Monday
25 Jun 2018

മലയാളഭാഷതന്‍ മാരകഭംഗിയില്‍

By: Web Desk | Monday 7 August 2017 1:36 AM IST

 

വാതില്‍പ്പഴുതിലൂടെ

ദേവിക

ഇക്കഴിഞ്ഞ ദിവസം ദേവിക മലയാളത്തിലെ പ്രശസ്തരായ ഒരു കവിയും ഒരു കഥാകൃത്തുമായി സംസാരിച്ചിരിക്കവേയാണ് മലയാളഭാഷാ പ്രയോഗത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച് ബോധ്യം വന്നത്. ഇരുവരും അതിദക്ഷിണാത്യര്‍. അതായത് തനി തെക്കന്‍ തിരുവിതാംകൂറുകാര്‍. രണ്ടുപേരും അടുത്തൂണ്‍ പറ്റിയ മലയാളം പ്രൊഫസര്‍മാരും.
മലയാളം സംസാരിക്കുമ്പോഴുള്ള ഭാവങ്ങളും ശരീരഭാഷയുമെല്ലാം ഒരു വാചകത്തിനു നല്‍കുന്ന അര്‍ഥവ്യാപ്തിക്കുതന്നെ ധ്രുവാന്തരമുണ്ടാക്കുമെന്നാണ് അവരുടെ പക്ഷം. ഒരു വാക്കിനു മറുവാക്കായ പര്യായം പോലെ തന്നെ ഇത്തരം സന്ദര്‍ഭങ്ങില്‍ വാചകങ്ങളുടെ ശബ്ദവ്യതിയാനംകൊണ്ട് അര്‍ഥവ്യതിയാനവും വരാമെന്നാണ് കഥാകൃത്തായ പ്രൊഫസറുടെ പക്ഷം. ഏതെങ്കിലും ഒരു ഭരണാധികാരിയോ രാഷ്ട്രീയനേതാവോ മാധ്യമങ്ങളോട് ഒന്ന് സംസാരിക്കാന്‍ നിന്നുകൊടുത്താല്‍ പിന്നെ അദ്ദേഹത്തിന്റെ കട്ടയും പടവും മടങ്ങുകില്ലേ എന്ന് പ്രൊഫസറുടെ ചോദ്യം.
മുഖ്യമന്ത്രിയായാലും മന്ത്രിയായാലും നേതാവായാലും മാധ്യമപ്പടയുടെ മൈക്കുകള്‍ അവരുടെ വായിലേയ്ക്ക് തിരുകിക്കയറ്റുന്നു. നിലത്താകെ വയറും കയറും കേബിളും. ഇതൊന്നും പോരാഞ്ഞ് പടമെടുത്തും റിക്കാര്‍ഡ് ചെയ്തും മന്ത്രിയേയും നേതാവിനേയും ബന്ദികളാക്കുന്ന മാധ്യമകിങ്കരന്മാര്‍. സംസാരം കഴിഞ്ഞു പുറത്തേയ്ക്ക് പോകാനനുവദിക്കാതെ പിന്നെയും വളഞ്ഞിട്ടു കൊത്തുന്ന മാധ്യമസേനയോട് എന്താണ് പറയേണ്ടതെന്ന് കവിയുടെ ചോദ്യം. അദ്ദേഹം തന്നെ ഉത്തരവും പറയുന്നു; ‘ഒന്നു വഴിമാറിത്തന്നാലും’ എന്നു കാനം രാജേന്ദ്രന്‍ പറയുന്നതുപോലെ അത്യന്തം വിനയാന്വിതനായി പറയാം. അതല്ലെങ്കില്‍ രാവണപ്രഭു സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞതുപോലെയും ആകാം, ‘വഴമാറെടാ മുണ്ടക്കല്‍ ശേഖരാ!’ ഭാഷാപ്രയോഗത്തിലൂടെ വ്യക്തിത്വങ്ങളും അനാവരണം ചെയ്യപ്പെടുകയാണെന്ന് കവി പറഞ്ഞപ്പോള്‍ ചന്തമാര്‍ന്ന ചിന്തയായിരുന്നു ആ വാക്കുകളിലുടനീളം.
എന്നിട്ട് കഥാകൃത്തായ പ്രൊഫസര്‍ മറ്റൊരു കഥ കൂടി പറഞ്ഞു. കന്യാകുമാരി ജില്ലക്കാരനായ ഒരു മലയാളി കേരളാതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ മലയാളം അധ്യാപകനായെത്തി. തൊലിച്ചു കൊഴിച്ച അച്ചടി മലയാളത്തിലേ സംസാരിക്കൂ എന്ന ശീലക്കേടുമുണ്ട്. വീട്ടിലെത്തി ഭാര്യയുമായി മുട്ടന്‍ വഴക്കാണെന്നും. പിന്നെ ആക്രോശം തനി തെക്കന്‍ തിരുവിതാംകൂര്‍ സ്റ്റൈലില്‍, എടുക്ക് പിള്ളയെ, അറുക്ക് തൊട്ടില്‍, ഇറങ്ങെടീ എന്റെ ഭവനത്തൂന്ന്…’ ഇതു വേണമെങ്കില്‍ ഇംഗ്ലീഷിലാക്കി ‘ഗെറ്റൗട്ടെടീ’ എന്നാകാമായിരുന്നില്ലേ എന്ന് കഥാകാരന്റെ ചോദ്യം. ഭാര്യയ്ക്ക് ഇംഗ്ലീഷ് അറിയില്ലെങ്കില്‍ നീ നിന്റെ കൊച്ചിനെയുമെടുത്ത് തൊട്ടിലുമഴിച്ച് സ്ഥലം കാലിയാക്കിത്തരുമോ’ എന്നു പറഞ്ഞാല്‍പോരെ.
അല്ലെങ്കില്‍ ‘ഇറങ്ങെടീ പുറത്ത്’ എന്ന് തെക്കന്‍ ഗ്രാമ്യഭാഷയിലും ‘കടക്കൂപുറത്ത്’ എന്ന് നൂറ്റൊന്നാവര്‍ത്തി മലബാറിലെ തനതു വാമൊഴിയിലും പറയാം. നമ്മളൊക്കെ കൊച്ചുവര്‍ത്തമാനം പറയാന്‍ എവിടെയെങ്കിലും മുറിയടച്ച് ഒതുങ്ങിക്കൂടാന്‍ തുടങ്ങുമ്പോള്‍ വാതിലിനകത്ത് ഇരച്ചുകയറി പടമെടുക്കുന്ന മാധ്യമ കില്ലാടികളോടു പറയാം, ‘ഞങ്ങള്‍ക്ക് അല്‍പം ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. നിങ്ങളൊന്നു പറുത്തുപോകുമോ’ എന്ന് അഭ്യര്‍ഥിക്കാം. അതല്ലാതെതന്നെ ‘കടക്കുപുറത്ത്’ എന്നു പറഞ്ഞ് അവിടെ നിന്നും മാധ്യമ കില്ലാടികളെ കൂടും കുടുക്കയും കേബിളും മൈക്കും ഓബി വാനുകളുമായി വാലും ചുരുട്ടി ഓടിക്കുകയും ചെയ്യാം. രണ്ടുതരത്തില്‍ പറഞ്ഞാലും പറയുന്നയാള്‍ ഉദ്ദേശിക്കുന്നതു നടക്കുമെങ്കില്‍ ആദ്യ വഴിയല്ലേ നന്ന് എന്ന് ദേവികയ്ക്ക് സന്ദേഹം.
ഈയടുത്ത കാലത്ത് ഒരു ചിത്രം കണ്ടു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും ഒരേ വേദിയിലിരുന്നു കുശലം പറയുന്ന ചിത്രം. പന്ന്യനാണെങ്കില്‍ ‘കരിമുകിലൊത്ത ചികുരഭാരവു’മായി! ബഹ്‌റ പന്ന്യനോട് മുടി മുറിച്ചിട്ടു വരാന്‍ പറഞ്ഞില്ല. നീട്ടി വളര്‍ത്തിയ ഈ മുടിയഴകോടെയാണ് പന്ന്യന്‍ പാര്‍ലമെന്റില്‍ പോയത്. മുടി മുറിച്ചു കുട്ടപ്പനായി വന്നില്ലെങ്കില്‍ അത് അണ്‍പാര്‍ലമെന്ററി കീഴ്‌വഴക്കമാകുമെന്ന് ലോക്‌സഭാ സ്പീക്കറും കല്‍പിച്ചല്ല. ഒരിക്കല്‍ സോണിയാഗാന്ധിയും എ കെ ആന്റണിയും പങ്കെടുക്കുന്ന വേദിയിലിരുന്ന പന്ന്യനെ നോക്കി ആന്റണി തമാശയായി പറഞ്ഞു; നമുക്ക് നമ്മുടെ പന്ന്യന്റെ മുടിയൊന്ന് മുറിച്ചു ശരിയാക്കണം. അതുകേട്ട സോണിയ ഇടയ്ക്ക് കയറി പറഞ്ഞു, അരുത് ഈ വാര്‍മുടിയാണ് പന്ന്യന്റെ അഴകും ബ്രാന്‍ഡുമെന്ന്.
പുലിക്കോടന്‍ നാരായണന്‍ എന്ന കിങ്കരനായ പൊലീസ് ഓഫീസര്‍ കണ്ണൂര്‍ എസ് എന്‍ കോളജിലെ കുട്ടികളെയാകെ വിളിച്ചു കൊണ്ടുവന്ന് മുടിമുറിച്ചു വിനോദിച്ചപ്പോള്‍ അതില്‍ പ്രതിഷേധിച്ചു മുടി നീട്ടി വളര്‍ത്തിയ പന്ന്യന്റെ മുടി പറ്റെ വെട്ടിക്കളയണമെന്ന് ഇതുവരെയാരും പറഞ്ഞിട്ടില്ല. പക്ഷേ പൊലീസിലെ പുലിക്കോടന്‍യുഗം പുനരുജ്ജീവിച്ചിരിക്കുന്നുവെന്നതിന് ഉദാഹരണമാണ് പാവറട്ടി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ വിനായകന്‍ എന്ന പത്തൊമ്പതുകാരന്റെ ദാരുണമായ ആത്മഹത്യ. ഇപ്പോഴത്തെ പിള്ളേരുടെ സ്റ്റൈലില്‍ മുടി ഒരു കിരീടം പോലെ വെട്ടി നിര്‍ത്തി ആ മുടിക്കുടക്കീഴില്‍ കഴിഞ്ഞുവന്ന വിനായകനെ മുടിച്ചിട്ടയുടെ പേരില്‍ പൊലീസുകാര്‍ വിളിച്ചുകൊണ്ടുപോയി കിരാതമായി മര്‍ദിക്കുകയായിരുന്നു. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. ബഹ്‌റയുടെ പൊലീസിന് ഇത്തരം മുടിമര്യാദകള്‍ ക്രിമിനല്‍ നടപടിക്രമങ്ങളില്‍ എഴുതിച്ചേര്‍ക്കാന്‍ ആരാണ് അധികാരം നല്‍കിയതെന്ന ഗൗരവതരമായ ചോദ്യമാണുയരുന്നത്. ഇതിന്റെ പേരില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്താല്‍ ആ വിനായകന്റെ ജീവന്‍ തിരിച്ചുകിട്ടുമോ? സസ്‌പെന്‍ഷന്‍ ഒരു ശിക്ഷയല്ലെന്നുമോര്‍ക്കുക, ബിജെപിയുടെ മര്‍ദകഭരണകൂടങ്ങളുടെ പൊലീസിന്റെ പതിപ്പാകരുത് കേരള പൊലീസ് എന്ന് ഇടതുമുന്നണിയെ നെഞ്ചേറ്റി താലോലിക്കുന്ന ജനമനസ് ഓര്‍മിപ്പിക്കുന്നു. തീനാളങ്ങള്‍ കൊണ്ടെഴുതിയ ഓര്‍മപ്പെടുത്തല്‍. ‘തന്റെ ശരീരം തന്റെ അവകാശം’ എന്ന ആശയത്തെയാണ് വിനായകന്റെ ദുരന്തത്തിലൂടെ കുരുതികഴിച്ചിരിക്കുന്നതെന്നും മറക്കേണ്ട.
മലയാള മാധ്യമങ്ങള്‍ എന്നും ഭാഗ്യവാന്മാരാണ്. വിതയും കളപറിക്കലുമില്ലാതെ നൂറുമേനി കനകക്കൊയ്ത്ത് നടത്താന്‍ പാകമായി എന്നും വിളഞ്ഞുകിടക്കുന്ന വാര്‍ത്താ കേദാരങ്ങള്‍. മാണിയുടെ കോഴയെ ഞെട്ടിപ്പിക്കുന്ന ബിജെപി കോഴ, അതല്ലെങ്കില്‍ നനഞ്ഞേടം കുഴിക്കുന്ന നടിമാര്‍, അതുമല്ലെങ്കില്‍ ദിലീപ് എന്ന നായര്‍സ്‌കറിയായുടെ കള്ളക്കുരിശു കൃഷിയില്ലാതെ നടത്തുന്ന ഭൂമി കയ്യേറ്റങ്ങളും നടിയെ പീഡിപ്പിച്ചുള്ള പകപോക്കലും. അങ്ങനെ കൊയ്‌തെടുക്കാന്‍ എത്രയെത്ര വാര്‍ത്താവിളകള്‍. ഇതിനിടെ ചില അവതാരങ്ങള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നതാണ് ജനത്തിന് ഒട്ടും സഹിക്കാനാവാത്തത്. സജി നന്ത്യാട്ട് എന്ന ഒരു നിര്‍മാതാവ് ഇക്കഴിഞ്ഞ ദിവസം ഒരു ചാനലില്‍ വന്നിരുന്നു തന്റെ ക്രിമിനല്‍ മനസു തുറന്നത് നമ്മെയെല്ലാം ഞെട്ടിച്ചു. ‘നടിയെ രണ്ട് മണിക്കൂറല്ലേ പീഡിപ്പിച്ചുളളൂ. നാല്‍പത് ദിവസമായി ദിലീപ് ജയിലില്‍ കിടക്കുന്നതിന് എന്ത് മറുപടിയാണുള്ള്’ എന്ന ഈ നിര്‍മാതാവിന്റെ ചോദ്യത്തില്‍ നിന്നും മലയാള സിനിമ ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞുവെന്നതിന്റെ പൂര്‍ണമായ ചിത്രമാണ് കറുത്ത ചായത്തില്‍ വരച്ച് നമ്മുടെ മുന്നില്‍ തൂക്കിയിടുന്നത്.
ഇത്തരം സജി നന്ദ്യാട്ടുമാരെ ചാനലിന്റെ കവാടത്തില്‍ വച്ചുതന്നെ തട്ടി അകത്താക്കേണ്ടതല്ലേ. 14 സെക്കന്‍ഡ് ഒരു പെണ്ണിനെ നോക്കിയാല്‍ അകത്താകാന്‍ വകുപ്പുള്ളപ്പോഴാണ് ഒരു നടിയെ രണ്ട് മണിക്കൂര്‍ നേരം പീഡിപ്പിച്ചത് ഒരു ‘പീക്രികാര്യം’ എന്ന് ഈ നിര്‍മാതാവ് വിശേഷിപ്പിച്ചത്. എന്നിട്ടും അയാള്‍ പിന്നെയും ചാനലുകളില്‍ തല കാണിക്കുന്നു. ഇത്തരക്കാരെ അവതരിപ്പിക്കുന്ന ചാനലുകളെയും ക്രിമിനല്‍ പട്ടികയില്‍പെടുത്തേണ്ടതല്ലേ എന്ന് ചോദിച്ചുപോകുന്നു.
പി സി ജോര്‍ജിനെ അഴിമതിക്കാരനോ കോഴപ്പണ്ടാരമോ ആയി ഇതുവരെ ആരും സ്വപ്‌നേപി കരുതിയിട്ടില്ല. സ്വന്തം സ്റ്റൈലിലുള്ള നമ്പരുകളുമായി പൊതുവേദികളിലും ചാനലുകളിലും നിറഞ്ഞാടാറുള്ള അച്ചായന് എന്തോ പറ്റിയിരിക്കുന്നുവെന്ന കാര്യമായ സംശയമുണ്ട്. ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെങ്കില്‍ ആ നടിയെങ്ങനെ പിറ്റേന്ന് അഭിനയിക്കാന്‍ പോയി എന്നാണ് ജോര്‍ജിന്റെ ചോദ്യം. ഇതുകേട്ടാല്‍ തോന്നും കയ്യും കാലും വെട്ടിമാറ്റി കണ്ണുകളും തുരന്നു കഴിഞ്ഞു ചെയ്യുന്ന ക്രിയയാണ് ബലാല്‍സംഗമെന്ന് അച്ചായന്‍ ധരിച്ചുവെച്ചപോലെ തോന്നുന്നു. അദ്ദേഹം പെണ്ണുംപിള്ളയോട് ഒന്ന് ചോദിച്ചിരുന്നുവെങ്കില്‍ ബലാല്‍ക്കാരമായി നടത്തുന്ന സംഗമാണ് ബലാല്‍സംഗമെന്ന് പറഞ്ഞുകൊടുക്കില്ലായിരുന്നോ. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം പോലെ തന്നെ ബലാല്‍സംഗങ്ങളും രക്തരഹിത-പരിക്കുരഹിത ലൈംഗികാതിക്രമമാവാനും വകുപ്പുണ്ടെന്നു ആ പെമ്പ്രന്നോത്തി ക്ലാസെടുത്തു കൊടുക്കുമായിരുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ പിറ്റേന്ന് ആശുപത്രിയില്‍ പോകണമെന്ന് പി സിയെപോലെ എല്ലാപേരും വാശിപിടിച്ചാല്‍ നമ്മുടെ നാട്ടിലെ ആശുപത്രികള്‍ക്ക് അത്തരം പരിശോധനകള്‍ക്കല്ലേ സമയമുണ്ടാകൂ. ഈ ജോര്‍ജിയന്‍ അസംബന്ധങ്ങള്‍ കേട്ടിട്ടാകാം സിപിഐയുടെ ദേശീയ മഹിളാ നേതാവ് ആനിരാജ പറഞ്ഞത് ദിലീപിന്റെ പെയിഡ് ഏജന്റിനെപോലെ വര്‍ത്തമാനം പറയുന്നെന്ന്. എന്റെ പൊന്നു പി സി, ഈ വയസാം കാലത്ത് ആനിയെക്കാണ്ട് ഇതെല്ലാം പറയിപ്പിക്കണമായിരുന്നോ.