Thursday
24 Jan 2019

നന്മയുള്ള സുഡാനി

By: Web Desk | Thursday 29 March 2018 4:28 PM IST

കെ കെ ജയേഷ്

സാമുവേല്‍ ആബിയോള റോബിന്‍സണ്‍ എന്ന നൈജീരിയക്കാരന്‍ പറയുന്ന ഭാഷ ഇങ്ങിവിടെ മലപ്പുറത്തുള്ള ജമീലുമ്മയ്ക്ക് മനസ്സിലാവുന്നില്ല. പക്ഷെ സാമുവേലുമായി ജമീലുമ്മ സംസാരിക്കുന്നു.. വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.. അവര്‍ക്കയാള്‍ സ്വന്തക്കാരനാവുന്നു.. അല്ല സ്വന്തം മകന്‍ തന്നെയാവുന്നു.ഭാഷ അറിയില്ലെങ്കിലും സ്‌നേഹത്തിന്റെ ഭാഷയില്‍ ജമീല സാമുവേലിനോട് സംവദിക്കുമ്പോള്‍ ഭാഷയുടെ അപരിചിതത്വവും മതത്തിന്റെ വേലിക്കെട്ടുകളും തകര്‍ന്നു വീണ് മാനവികതയുടെ ഭാഷ മുഴങ്ങിക്കേള്‍ക്കുകയാണ്. അതെ സാമുവേല്‍ എന്ന നൈജീരിയക്കാരന്‍ ക്രിസ്ത്യാനി മജീദിന്റെ ഉമ്മ ജമീലയ്ക്ക് മകനായും അയല്‍പക്കത്തെ ബീയുമ്മയ്ക്ക് സ്വന്തക്കാരനായും മജീദിനും ദേശക്കാര്‍ക്കും സുഡുവെന്ന സഹോദരനായും മാറുമ്പോള്‍ മാനവികതയുടെ പുതിയ തലങ്ങളിലേക്ക് സുഡാനി ഫ്രം നൈജീരിയ എന്ന കൊച്ചു സിനിമ എളുപ്പത്തില്‍ കയറിച്ചെല്ലുന്നു.
മനസ്സില്‍ സ്‌നേഹം നിറച്ചു വെച്ച് അതിഥികളെ സത്ക്കരിക്കുന്നവരാണ് മലപ്പുറത്തെ ഭൂരിഭാഗം ആളുകളും. ഫുട്‌ബോള്‍ ഖല്‍ബില്‍ നിറച്ച ശുദ്ധരായ മനുഷ്യര്‍. എന്നാല്‍ നമ്മുടെ മലയാള സിനിമ കുറേക്കാലമായി അവരെ സ്ത്രീവിരുദ്ധരും പിന്തിരിപ്പന്‍മാരും വിവരദോഷികളുമായാണ് ചിത്രീകരിച്ചുവന്നിരുന്നത്. ഷാജി കൈലാസിന്റെ ആറാം തമ്പുരാന്‍ ഉള്‍പ്പെടെയുള്ള സിനിമകളിലെ മലപ്പുറത്തെ ബോബ് ഡയലോഗുകള്‍ കേട്ട് കൈയ്യടിച്ചവരാണ് കേരളീയര്‍. എന്നാല്‍ വാര്‍പ്പു മാതൃകകളും ക്ലീഷേകളും അടിമുടി പൊളിച്ചെറിഞ്ഞാണ് നവഗാതനായ സക്കറിയ എന്ന സംവിധായകന്റെ വരവ്. മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിലൂടെ കഥ പറഞ്ഞ് തുടങ്ങി മനുഷ്യസ്‌നേഹത്തിന്റെ മഹനീയ മാതൃകയായി തന്റെ കൊച്ചു സുഡാനിയെ വളര്‍ത്തിയെടുക്കുകയാണ് ഈ സംവിധായകന്‍. മലപ്പുറത്തെ സാധാരണക്കാര്‍ ഖല്‍ബില്‍ കാത്തുവെച്ച സ്‌നേഹത്തിന്റെ പന്ത് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് മെല്ലെ അടിച്ചു കയറ്റുകയാണ് ഈ സുഡാനി.
കോടികളുടെ കണക്കോ, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിന്യാസമോ ഒന്നുമുള്ള സിനിമയല്ല സുഡാനി. അദ്ഭുതപ്പെടുത്തുന്ന ട്വിസ്റ്റുകളോ അമ്പരപ്പിക്കുന്ന ക്ലൈമാക്‌സോ ഒന്നും ഈ സിനിമയില്‍ കാണാന്‍ കഴിയില്ല. എന്നാല്‍ ജീവിതത്തിന്റെ സത്യസന്ധമായ.. നന്മ നിറഞ്ഞ സുന്ദര കാഴ്ചകള്‍ ആവോളം കൂട്ടിയിണക്കിയിട്ടുണ്ട് ഇവിടെ. മധുരമുള്ള കരിക്കിന്‍ വെള്ളം പോലെ പ്രേക്ഷകര്‍ക്ക് അത് മോന്തിക്കുടിക്കാം.
നാട് അതിവേഗം മാറുകയാണ്. നിരവധി പോരാട്ടങ്ങളിലൂടെ ആര്‍ജ്ജിച്ച നേട്ടങ്ങളെല്ലാം ഇല്ലാതാക്കി ജാതി മത വര്‍ഗ്ഗീയ ശക്തികള്‍ കേരളത്തില്‍ വേരോട്ടം നേടിക്കൊണ്ടിരിക്കുന്നു. ഓരോ മതക്കാര്‍ക്കും പ്രത്യേകം പ്രത്യേകം സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയിലേക്ക് പോലും കാര്യങ്ങളെത്തിക്കഴിഞ്ഞു.എന്നാല്‍ കുറച്ചുകാലം മുമ്പ് വരെ ഇങ്ങനെയായിരുന്നില്ല അവസ്ഥ. മതവും ആചാരങ്ങളുമെല്ലാം മനസ്സില്‍ ഉണ്ടെങ്കിലും എത്ര സുന്ദരമായിട്ടായിരുന്നു വ്യത്യസ്ത മതവിഭാഗങ്ങള്‍ ഇവിടെ ഒന്നായി ജീവിച്ചിരുന്നത്. എന്നാല്‍ ഇന്ന് അവര്‍ക്കിടയില്‍ ആരൊക്കെയോ ചേര്‍ന്ന് അദൃശ്യമായ വേലികള്‍ കെട്ടിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തിന് മുമ്പുണ്ടായിരുന്ന മലബാറിലെ ഒരു ഗ്രാമത്തിന്റെ രൂപമാണ് സുഡാനിയിലെ നാട്ടിന്‍പുറത്തിനുള്ളത്. ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാവുന്നതാണ് അവിടുത്തെ വീടുകള്‍.. മമ്പുറം പള്ളിയില്‍ ഉമ്മമാര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ആ പ്രാര്‍ത്ഥന മറ്റുള്ളവര്‍ക്കും കൂടി വേണ്ടിയുള്ളതാണ്. ഭിക്ഷക്കാര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുകള്‍ അവിടെ എവിടെയും ഇല്ല. നന്മ നിറഞ്ഞ സ്‌നേഹ ബന്ധങ്ങളും ആവേശം വിതറുന്ന ഫുട്‌ബോളും ആ ഗ്രാമത്തെ കൂടുതല്‍ സുന്ദരമാക്കുന്നു.
കേരളം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം വി പി സത്യന്റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്‍ പുറത്തിറങ്ങിയിട്ട് അധികം നാളായിട്ടില്ല. അതിന് പിന്നാലെയാണ് മലപ്പുറത്തെ ഫുട്‌ബോള്‍ ആരവത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സുഡാനി ഫ്രം നൈജീരിയയുടെ വരവ്. എം വൈ സി ആക്കോട് എന്ന ക്ലബിന്റെ മാനേജറാണ് മജീദ്. ജീവിതത്തില്‍ വേദനയുടെ കഥ മാത്രമേ മജീദിനുള്ളു. എന്നാല്‍ ഫുട്‌ബോളിലൂടെ അയാള്‍ അതെല്ലാം മറക്കുന്നു. മൈതാനങ്ങളില്‍ നിന്ന് മൈതാനങ്ങളിലേക്ക് അയാള്‍ ഓടുന്നത് ശുഭപ്രതീക്ഷയുമായിട്ടാണ്. ഗോളുകള്‍ക്ക് പിന്നില്‍ നില്‍ക്കുമ്പോഴും തിരിച്ചടിച്ച് സമനിലയെങ്കിലും നേടുമെന്ന പ്രതീക്ഷ അവസാന നിമിഷം വരെ അയാള്‍ കാത്തു സൂക്ഷിക്കാറുണ്ട്. ഈ മജീദിന്റെ ക്ലബിലേക്കാണ് നൈജീരിയക്കാരനായ സാമുവേല്‍ എത്തുന്നത്. അയാള്‍ ഒരു അഭയാര്‍ത്ഥിയാണ്. വേദനിപ്പിക്കുന്ന ഒരു ഭൂതകാലം അയാളുടെ മനസ്സില്‍ തളം കെട്ടിക്കിടപ്പുണ്ട്. നാട്ടിലെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍.. കുടുംബങ്ങളുടെ നിസ്സഹായവസ്ഥ.. ഇതെല്ലാം അയാളെ വിടാതെ പിന്തുടരുന്നുണ്ട്. എങ്കിലും നല്ലൊരു ഭാവികാലം തനിക്ക് മുമ്പില്‍ തുറക്കുമെന്ന വിശ്വാസത്തിലാണ് ഫുട്‌ബോളിന് പിന്നാലെയുള്ള അയാളുടെ ഓട്ടം. ആ ഓട്ടമാണ് അങ്ങ് നൈജീരിയയില്‍ നിന്ന് കള്ളപാസ്‌പോര്‍ട്ടില്‍ അയാളെ ഇങ്ങ് മലപ്പുറത്തെത്തിച്ചത്. സെവന്‍സ് ഫുട്‌ബോള്‍ കളിക്കാനെത്തുന്ന ആഫ്രിക്കന്‍ വംശജരെ നാട്ടുകാര്‍ മുമ്പ് സുഡാനികള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. സാമുവല്‍ താന്‍ സുഡാനിയല്ല നൈജീരിയക്കാരനാണെന്ന് തിരുത്തുന്നുണ്ടെങ്കിലും നാട്ടുകാര്‍ക്ക് അയാള്‍ അവരുടെ പ്രിയപ്പെട്ട സുഡു തന്നെയായി മാറുന്നു.
കുളിമുറിയില്‍ വീണ് പരിക്കേല്‍ക്കുന്ന സാമുവല്‍ മജീദിന്റെ വീട്ടില്‍ താമസിക്കുന്നു. വീട്ടില്‍ പാര്‍പ്പിക്കാന്‍ താത്പര്യമില്ലെങ്കിലും നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മജീദ് അതിന് സമ്മതിക്കുകയാണ്.നൈജീരിയക്കാരനായ.. ക്രിസ്ത്യാനിയായ സാമുവല്‍ പതിയെ എല്ലാവരുടെയും പ്രിയപ്പെട്ടവനാകുന്നു. മജീദിന്റെ ഉമ്മ ജമീല മകനെപ്പോലെ അവനെ സ്‌നേഹിക്കുന്നു.. അവനോട് മിണ്ടാനായി അയല്‍പക്കത്തെ ബീയുമ്മ ഇടയ്ക്കിടെ വീട്ടിലേക്ക് കയറിവരുന്നു. കുട്ടികളും വൃദ്ധരും യുവാക്കളും.. ആ നാട് ഒന്നടങ്കം സാമുവലിന്റെ സ്വന്തക്കാരാകുന്നു. നര്‍മ്മം നിറഞ്ഞ നിമിഷങ്ങളിലൂടെ.. ലളിതമായ ആഖ്യാനത്തിലൂടെ.. പരസ്പര ബന്ധത്തിന്റെ ഇഴയടുപ്പത്തിലൂടെ സമര്‍ത്ഥമായി സിനിമ മുന്നേറുന്നത് പ്രേക്ഷകര്‍ക്ക് അനുഭവിച്ചറിയാം.
ഫുട്‌ബോളിലാണ് കഥ ആരംഭിക്കുന്നത്. ലോകം നെഞ്ചേറ്റുന്ന കാല്‍പ്പന്ത് കളിയുടെ സൗന്ദര്യത്തിലൂടെ സിനിമ ഒരു നാടിന്റെ നന്മകളിലേക്ക്.. മനുഷ്യബന്ധങ്ങളുടെ കരുത്തിലേക്ക്.. അഭയാര്‍ത്ഥികളാക്കപ്പെട്ട മനുഷ്യരുടെ വേദനകളിലേക്ക്.. കണ്ണില്ലാത്ത നിയമ വ്യവസ്ഥകളുടെ കാല്‍ച്ചങ്ങലകളിലേക്ക് ഒക്കെ നടന്നു കയറുന്നു. മതങ്ങള്‍ക്കും ഭാഷയ്ക്കുമെല്ലാമപ്പുറം മനുഷ്യത്വത്തെ തിരിയുന്നു എന്നത് തന്നെയാണ് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ ശ്രദ്ധേയമാക്കുന്നത്.
സാമുവല്‍ കാണുന്ന ഒരു സ്വപ്നമുണ്ട്. മരുഭൂമിയൂലൂടെ ഒരിറ്റ് ദാഹനീരിനായി കുടവുമെടുത്ത് അലയുകയാണ് അയാളുടെ സഹോദരി. ഒടുവില്‍ അവള്‍ തളര്‍ന്നു വീഴുന്നു. ഈ സ്വപ്നത്തിന്റെ ഞെട്ടലില്‍ നിന്ന് അയാള്‍ കണ്ണുതുറക്കുന്നത് അലസമായി വെള്ളം പാഴാക്കുന്ന ഒരാളിലേക്കാണ്. മമ്പുറം പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോള്‍ ജമീലുമ്മ സാമുവലിനോട് പറയുന്നത് ഭിക്ഷക്കാരാരെങ്കിലും വന്നാല്‍ ഡപ്പിയില്‍ വെച്ച കാശെടുത്ത് കൊടുക്കണേ എന്നാണ്.
വരള്‍ച്ച പിടിമുറുക്കിക്കഴിഞ്ഞിട്ടും വെള്ളത്തിന്റെ മൂല്യം തിരിച്ചറിയാത്തവരാണ് മലയാളികള്‍ ഇന്നും. ഭിക്ഷക്കാരെ അക്രമിക്കാനും ഇതര സംസ്ഥാന തൊഴിലാളികളെ അപഹസിക്കാനും നമുക്ക് ഒരു മടിയുമില്ല. ഇത്തരത്തില്‍ സ്വന്തം ഇടത്തില്‍ ഒതുങ്ങിപ്പോകുന്ന നമ്മള്‍ മലയാളികളോട് ചില ചോദ്യങ്ങള്‍ ഈ സുഡാനി ചോദിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ മനസ്സില്‍ നന്മ നിറച്ച് സാമുവേല്‍ മടങ്ങിപ്പോകുന്നു. ആ മടക്കത്തിനിടെ മജീദും സാമുവലും പരസ്പരം കുപ്പായങ്ങള്‍ ഊരിക്കൊടുക്കുന്നു. എവിടുന്നോ വന്ന സാമുവലിന് വേണ്ടിയാണ് ഉമ്മമാര്‍ മമ്പുറം പള്ളിയില്‍ ദുആക്ക് പോയത്. സംഘര്‍ഷങ്ങളും കുറ്റകൃത്യങ്ങളും വര്‍ഗ്ഗീയതയും പിടിമുറുക്കുമ്പോഴും മാനവികത ലോകത്ത് പൂര്‍ണ്ണമായും നഷ്ടമായിട്ടില്ലെന്ന ശുഭപ്രതീക്ഷ പകര്‍ന്നാണ് സുഡാനി അവസാനിക്കുന്നതും.
സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകള്‍ അതീവ ലളിതവും സുന്ദരവുമായി അവതരിപ്പിച്ചതാണ് സക്കറിയ എന്ന നവാഗത സംവിധായകനില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. തുടക്കക്കാരന്റെ പിഴവുകള്‍ ഒരിടത്തും സിനിമയില്‍ നമുക്ക് കണ്ടെത്താന്‍ കഴിയില്ല. നര്‍മ്മം നിറഞ്ഞ ചെറു രംഗങ്ങളിലൂടെ നന്മ പെയ്തിറങ്ങുന്ന അവസാനത്തിലേക്ക് അതിസുന്ദരമായാണ് സിനിമ ഒഴുകിയെത്തുന്നത്. കഥാപാത്ര സൃഷ്ടിയിലും പശ്ചാത്തല നിര്‍മ്മിതിയിലുമെല്ലാം സംവിധായകന് നൂറ് മാര്‍ക്ക് തന്നെ നല്‍കാം. പ്രാദേശിക ഭാഷയുടെ കൃത്യത സിനിമയുടെ സൗന്ദര്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സക്കറിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നൊരുക്കിയ തിരക്കഥയും ഷൈജു ഖാലിദിന്റെ ക്യാമറ കണ്ണുകളും നൗഫല്‍ അബ്ദുള്ളയുടെ എഡിറ്റിംഗും പോരായ്മകളില്ലാത്തതാണ്.
ന്യൂ ജനറേഷന്‍ കാലത്തെ കോമഡി താരമായി വളര്‍ന്നു വന്ന്, പറവയിലൂടെ സംവിധായകന്റെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ച സൗബിന്‍ ഷാഹിറാണ് നായകനായ മജീദിനെ അവതരിപ്പിച്ചിരിക്കുന്നത്. നിരാശയും ദുഖവും എല്ലാം മനസ്സില്‍ നിറയുമ്പോഴും ഫുട്‌ബോളിനെ പ്രണയിക്കുന്ന മജീദിനെ അതി മികവാര്‍ന്ന തരത്തിലാണ് സൗബിന്‍ ആവിഷ്‌ക്കരിക്കുന്നത്. കരുത്തുറ്റ ശരീരമുള്ള.. എന്നാല്‍ കുട്ടികളുടെ മനസ്സുള്ള.. ദുരന്തങ്ങള്‍ നെഞ്ചിലൊതുക്കുന്ന സുഡുവെന്ന സാമുവേലിനെ അനശ്വരമാക്കിയിരിക്കുന്നത് അതേ പേരുള്ള വിദേശ കലാകാരനാണ്. ജമീലയുടെ പുയ്യാപ്ലയായ, മജീദിന്റെ രണ്ടാം ബാപ്പയെ അവതരിപ്പിച്ചിരിക്കുന്ന കെ ടി സി അബ്ദുള്ളയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രമാണ് ഈ സിനിമയിലേത്. തന്നെ കണ്ടഭാവം നടിക്കാതെ ഇറങ്ങിപ്പോകുന്ന മജീദിനെ കണ്ണീരോടെ നോക്കിയിരിക്കുന്ന.. സാമുവേലിനെ ഫാദറെന്ന് പറഞ്ഞ് പരിചയപ്പെടുന്ന.. കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ വിങ്ങലായി അവശേഷിക്കും. മജീദിന്റെ സുഹൃത്തുക്കളായ രാജേഷും ലത്തീഫും മുത്താക്കാക്കയുമെല്ലാമായി വരുന്ന നടന്‍മാരെല്ലാം മികവാര്‍ന്ന പ്രകടനം കാഴ്ച വെക്കുമ്പോഴും ഈ സിനിമയുടെ നെടുംതൂണാവുന്നത് രണ്ട് ഉമ്മമാരാണ്. മജീദിന്റെ ഉമ്മ ജമീലയും അയല്‍പക്കത്തെ ബീയുമ്മയും. സ്‌നേഹം കൊണ്ട് എല്ലാവരെയും കീഴ്‌പ്പെടുത്തുന്ന ജമീലയായി സാവിത്രി ശ്രീധരന്‍ വിസ്മയിപ്പിക്കുമ്പോള്‍ കളങ്കമില്ലാതെ സംസാരിക്കുകയും ശകാരിക്കുകയുമെല്ലാം ചെയ്യുന്ന ബീയുമ്മയായി സരസ ബാലുശ്ശേരി കയ്യടി നേടുന്നു. നമുക്കു ചുറ്റിലെവിടെയെങ്കിലും കാണാറുള്ള ഒരു ഉമ്മയെ അതുപോലെ പകര്‍ത്തിയിരിക്കുകയാണ് നാടകവേദിയില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഈ കലാകാരി.