Sunday
19 Aug 2018

ലിപി വിപ്‌ളവത്തിന് പുതിയ വഴിതുറന്ന് ‘സുന്ദര്‍’ വരുന്നു

By: Web Desk | Sunday 4 February 2018 11:17 AM IST

തിരുവനന്തപുരം:
 ലിപി വിപ്‌ളവത്തിന് പുതിയ വഴിതുറന്ന് അതി
സുന്ദരന്‍ ‘സുന്ദര്‍’ വരുന്നു
മലയാളം യൂണിക്കോഡ് അച്ചടിയുടെ വ്യാപനത്തിനു തടസമായി നില്‍ക്കുന്ന അലങ്കാരഫോണ്ടുകളുടെ ക്ഷാമത്തിന് പരിഹാര
മാകുന്നു. ‘രചന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രഫി’ (ആര്‍ഐടി, തിരുവനന്തപുരം) യൂണിക്കോഡില്‍ തയ്യാറാക്കുന്ന തലക്കെട്ടിനു പറ്റുന്ന അലങ്കാരഫോണ്ടുകളില്‍ ആദ്യത്തേതായ ‘സുന്ദര്‍’ ഫെബ്രുവരി അഞ്ചിനു പ്രകാശനം ചെയ്യും.

തിരുവനന്തപുരം മലയിന്‍കീഴ് റിവര്‍വാലി ടെക്നോളജീസില്‍ ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന ചടങ്ങില്‍ അസൂത്രണബോര്‍ഡ് അംഗം ഡോ. ബി  ഇഖ്ബാല്‍ ‘സുന്ദര്‍’ ഫോണ്ടിന്റെ മാതൃക മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ്ജിനു നല്‍കി പ്രകാശനം നിര്‍വ്വഹിക്കും. ഈ ഫോണ്ടുകള്‍ ആര്‍ക്കും യഥേഷ്ടം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സ്വതന്ത്രമായി ലഭ്യമാക്കും.

അലങ്കാരത്തലക്കെട്ടുകളുടെ രംഗത്ത് ആഗോളാംഗീകാരം നേടിയ ഭട്ടതിരി (നാരായണഭട്ടതിരി) യാണ് പദ്ധതിയ്ക്കു കാലിഗ്രഫിയില്‍ സര്‍ഗ്ഗാത്മകമാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്. ഭട്ടതിരിയുടെ 35,000-ല്‍പ്പരം തലക്കെട്ടുകൈപ്പടകളില്‍ നല്ലൊരു പങ്കു കണ്ടെത്താനും അവയ്ക്ക് ആഗോളാംഗീകാരം നേടിയെടുക്കാനും യത്നിച്ച അന്തരിച്ച ആസ്ത്രേലിയന്‍ മലയാളി സുന്ദറിന്റെ ഓര്‍മ്മയ്ക്കാണ് ആദ്യഫോണ്ടിന് സുന്ദര്‍ എന്നു പേരു നല്‍കിയിരിക്കുന്നത്.

ആസ്കി (ASCII) ഫോണ്ട് അച്ചടിക്ക് ഉപയോഗിച്ചിരുന്ന കാലത്തു തലക്കെട്ടുകള്‍ക്കു ഡിസൈനര്‍മാരും ഡിടിപി ഓപ്പറേറ്റര്‍മാരും ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ഫോണ്ടുകളുടെ രൂപസവിശേഷത സ്വീകരിച്ച്‌ യൂണിക്കോഡ് അലങ്കാരഫോണ്ടുകള്‍ രൂപകല്‍പന ചെയ്യുകയാണ് രചന ഇന്‍സ്റ്റിറ്റ്യൂട്ട് ചെയ്യുന്നത്. ചെലവേറിയ ഈ പ്രവര്‍ത്തനത്തിന് ആഗോളപ്രശസ്തമായ നൂറില്‍പ്പരം ശാസ്ത്ര-ഗണിത ജേര്‍ണലുകള്‍ രൂപകല്‍പന ചെയ്യുന്ന തിരുവനന്തപുരം എസ്റ്റിഎം ഡോക്സ് (STM Docs) എന്ന സ്ഥാപനമാണ് സാമൂഹിക ഉത്തരവാദിത്വ ഫണ്ടില്‍നിന്നു ധനസഹായവും അടിസ്ഥാനസൗകര്യവും നല്‍കുന്നത്.

ലിപിപരിഷ്ക്കാരത്തിന്റെ ഇടവേളയ്ക്കുശേഷം തനതുലിപികളുടെ ചാരുത വീണ്ടെടുത്ത രചന അക്ഷരവേദി (1999) തുടങ്ങിവെച്ചതും സ്വതന്ത്ര മലയാളം കമ്ബ്യൂട്ടിഗ് (SMC) മുന്നോട്ടുകൊണ്ടുപോയതുമായ ലിപിവിപ്ലവത്തിന്റെ പുതിയഘട്ടത്തിന്റെ തുടക്കമാണു RIT യൂണികോഡ് ഫോണ്ടുപരമ്ബര. ചടങ്ങില്‍ ഭട്ടതിരിയും മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളും സംബന്ധിക്കും.