സൂര്യന്‍ പിന്നീട് വടക്കോട്ട് സഞ്ചരിക്കും. ഇത് അക്ഷാംശ രേഖയിലെ കര്‍ക്കിടക രേഖയില്‍ എത്തുമ്പോള്‍ അവസാനിക്കും. ഇതിനെ ഉത്തര അയനാന്തം എന്ന് പറയുന്നു. ഇത് പുണ്യകാലമായാണ് നാം ആചരിക്കുന്നത്. നമ്മുടെ ഋതുക്കള്‍ മാറിവരുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
സൂര്യന്റെ തെക്കോട്ടുള്ള യാത്ര മകരരേഖയില്‍ (ദക്ഷിണ അയനാന്തം) അവസാനിക്കുന്നത് മകരസംക്രമണത്തോടെയാണ്. അതായത് ജനുവരി 15ന് (മകരം 1ന്) ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഇതിനിപ്പോള്‍ അല്‍പം വ്യത്യാസം വരും. ഈ വര്‍ഷം (2017) ഡിസംബര്‍ 21-നായിരുന്നു ദക്ഷിണ അയനാന്തം അതായത് ധനുമാസം 6ന്.

എന്താണ് മകരരേഖ?
സൂര്യന്‍ തെക്കോട്ട് നീങ്ങി മകരരേഖയില്‍ എത്തുമ്പോള്‍ തന്റെ യാത്ര അവസാനിപ്പിച്ച് വടക്കോട്ട് നീങ്ങുന്നുവെന്ന് സൂചിപ്പിച്ചല്ലോ. എന്താണ് ഈ മകരരേഖ? ഭൂഗോളത്തിന്റെ മാതൃകയായ ഗ്ലോബല്‍ തലങ്ങും വിലങ്ങുമായി കുറേയേറെ രേഖകള്‍ ശ്രദ്ധിച്ചിട്ടില്ലേ. കുത്തനെയുള്ളവ രേഖാംശരേഖകളും വിലങ്ങനെയുള്ളവ അക്ഷാംശ രേഖകളുമാണ്.
ഭൂമധ്യരേഖയില്‍ നിന്നും ഏകദേശം 23.5 ഡിഗ്രി തെക്കുള്ള ഒരു അക്ഷാംശ രേഖയാണ് മകര രേഖ. ഇതുപോലെ ഭൂമധ്യരേഖയില്‍ നിന്നും വടക്കോട്ട് ഇതേ അകലത്തില്‍ ഒരു രേഖയുണ്ട്. അതാണ് കര്‍ക്കിടക രേഖ. ഭൂഗോളത്തിന്റെ എല്ലാത്തിന്റെയും അടിസ്ഥാനം ഈ രേഖകളാണ്. സൂര്യന്റെ യാത്രയുടെ ട്രാഫിക് പോയിന്റുകളാണിവ.

എന്തുകൊണ്ട് മകരരേഖ എന്ന പേരുവന്നു?
23.5 ഡിഗ്രി തെക്കുള്ള രേഖയുടെ മുകളില്‍ സൂര്യന്‍ എത്തുമ്പോള്‍ മകരരാശി എന്നറിയപ്പെട്ടിരുന്ന നക്ഷത്രസമൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് കാണപ്പെട്ടിരുന്നത്. അതുകൊണ്ടാണ് ഈ പേരില്‍ അറിയപ്പെട്ടത്. നേരത്തെ സൂചിപ്പിച്ചത് പോലെ ഇപ്പോഴിതിന്റെ സമയക്രമത്തില്‍ നേരിയ വ്യത്യാസമുണ്ട്. മകര രേഖ മകര രാശി എന്നറിയപ്പെടുന്ന നക്ഷത്ര സമൂഹങ്ങള്‍ക്ക് കൃത്യം നേരെയല്ല വരുന്നത്. കലണ്ടറില്‍ മകരമാസം തുടങ്ങുന്നതിന് അല്‍പം മുന്‍പുതന്നെ (ധനുമാസം 6ന്, ഡിസംബര്‍ 21ന്) സൂര്യന്‍ മകരരേഖയുടെ മുകളിലെത്തും. വടക്കോട്ടുള്ള സൂര്യന്റെ യാത്ര കര്‍ക്കിടക രേഖയില്‍ എത്തുമ്പോഴും ഇതുപോലെ ദിവസങ്ങളില്‍ നേരിയ വ്യത്യാസമുണ്ടാകും.

സൂര്യന്റെ യാത്രയും വിഷ്ഠവ രേഖയും
സൂര്യന്‍ തെക്ക് നിന്നും വടക്കോട്ടും തിരിച്ചും യാത്ര ചെയ്യുമ്പോള്‍ രണ്ട് പ്രാവശ്യം ഭൂമധ്യരേഖ മുറിച്ച് കടക്കും. ഇതിനെ വഷ്ഠവങ്ങളെന്നാണ് പറയുന്നത്. ആ ദിവസങ്ങളില്‍ രാത്രിയും പകലും ഭൂമിയില്‍ തുല്യമായിരിക്കും. മാര്‍ച്ച് 21നും സെപ്റ്റംബര്‍ 23നുമാണിത്. എന്നാല്‍ അല്‍പം വ്യത്യാസത്തോടെ ഈ ദിവസങ്ങളെ മേടവിഷുവായും തുലാവിഷുവായും നാം ആഘോഷിക്കുന്നു. തുലാവിഷു നമുക്ക് വലിയ ആഘോഷമില്ല. ഋതുക്കളുമായി ബന്ധപ്പെട്ട് രണ്ട് കാലത്തിനും പ്രാധാന്യമുണ്ട്. മേടവിഷുവമായും തുലാവിഷുവുമായി രണ്ട് വിഷുവബിന്ദുക്കള്‍ സങ്കല്‍പപ്പെട്ടിരിക്കുന്നു. ഇവയെ ബന്ധിപ്പിക്കുന്ന പ്രാചീന ജ്യോതിശാസ്ത്രപ്രകാരമുള്ള സാങ്കല്‍പിക രേഖയാണ് വിഷുരേഖ. ഈ രേഖ തരണം ചെയ്താണ് സൂര്യന്‍ കടന്നുപോകുന്നത്.

ആകാശം എന്ന കലണ്ടര്‍
പ്രാചീന മനുഷ്യന്റെ കലണ്ടറായിരുന്നു ആകാശവും ഗ്രഹങ്ങളുടെ ചലനങ്ങളും. ഇതില്‍ പ്രധാനമാണ് സൂര്യ-ചന്ദ്രന്മാരുടെ യാത്രകള്‍. ഇതനുസരിച്ചായിരുന്നു നാം വിശേഷ ദിവസങ്ങളും ഉല്‍സവങ്ങളും സംഘടിപ്പിച്ചിരുന്നത്. ഭൂമിയിലെ കാലാവസ്ഥ മാറ്റങ്ങളും കൃഷിയും മറ്റും നടത്തിയിരുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. പില്‍ക്കാലത്ത് കൃഷിയും ഉല്‍സവങ്ങളുമായി ബന്ധപ്പെട്ടു വന്നു.
ഭൂമിക്ക് മുകളില്‍ ആകാശം ഒരു മേല്‍ക്കൂര പോലെ വിടര്‍ന്ന് നില്‍ക്കുന്നതായാണ് പ്രാചീന മനുഷ്യന് തോന്നിയത്. അതനുസരിച്ച് സൂര്യന്‍ കിഴക്ക് പടിഞ്ഞാറായി സഞ്ചരിക്കുന്നതായി മനസിലാക്കി അതിനെ പല ഭാഗങ്ങളായി തിരിച്ചു. ഇത് പിന്നെ കൂട്ടിയും കുറച്ചും മനുഷ്യന്റെ ഭൗതിക സൗകര്യം കണക്കാക്കി ഇന്നത്തെ 12 മാസങ്ങളാക്കി. സൂര്യന്‍ ഓരോ രാശിയുടെയും (നക്ഷത്രസമൂഹങ്ങളുടെ) പശ്ചാത്തലത്തില്‍ വരുന്നതിനെ അതിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. മേടം മുതല്‍ മീനം വരെയുള്ള മാസങ്ങള്‍ അതിന്റെ അടിസ്ഥാനത്തിലാണ്. ഇതിനൊക്കെ പേര് കൊടുത്തത് ഈ നക്ഷത്രസമൂഹങ്ങളെ ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ നമുക്ക് തോന്നുന്ന രൂപങ്ങളുടെ അടിസ്ഥാനത്തിലാണ്.
ഉദാഹരണത്തിന് മേടം എന്നാല്‍ ആട് എന്നാണ് അര്‍ത്ഥം. അതായത് ആ നക്ഷത്രസമൂഹം ആടിന്റെ രൂപത്തിലാണ് ഇവിടെ നിന്നും നോക്കുമ്പോള്‍ നമുക്ക് തോന്നുന്നത്.
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും മറ്റുമാണ് മാസങ്ങളും ദിവസങ്ങളുമായി മാറിയത്. പൗര്‍ണമിയും അമാവാസിയും പ്രാധാന്യമുള്ള ദിവസങ്ങളായി. ദിവസങ്ങളിലെ പേരുകള്‍ക്ക്‌പോലും ആകാശ ഗോളങ്ങളുമായി സാമ്യപ്പെടുത്തിയാണ് നിശ്ചയിച്ചത്. തിങ്കള്‍ എന്നാല്‍ ചന്ദ്രനും ചൊവ്വ എന്നാല്‍ ചൊവ്വാഗ്രഹവും ബുധന്‍ ബുധഗ്രഹവും വ്യാഴന്‍ വ്യാഴഗ്രഹവും വെള്ളി ശുക്രനും, ശനി ശനി ഗ്രഹവും ഞായര്‍ സൂര്യനും. ഹൈന്ദവര്‍ മനുഷ്യന്റെ നാളുകളെ നിശ്ചയിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്. സൗകര്യത്തിനായി ഒരു വര്‍ഷത്തെ 27 നക്ഷത്രങ്ങളായി പരിമിതപ്പെടുത്തി. അതിലെ 12 രാശികളില്‍ രണ്ടേകാല്‍ നക്ഷത്രങ്ങളെ വീതം ഉള്‍പ്പെടുത്തി. ഇതുവച്ച് ഭാവി പ്രവചിച്ചു. മനുഷ്യന് തന്റെ ഭാവി അറിയാനുള്ള അതിയായ ആഗ്രഹമായിരുന്നു ഇതിന്റെയെല്ലാം പിന്നില്‍. പക്ഷേ ഇതിനൊന്നും ശാസ്ത്രീയതയില്ല.
ഭൂമിയുടേയും ആകാശഗോളങ്ങളുടെയും മറ്റുമുള്ള ആകാശ അടയാളങ്ങളാണ് എല്ലാത്തരം അവന്റെ(ളെ) കാഴ്ചപ്പാടുകളെ സ്വാധീനിച്ചത്. മതത്തിന്റെ പരിവേഷം ഇതിനൊക്കെ വന്നത് വളരെ കഴിഞ്ഞാണ്.

Related News