Saturday
15 Dec 2018

യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനം

By: Web Desk | Wednesday 15 November 2017 1:00 AM IST


ഭാഷാ ചിഹ്നങ്ങള്‍, അഥവാ വാക്കുകള്‍, ഭൗതികപ്രതിഭാസങ്ങളാണ്. അവ നമ്മുടെ ബോധേന്ദ്രിയങ്ങളിലൂടെ (ചെവി) നമ്മളില്‍ ശ്രവ്യസംവേദനങ്ങള്‍ ഉളവാക്കുന്നു. എങ്കിലും പ്രകൃത്യായുള്ളതോ മനുഷ്യസൃഷ്ടമോ ആയ മറ്റ് പ്രതിഭാസങ്ങളില്‍ നിന്ന് വ്യത്യസ്തമായി വാക്കുകള്‍ക്ക് സ്വയം യാതൊരു മൂല്യവുമില്ല. സംസൂചന ഉണ്ടാക്കാനും അറിയിക്കാനും ശേഖരിച്ചുവയ്ക്കാനുമുള്ള ഒരു ഉപാധിയെന്ന നിലയ്ക്ക് മാത്രമാണ് അവയുടെ പ്രാധാന്യം. വാക്കുകള്‍ തികച്ചും രൂഢിബദ്ധമാണ്. ഒരു കാരണവശാലും ഭൗതികവസ്തുക്കളുടേയോ സംഭവങ്ങളുടേയോ പ്രതിച്ഛായകളായി അവയെ കണക്കാക്കാന്‍ നിവൃത്തിയില്ല. എന്തെന്നാല്‍, അവ വസ്തുക്കളുടേയോ സംഭവങ്ങളുടേയോ ഏതെങ്കിലും സ്വഭാവവിശേഷങ്ങളോ പരസ്പര ബന്ധങ്ങളോ പ്രതിഫലിപ്പിക്കുന്നില്ല.
പക്ഷേ, അറിവ് – ഇത് യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനവുമാണല്ലോ – പ്രകടിപ്പിക്കാനും പകരാനും ഭാഷ ഉപകരിക്കുന്നുവെന്ന പ്രസ്താവത്തിന് ഇത് വിപരീതമാകുന്നുണ്ടോ? ഇല്ലേ ഇല്ല. ഈ ധാരണകള്‍ക്ക് യാതൊരു പരസ്പരവൈരുദ്ധ്യവും ഇല്ല.
യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതില്‍ ഭാഷയും വാക്കുകളും പങ്കെടുക്കുന്നത് (അവയില്‍ത്തന്നെ അത് പ്രതിഫലിക്കുന്നില്ലെങ്കിലും) ഏതുവിധത്തിലാണെന്ന് മനസിലാക്കണമെന്നുണ്ടെങ്കില്‍, വാക്കുകള്‍ എന്താണെന്ന് കുറേക്കൂടി സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ഏത് ഭാഷയിലേയും വാക്കുകള്‍ രൂഢിബദ്ധമാണെന്ന് നമുക്കറിയാം. വിശേഷാല്‍ ഭൗതിക പ്രതിഭാസം എന്ന നിലയ്ക്കുള്ള വാക്കുകളുടെ ഗുണങ്ങള്‍ക്ക് ആ വാക്കുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന പ്രതിഭാസങ്ങളുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ടാണല്ലോ ഓരോ വസ്തുക്കളേയും സമാഹാരങ്ങളേയും വിവരിക്കുന്നതിന് വിവിധ ഭാഷകളില്‍ വിവിധ വാക്കുകള്‍ ഉപയോഗിക്കപ്പെടുന്നത്.
ഒരു വാക്കില്‍ സൂചിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സംഭവങ്ങളുടേയും അവസ്ഥകളുടേയും മാനസികാനുഭവങ്ങളുടേയും സാമൂഹ്യ പ്രതിഭാസങ്ങളുടേയും മറ്റും സാകല്യങ്ങളെയാണ് അതിന്റെ അര്‍ഥം എന്ന് പറയുന്നത്. ഒരു വാക്കില്‍ സ്വതവേയുള്ളതല്ല ഈ അര്‍ഥം. പ്രയോഗത്തില്‍, മനുഷ്യര്‍ തമ്മിലുള്ള വ്യവഹാരത്തില്‍ ഏത് വിധത്തില്‍ ഉപയോഗിക്കപ്പെടുന്നുവെന്നതനുസരിച്ച് അതിന് ഈ അര്‍ഥം കല്‍പ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. സമുദായത്തോടൊപ്പം ഭാഷയും വികസിക്കുന്നതിനനുസരിച്ച് വാക്കുകള്‍ക്ക് പുതിയ അര്‍ഥം ലഭിക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് ഈട് എന്ന വാക്കിന് ഉറപ്പ്, പഴക്കം, ജാമ്യം തുടങ്ങിയ എത്രയോ അര്‍ഥങ്ങളാണ് ഉള്ളത്. പുതിയ അര്‍ഥം പഴയതിനൊപ്പം നില്‍ക്കുകയാണ് പതിവ്. എന്നാല്‍ ചിലപ്പോള്‍ അവ തികച്ചും പുതിയ ധാരണകള്‍ പ്രകടിപ്പിക്കാന്‍ ഉപയോഗിച്ചെന്നുവരാം. അതിനാല്‍ ഒരു വാക്ക് ഒറ്റയ്‌ക്കെടുത്താല്‍ അതിന്റെ കൃത്യമായ അര്‍ഥം പറയാന്‍ പലപ്പോഴും പ്രയാസമായി വരാറുണ്ട്.
മനുഷ്യസൃഷ്ടമായ മറ്റ് അടയാളങ്ങളില്‍ നിന്ന് വിഭിന്നമായി, വാക്കുകള്‍ക്ക് വസ്തുക്കളുടെ സാമാന്യ സ്വഭാവവിശേഷങ്ങളും അവ തമ്മിലുള്ള ബന്ധങ്ങളും പ്രകടിപ്പിക്കാന്‍ അപരിമിതമായ കഴിവുണ്ട്; കാരണം അവ പ്രതിച്ഛായകളല്ലെന്നതും പ്രത്യുത രൂഢചിഹ്നങ്ങള്‍ (പ്രതീകങ്ങള്‍) ആണെന്നതും തന്നെ.
ഓരോ വാക്കും – ഉദാഹരണം. കെട്ടിടം, ഇലക്‌ട്രോണ്‍, വിപ്ലവം, പുരോഗതി – ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള വസ്തുക്കളെക്കാള്‍ വസ്തുക്കളുടെ വലുതോ ചെറുതോ ആയ സമുച്ചയങ്ങളെയാണ് സൂചിപ്പിക്കുന്നത്. ”ഓരോ വാക്കും സാമാന്യവല്‍ക്കരിക്കുന്നു” എന്ന് വാക്കുകളുടെ വ്യതിരിക്തഗുണത്തെപ്പറ്റി ഊന്നിപ്പറയുന്ന കൂട്ടത്തില്‍ ലെനിന്‍ എഴുതുകയുണ്ടായി.
പ്രകൃത്യായുള്ള അടയാളങ്ങള്‍ (മുദ്രകളോ പാടുകളോ) വസ്തുക്കളുടെ വ്യക്തിഗതമായ, ഒറ്റപ്പെട്ട സ്വഭാവവിശേഷങ്ങളേ പ്രകടമാക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ, സാമാന്യ വിശേഷതകളും ബന്ധങ്ങളും വ്യക്തമാക്കാന്‍ അവ പറ്റിയതുമല്ല. മനുഷ്യസൃഷ്ടമായ അടയാളങ്ങള്‍ (ഭൂപടങ്ങള്‍, ഡയഗ്രാമുകള്‍ തുടങ്ങിയവ) രൂഢിബദ്ധവും അതുകൊണ്ട് അപരിചിതമായ സാമാന്യവല്‍ക്കരണത്തിന് പറ്റിയതുമാണ്. ഒരു ഭാഷയിലെ വാക്കുകള്‍ തികച്ചും രൂഢിബദ്ധവും സാമാന്യവല്‍ക്കരിക്കാനുള്ള അവയുടെ കഴിവ് അളവറ്റതുമാണെങ്കിലും ഒറ്റയൊറ്റയായ ഏത് വസ്തുവിനേയും കുറിച്ച് വിവരം നല്‍കാന്‍ അവയ്ക്ക് കഴിയും. അടയാള സമ്പ്രദായങ്ങളുടെ വികാസത്തിലെ വൈരുദ്ധ്യാത്മകതയെയാണ് ഇത് കാണിക്കുന്നത്.
പരിമിതമായ വാക്കുകള്‍കൊണ്ട് അപരിമിതമായത്ര ഭാഷാപ്രയോഗങ്ങളിലൂടെ പലപല അറിവുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നത് എങ്ങനെയാണ്? വെറുതേ വാക്കുകള്‍ പെറുക്കിവച്ചാല്‍ ഭാഷയാവില്ല. ഓരോ ഭാഷയ്ക്കും അതിന്റേതായ നിയമങ്ങള്‍, വ്യാകരണം ഉണ്ട്. അടയാളങ്ങളുടെ സമാഹരണങ്ങള്‍ ഉണ്ടാക്കാന്‍, അതായത് വാക്കുകള്‍ ചേര്‍ത്ത് വാചകങ്ങള്‍ ഉണ്ടാക്കാന്‍, ഈ നിയമങ്ങള്‍ ആളുകളെ സഹായിക്കുന്നു. വാക്കുകളുടെ ഏത് അനുക്രമവും ഒരു വാചകമാവുകയില്ല. ഉദാഹരണത്തിന് ‘ഭൂമി സൂര്യന്‍ ചുറ്റുക’ എന്നത് ഒരു വാചകമല്ല. അത് യാതൊരു അറിവും പകരുന്നുമില്ല. നേരേമറിച്ച് ‘ഭൂമി സൂര്യനെ ചുറ്റുന്നു’ എന്നത് ജ്യോതിശാസ്ത്രപരമായ ഒരു വസ്തുത അറിയിക്കുന്ന ഒരു വാചകമാണ്. ആളുകള്‍ക്ക് പലപ്പോഴും വ്യാകരണ നിയമങ്ങളെപ്പറ്റി വലിയ പിടികാണില്ല. വിദ്യാഭ്യാസവും വാക്കാലുമുള്ള ആശയവിനിമയവും വഴി ആ നിയമങ്ങള്‍ സ്വയമേവ അവരുടെ ഭാഷയില്‍ ശരിയായി വരികയാണ് ചെയ്യുന്നത്.
സംയോഗ ക്ഷമതയാണ് മനുഷ്യന്റെ ഭാഷയെ ജന്തുക്കളുടെ ശബ്ദങ്ങളില്‍ നിന്ന് വേര്‍തിരിച്ചുനിര്‍ത്തുന്നത്. ഏറ്റവും ലളിതമായ സംസൂചന നല്‍കുന്നതിന് ജന്തുക്കളും ശബ്ദങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ കഴിവില്‍ ഏറിയ പങ്കും പാരമ്പര്യസിദ്ധമാണ്. ചിലതരം പക്ഷികള്‍, നീര്‍നായകള്‍, നാനാതരത്തില്‍പ്പെട്ട സസ്തനജീവികള്‍ തുടങ്ങിയവയെപ്പോലുള്ള യൂഫജന്തുക്കളില്‍പ്പോലും ശബ്ദങ്ങളിലൂടെ പരസ്പര ചേഷ്ട നടത്താനുള്ള കഴിവ് ആശയവിനിമയത്തിന്റെ രൂപത്തെ ആശ്രയിച്ചിരിക്കുന്നതല്ല. ഒരു ഇന്‍ക്യൂബേറ്ററില്‍ ഒറ്റയ്ക്ക് വിരിഞ്ഞ കോഴിക്കുഞ്ഞ് പിടക്കോഴികളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ഒരു തള്ളക്കോഴി അടയിരുന്ന് വിരിച്ച കോഴിക്കുഞ്ഞുങ്ങളുടേതുപോലത്തെ തന്നെ പ്രതിചേഷ്ട കാണിക്കുന്നുണ്ട്.
ഡോള്‍ഫിനെപ്പോലുള്ള ചില ജന്തുക്കള്‍ ഉല്‍ക്കണ്ഠ പ്രദര്‍ശിപ്പിക്കാനും സഹായത്തിനുവേണ്ടി വിളിക്കാനും ഇന്നേടത്ത് ഭക്ഷണം ഉണ്ടെന്നറിയിക്കാനും ശത്രുവിനെ വെല്ലുവിളിക്കാനും ഒരു ആക്രമണത്തിന് ആഹ്വാനം നല്‍കാനും മറ്റും മറ്റുമായി നിരവധി ഡസന്‍ ശബ്ദസിഗ്നലുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ചില ഗവേഷകര്‍ ഒരു ഡോള്‍ഫിന്‍ ഭാഷയെപ്പറ്റി തന്നെ പറയാന്‍ തുടങ്ങിയിട്ടുണ്ട്.
പക്ഷേ, ഡോള്‍ഫിനുകള്‍ക്കെന്നല്ല, മറ്റൊരു ജന്തുവിനും തന്നെ മനുഷ്യന്റേതുപോലുള്ള ഒരു ഭാഷ ഇല്ലെന്നതാണ് വാസ്തവം. വ്യത്യസ്ത ശബ്ദസിഗ്നലുകളെ എണ്ണമറ്റ വാചകങ്ങളാക്കി ഘടിപ്പിക്കാന്‍ സഹായിക്കുന്ന സംയോഗക്ഷമതയുടെ അഭാവം തന്നെയാണ് ഇതിന് ഏറ്റവും വലിയ തെളിവ്. അതുകൊണ്ടാണ് ജന്തുക്കള്‍ക്ക് പരസ്പരം അറിയിക്കാന്‍ കഴിയുന്ന ധാരാളം വിവരങ്ങള്‍ അവയുടെ പക്കലുണ്ടെങ്കില്‍പ്പോലും ഒരുപിടി ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതിനപ്പുറത്തേയ്ക്ക് പോകാന്‍ അവയ്ക്ക് കഴിയാതെ പോകുന്നത്. അക്കാരണത്താല്‍ തന്നെയാണ് മനുഷ്യചിന്തയ്ക്ക് സമമായ ഒരു ബുദ്ധി വികസിപ്പിക്കാന്‍ ജന്തുക്കള്‍ക്ക് കഴിയാത്തതും.
വിജ്ഞാന പുരോഗതിയെ സംബന്ധിച്ചിടത്തോളം ഭാഷയ്ക്കുള്ള പ്രാധാന്യത്തെ ഊന്നിക്കൊണ്ട് ലെനിന്‍ എഴുതി: ”ബോധേന്ദ്രിയങ്ങള്‍ യാഥാര്‍ത്ഥ്യത്തെ കാണിച്ചുതരുന്നു. ചിന്തയും വാക്കും സാമാന്യമായതിനേയും കാണിച്ചുതരുന്നു.”
സാമാന്യമായതിനെ രണ്ടര്‍ഥത്തില്‍ പ്രകടമാക്കാന്‍ ഭാഷയ്ക്ക് കഴിയും. ഒന്നാമതായി വസ്തുക്കളേയോ അവയുടെ ഗുണങ്ങളേയോ ബന്ധങ്ങളേയോ ഒറ്റയ്‌ക്കൊറ്റയ്ക്കല്ല, അവയുടെ സാകല്യമാണ് വാക്കുകളും വാചകങ്ങളും ചൂണ്ടിക്കാണിക്കുന്നത്. രണ്ടാമതായി, ഭാഷ സാമാന്യമാണ്. സംവേദനങ്ങളില്‍ നിന്ന് വിഭിന്നമായി, വാക്കുകളും വാചകങ്ങളും അര്‍ഥത്തിന്റെ കാര്യത്തില്‍ യാതൊരു വളച്ചൊടിക്കലും കൂടാതെ ഒരാള്‍ക്ക് മറ്റൊരാളെ അറിയിക്കാന്‍ കഴിയും. വിജ്ഞാനത്തിന്റെ വ്യക്തിഗതവും ആത്മനിഷ്ഠവുമായ ചില പോയിന്റുകള്‍ ഭാഗികമായി വിട്ടുപോയേക്കാമെങ്കിലും സമൂഹജീവിതത്തിനും കൂട്ടായ പ്രയത്‌നത്തിനും ഒഴിച്ചുകൂടാനാവാത്ത സാമാന്യവും അനുപേക്ഷണീയവുമായ സര്‍വതും നിലനിര്‍ത്തപ്പെടുന്നുണ്ട്.