Saturday
15 Dec 2018

മലബാര്‍ കലാപവും കുമ്മനത്തിന്റെ ജിഹാദും

By: Web Desk | Thursday 9 November 2017 1:31 AM IST

രേയും രക്ഷിക്കാനാവാതെ രക്ഷായാത്ര നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്റെ യാത്രയുടെ മലപ്പുറത്തെ പര്യടനവേളയില്‍ ഒരു കാര്യം കണ്ടെത്തി- ‘മലബാര്‍ കലാപം കേരളത്തിലെ ആദ്യത്തെ ജിഹാദി കലാപമായിരുന്നു.’ യാത്ര മലബാറിലൂടെ കടന്നുപോയ നേരത്ത് വേങ്ങരയില്‍ ഒരു ഉപതിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. 1921ലെ മലബാര്‍ കലാപം നടന്ന പഴയ ഏറനാട് താലൂക്കിലെ മുസ്‌ലിം കേന്ദ്രങ്ങളിലൊന്നാണ് ഈ മണ്ഡലം ഉള്‍പ്പെടുന്ന പ്രദേശം. അവിടെ നടന്ന ‘ജിഹാദി’ കലാപത്തിന് പ്രതികാരം ചെയ്യാന്‍ പറ്റിയ അവസരം. പക്ഷേ വോട്ട് എണ്ണിനോക്കിയപ്പോള്‍ കണ്ടത് കുമ്മനത്തിന്റെ പാര്‍ട്ടിസ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ രണ്ടായിരത്തോളം വോട്ട് കുറവ്. എന്തേ വോട്ടര്‍മാര്‍ ജിഹാദികള്‍ക്ക് എതിരായി വോട്ട് ചെയ്തില്ലെന്ന് മാത്രമല്ല, കുമ്മനത്തിന്റെ ആരോപണത്തെ ഇങ്ങനെ തള്ളിക്കളഞ്ഞത്?
കേരളത്തില്‍ ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ തമ്മില്‍ ഭിന്നത സൃഷ്ടിച്ച് വര്‍ഗീയ വൈരത്തിന്റെ അന്തരീക്ഷത്തില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘപരിവാരം ലൗജിഹാദും ഘര്‍വാപസിയും ജിഹാദി ഭീഷണിയുമൊക്കെ ഓരോ കാലത്ത് അങ്ങാടിയില്‍ വില്‍പനയ്ക്ക് വയ്ക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. അത് വളരെ പരിമിതമായ മട്ടില്‍ മാത്രമേ കേരളത്തില്‍ ചെലവാകുന്നുളളു എന്നത് വേറെ കാര്യം.
അതിനൊരു കാരണം കേരളത്തിന്റെ ഉയര്‍ന്ന രാഷ്ട്രീയ സാക്ഷരതയാണ്. അതേപോലെ പ്രധാനമാണ് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദത്തിന്റെയും പാരസ്പര്യത്തിന്റേതുമായ കേരളീയ പാരമ്പര്യം. അത് തകര്‍ത്തുകൊണ്ട് മാത്രമേ സംഘപരിവാരത്തിന്റെ വര്‍ഗീയ അജന്‍ഡ കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കുകയുള്ളു. പക്ഷേ, അതിനെ ചെറുക്കാന്‍ പൊതുവില്‍ എല്ലാ വിഭാഗങ്ങളും സംയമനത്തോടെ നിലപാട് സ്വീകരിക്കുന്നതായും കാണാം.
വേങ്ങരയില്‍ കാവിപ്പടയുടെ വോട്ട്‌നഷ്ടത്തിന് ഒരു കാരണം ഈ അമിത വര്‍ഗീയ പ്രചരണത്തോടുള്ള ഹിന്ദു സമുദായത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും വിയോജിപ്പുതന്നെ. അങ്ങനെയൊരു വിയോജിപ്പ് ഏറ്റവും പ്രകടമായി കാണുന്നത് സമുദായത്തിലെ പ്രബലവിഭാഗമായ പിന്നോക്കക്കാര്‍ക്കിടയിലും ദളിത് വിഭാഗങ്ങള്‍ക്കിടയിലുമാണ്. പൊതുവില്‍ സംഘപരിവാര നേതൃത്വം ഇന്നും സവര്‍ണരില്‍ ഒതുങ്ങി നില്‍ക്കുകയാണ്. അവരുടെ നിലപാടുകളും താല്‍പര്യങ്ങളുമാണ് മിക്കപ്പോഴും ആ പാര്‍ട്ടിയുടെ നയസമീപനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും.
1921ലെ കലാപത്തെ സംബന്ധിച്ച കുമ്മനം രാജശേഖരന്റെ പ്രസ്താവനയിലും ബിജെപി-ആര്‍എസ്എസ് നേതൃത്വം നടത്തിവരുന്ന വിഷലിപ്തമായ മുസ്‌ലിംവിരുദ്ധ പ്രചാരവേലയിലും ഇങ്ങനെയൊരു ഗുപ്തമായ വശം നിലനില്‍ക്കുന്നുണ്ട്. മലബാര്‍ കലാപത്തെ ഹിന്ദുക്കള്‍ക്കെതിരെ മുസ്‌ലിം വംശീയവാദികള്‍ നടത്തിയ വര്‍ഗീയ സ്വഭാവമുള്ള ഒരു കടന്നാക്രമണമായാണ് കുമ്മനം അടക്കമുള്ള സംഘപരിവാര നേതാക്കള്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്. ഇത് സംഘപരിവാരത്തെ സംബന്ധിച്ചിടത്തോളം പുതിയൊരു കാര്യമല്ല. അവരുടെ നേതൃത്വം തുടക്കംമുതലേ ഈ പ്രചാരവേല നടത്തിയിരുന്നു. പക്ഷേ, കലാപം നടന്ന ഏറനാട്, വള്ളുവനാട് താലൂക്കുകളിലെയും സമീപസ്ഥമായ കോഴിക്കോട് അടക്കമുള്ള താലൂക്കുകളിലെയും ജനങ്ങള്‍ പോലും അത് ഒരിക്കലും അംഗീകരിക്കുകയുണ്ടായില്ല.
എന്നുമാത്രമല്ല മലബാര്‍ കലാപത്തിന്റെ സുപ്രധാനവശങ്ങളിലൊന്ന് ബ്രിട്ടീഷ് വിരുദ്ധവും മറ്റൊന്ന്, ജന്മിവിരുദ്ധവും ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയത് ഇതേ പ്രദേശങ്ങളില്‍ ജനിച്ചുവളര്‍ന്ന നേതാക്കളും പണ്ഡിതന്മാരും തന്നെയാണ്. കലാപകാലത്ത് കെപിസിസിയുടെ നേതാക്കളായിരുന്ന കെ മാധവന്‍ നായരും എം പി നാരായണമേനോനും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന കോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും ഒക്കെത്തന്നെ ജന്മിത്തവും ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരപീഡനങ്ങളും എങ്ങനെയാണ് മലബാറിലെ വെറുമ്പാട്ട കൃഷിക്കാരായ മാപ്പിളമാരെ പ്രക്ഷോഭരംഗത്തേക്കു നയിച്ചത് എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.
‘ഖിലാഫത്ത്’ എന്ന വാക്കിന് കലീഫയുമായി ബന്ധമൊന്നുമില്ലെന്ന് അറിവുള്ളവര്‍ പറയുന്നു. ‘ഖിലാഫ്’ എന്ന വാക്കിന്റെ അര്‍ഥം ‘എതിരെ’ (വിരുദ്ധം) എന്നാണ്. യഥാര്‍ഥത്തില്‍ സാമ്രാജ്യവിരുദ്ധ പ്രസ്ഥാനമായിരുന്നു ‘ഖിലാഫത്ത്’. അഫ്ഗാനിസ്ഥാനും തുര്‍ക്കിയുമുള്‍പ്പെടെ പശ്ചിമേഷ്യയിലെ മുസ്‌ലിം രാജ്യങ്ങളില്‍ ഒന്നാം ലോകയുദ്ധാനന്തരം ദേശീയ, വിമോചനസമരങ്ങള്‍ വളര്‍ന്നുവരികയുണ്ടായി. അഫ്ഗാനിസ്ഥാനില്‍ അമാനുള്ളാഖാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിലും തുര്‍ക്കിയില്‍ കമാന്‍പാക്ഷ അന്നാ തുര്‍ക്കിന്റെ നേതൃത്വത്തില്‍ ജനാധിപത്യ വിപ്ലവം വിജയിക്കുന്നതിലുമാണ് അത് കലാശിച്ചത്.
ഇന്ത്യയിലാണെങ്കില്‍, ഒന്നാം ലോകയുദ്ധാനന്തര സാമ്രാജ്യവിരുദ്ധ മുന്നേറ്റത്തിന് അഭൂതപൂര്‍വമായ ശക്തിയും വ്യാപ്തിയും നല്‍കിയ ഒരു പ്രധാനഘടകം ഖിലാഫത്ത് കമ്മിറ്റിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും കൈകോര്‍ത്ത് പിടിച്ച് നീങ്ങിയതായിരുന്നു. അത് സ്വാതന്ത്ര്യസമരത്തില്‍ അന്ന് ഊട്ടിയുണ്ടാക്കപ്പെട്ട ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമായിരുന്നു. ആ ഐക്യത്തിന്റെ വിപ്ലവകരമായ പ്രാധാന്യത്തെ ലെനിന്‍ അന്ന് ഊന്നിപ്പറഞ്ഞു. അത് എല്ലാ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും മാതൃകയാണെന്ന് ലെനിന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
മലബാറില്‍, പ്രതേ്യകിച്ചും ഏറനാട്ടിലും വള്ളുവനാടിന്റേയും പൊന്നാനിയുടേയും തൊട്ടുകിടക്കുന്ന പ്രദേശങ്ങളിലും ഖിലാഫത്ത്-കോണ്‍ഗ്രസ് കമ്മിറ്റികള്‍ അടുത്തു സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. പല സ്ഥലത്തും രണ്ടിന്റേയും ഭാരവാഹികള്‍ ഒരേ ആളുകള്‍ തന്നെയായിരുന്നു. മറ്റൊരു പ്രതേ്യകത ജന്മികളുടെ ചൂഷണത്തിനും മര്‍ദനത്തിനും അവര്‍ക്ക് കൂട്ടുനിന്ന ബ്രിട്ടീഷിന്ത്യന്‍ ഉദേ്യാഗസ്ഥന്മാര്‍ക്കുമെതിരായ മാപ്പിള കൃഷിക്കാരുടെ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള തുടര്‍ച്ചയായ ചെറുത്തുനില്‍പ് പോരാട്ടങ്ങളാണ്. മറ്റൊരു പ്രതേ്യകതയുമുണ്ട്: യുദ്ധത്തില്‍ പങ്കെടുത്ത് മടങ്ങിവന്നവരും ജോലിയൊന്നും കിട്ടാത്തവരുമായ, സൈനികപരിശീലനം നേടിയ, പിരിച്ചുവിടപ്പെട്ട പട്ടാളക്കാര്‍ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുക്കുകയുണ്ടായി.
അന്നത്തെ നിസഹകരണ-ഖിലാഫത്ത് പ്രസ്ഥാനം ഏറനാട്ടില്‍ സായുധസമരത്തിന്റെ രൂപം കൈക്കൊള്ളാന്‍ ഇങ്ങനെ പല കാരണങ്ങളുമുണ്ട്. 1857-59ലെ ശിപായി ലഹളയില്‍ നിന്ന് വ്യത്യസ്തമായി മലബാര്‍ കലാപം ശരിക്കും ബഹുജന സ്വഭാവത്തോട് കൂടിയതായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഒന്നാം സ്വാതന്ത്ര്യയുദ്ധം നടത്തിയത് ശിപായി (ഹിന്ദുക്കളും മുസ്‌ലിങ്ങളുമായ ഇന്ത്യന്‍ പട്ടാളക്കാര്‍)കളാണ്. അവര്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ മലബാര്‍ കലാപത്തില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുത്തു. അത് ശരിക്കും ഒരു ബഹുജന സായുധപോരാട്ടമായിരുന്നു.
മലബാര്‍ കലാപം സാരാംശത്തിലും പ്രധാനമായും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ മര്‍ദനസ്ഥാപനങ്ങള്‍ക്കും ജന്മി-നാടുവാഴിത്ത വ്യവസ്ഥയ്ക്കുമെതിരായിട്ടായിരുന്നു. അത് അവസാനഘട്ടത്തില്‍ വര്‍ഗീയ (ഹിന്ദുവിരോധ) സ്വഭാവം കൈക്കൊള്ളാന്‍ തുടങ്ങിയത് കലാപത്തെ അടിച്ചമര്‍ത്താന്‍ പട്ടാളം രംഗത്തുവന്നതിനുശേഷമാണ്. പട്ടാളത്തിനു ഒറ്റുകാരായി പ്രവര്‍ത്തിച്ചത് അധികവും ഹിന്ദുക്കളും പ്രമാണികളുമായിരുന്നു. അവരെ കലാപകാരികള്‍ എതിര്‍ക്കുകയും ചെറുക്കുകയും ചെയ്തത് സ്വാഭാവികമാണ്.
1920-22ലെ ഇന്ത്യയിലെ സ്വാതന്ത്ര്യസമര മുന്നേറ്റത്തിന്റെ ഭാഗമായി രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഇങ്ങനെയൊരു വ്യാപകമായ സായുധകലാപം പൊട്ടിപ്പുറപ്പെടുമെന്നും ബ്രിട്ടീഷ് ഭരണത്തെ കുറച്ചുകാലത്തേക്കെങ്കിലും നാമാവേശഷമാക്കുമെന്നും ആരും പ്രതീക്ഷിച്ചതല്ല. കോണ്‍ഗ്രസുകാരെ അത് അമ്പരപ്പിച്ചു. കലാപത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷിന്ത്യന്‍ പട്ടാളം കാണിച്ച മനുഷ്യത്വശൂന്യമായ ക്രൂരതകളെ (വാഗണ്‍ ട്രാജഡി ഉള്‍പ്പെടെ) അധിക്ഷേപിക്കുന്നതിനേക്കാള്‍ കോണ്‍ഗ്രസിന്റെ ഔദേ്യാഗിക നേതൃത്വം വ്യഗ്രത കാണിച്ചത് കലാപകാരികളുടെ ‘അക്രമ’ത്തെ തള്ളിപ്പറയാനായിരുന്നു.
മലബാര്‍ കലാപത്തെപ്പറ്റി ആദ്യമായി ഗവേഷണം നടത്തിയത് പ്രസിദ്ധ റഷ്യന്‍ ഇന്തോളജിസ്റ്റായ ഗ്രിഗറി കുട്ടൊവ്‌സ്‌കി ആയിരുന്നു. പിന്നീട് മലബാര്‍ കലാപത്തെപ്പറ്റി വളരെ വിദഗ്ധമായ ഗവേഷണം നടത്തിയത് ഒരു ബ്രിട്ടീഷ് കമ്യൂണിസ്റ്റുകാരനായ കോണ്‍റാഡ്‌വുഡ് ആണ്.
ചരിത്രസത്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് വളച്ചൊടിക്കാനാണ് കുമ്മനം ശ്രമിക്കുന്നത്. ഇന്ത്യയിലെ വര്‍ഗീയതയ്ക്ക് എന്നും കൈത്താങ്ങായി വര്‍ത്തിച്ചിട്ടുള്ളത് വര്‍ഗീയ ചരിത്രങ്ങളാണ്. ഭൂരിപക്ഷ വര്‍ഗീയവാദികളും ന്യൂനപക്ഷ വര്‍ഗീയവാദികളും ഒരേപോലെ മലബാര്‍ കലാപത്തിന്റെ ചരിത്രത്തെ വളച്ചൊടിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തോട് ഹിന്ദുക്കള്‍ക്ക് ഉദാസീന മനോഭാവമോ നിസംഗമനോഭാവമോ ആണ് ഉണ്ടായിരുന്നതെങ്കിലും, കലാപത്തിന്റെ എല്ലാ ഘട്ടത്തിലും പരിമിതമായ തോതിലായിരുന്നുവെങ്കില്‍ പോലും ഹിന്ദുക്കളും പങ്കെടുത്തിരുന്നുവെന്നത്, മതപരമല്ലാത്ത പ്രശ്‌നങ്ങള്‍ക്ക് കലാപത്തിലുള്ള സ്വാധീനത്തെ അടിവരയിട്ട് കാണിക്കുന്നു. കുമ്മനം ചരിത്രം പഠിക്കണ്ട; പക്ഷെ ചരിത്രത്തെ വളച്ചൊടിക്കരുത്. ജാതിപീഡനത്തിന്റെ ജുഗുപ്‌സാവഹമായ ഓര്‍മകളെ തിരിച്ചുകൊണ്ടുവരിക വഴി സംഘപരിവാര്‍ തീക്കൊള്ളികൊണ്ട് സ്വന്തം തല തന്നെയാണ് ചൊറിയുന്നത്.

Photo Courtesy: The Indian Express