Monday
22 Oct 2018

കാലം മാറ്റിമറിച്ച പ്രസ്ഥാനങ്ങള്‍

By: Web Desk | Saturday 7 October 2017 11:57 PM IST

എഴുത്തും ചരിത്രവും : ഡോ. ശരത് മണ്ണൂര്‍ 

മലയാള കവിതയ്ക്ക് പുറമെ   ഗദ്യ സാഹിത്യത്തിലും  വിപ്ലവാശയങ്ങളുടേയും  മാര്‍ക്‌സിസ്റ്റ് ദര്‍ശനങ്ങളുടെയും  ശക്തമായ തിരയിളക്കം സംഭവിച്ച കാലമായിരുന്നു അത്. നോവലില്‍  പി കേശവദേവും തകഴിയുമാണ്  ഈ ആശയങ്ങളെ  കൂടുതല്‍ തീഷ്ണമായി   രചനകളിലവതരിപ്പിച്ചത്.   കേശവദേവാകട്ടെ ഒക്ടോബര്‍ വിപ്ലവവും അതിനെത്തുടര്‍ന്ന് വന്ന പുരോഗമന ചിന്തകളും  മറ്റാരേക്കാളും കൂടുതലായി തന്റെ  നോവലുകളില്‍ ചിത്രീകരിക്കുകയുണ്ടായി.  ഒക്ടോബര്‍ വിപ്ലവത്തെപ്പറ്റി മലയാളത്തില്‍ ആദ്യമായി ഒരു പുസ്തകം തന്നെ രചിച്ചു അദ്ദേഹം(അഗ്‌നിയും സ്ഫുലിംഗവും). സാധാരണക്കാരായ കഥാപാത്രങ്ങളെ  തികച്ചും സാമൂഹ്യമായ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയായിരുന്നു ദേവ്.  സമൂഹത്തില്‍ നിന്നും വിട്ടുമാറികൊïുള്ള ഒരു അസ്തിത്വം അദ്ദേഹത്തിന്റെ കൃതികള്‍ക്കില്ല. അതുവരെ സാഹിത്യ ലോകത്ത്  വിഹരിച്ചിരുന്ന തമ്പുരാക്കന്മാരെയെല്ലാം വിറളി പിടിപ്പിച്ചുകൊണ്ട് ‘സാഹിത്യ പറയന്‍’ എന്ന പേര് സ്വയം ഏറ്റെടുത്ത്  എഴുത്തു തുടരുകയും  അതില്‍ വിസ്മയകരമായ  വിജയം കരസ്ഥമാക്കുകയും ചെയ്തു കേശവദേവ്. സാഹിത്യത്തിലെ അന്നേവരെ ഉണ്ടായിട്ടുള്ള പരമ്പരാഗതമായ അവതരണരീതിയെയും പാത്രസൃഷ്ടിയെയും  സൗന്ദര്യ ദര്‍ശനങ്ങളേയും   അദ്ദേഹം ഉടച്ചു വാര്‍ത്തു. സാധാരണ മനുഷ്യന്റെ ജീവിത പ്രശ്‌നങ്ങള്‍  ദേവ്  യഥാതഥമായി ചിത്രീകരിച്ചു. ഈ ധീരമായ പ്രവൃത്തിയില്‍ അദ്ദേഹത്തിന് തുണയായത്   മാര്‍ക്‌സിസവും ഒക്ടോബര്‍ വിപ്ലവവുമായിരുന്നു. റഷ്യയില്‍ മാര്‍ക്‌സിം ഗോര്‍ക്കി പ്രോദ്ഘാടനം ചെയ്ത സോഷ്യലിസ്റ്റ് റിയലിസത്തിന്റെ പ്രകടമായ സ്വാധീനമുള്ള പല രചനകളും ദേവിന്റേതായിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ‘കണ്ണാടി’ എന്ന നോവലാണ്.  ആലപ്പുഴ കയര്‍ ഫാക്ടറിയിലെ പൊതു പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ ഗോര്‍ക്കിയുടെ ‘അമ്മ’യുമായി സാമ്യമുണ്ട്.

ദേവിനെപ്പോലെ സാമൂഹ്യ   പ്രശ്‌നങ്ങള്‍  രചനകള്‍ക്ക്   ഊര്‍ജ്ജമാക്കിയ മറ്റൊരു എഴുത്തുകാരനാണ്  തകഴി ശിവശങ്കരപ്പിള്ള. സാമൂഹ്യ ജീവിതത്തിന്റെ സ്പന്ദനങ്ങളെ  തികഞ്ഞ  സൂക്ഷ്മതയോടെ  ദൃശ്യവത്കരിക്കുന്ന  തകഴി അതിനുവേണ്ടി  ആശ്രയിക്കുന്നത്   മാര്‍ക്‌സിസ്റ്റ് വീക്ഷണങ്ങളെയാണ്. മാര്‍ക്‌സിസത്തെ മാറ്റി നിറുത്തിക്കൊണ്ട് സാമൂഹ്യ സമത്വത്തെപ്പറ്റി പറയാന്‍ കഴിയില്ലെന്ന സത്യം തകഴിയുടെ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.  അദ്ദേഹത്തിന്റെ ‘രണ്ടിടങ്ങഴി’യിലും ‘തോട്ടിയുടെ മകനി’ലുമെല്ലാം ഈ ആശയങ്ങളുടെ  ഗംഭീരമായ സ്ഫുരണങ്ങളുണ്ട്. സോവിയറ്റു സാഹിത്യം പൊതുവേയും  മാക്‌സിം ഗോര്‍ക്കിയുടെ രചനകള്‍ പ്രത്യേകിച്ചും ഈ നോവലിസ്റ്റിനെ ആഴത്തില്‍ തന്നെ സ്വാധീനിച്ചിട്ടുണ്ട്.

കേരളത്തിലെ ഇടതുപക്ഷ ചിന്താധാരകളുമായി  അലിഞ്ഞു ചേര്‍ന്ന വ്യക്തിത്വമാണ് ചെറുകാടിന്റേത്.  അദ്ദേഹത്തിന്റെ  നോവലുകളും ചെറുകഥകളും നാടകങ്ങളും കേരളത്തിലെ കമ്മ്യൂണിസ്‌റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനും  ഒട്ടൊന്നുമല്ല സഹായിച്ചത്. കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ  വളര്‍ത്തിയെടുക്കുന്നതില്‍  ചെറുകാട് വഹിച്ച പങ്ക് നിസ്തുലമാണ്.  അതിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രേരകശക്തിയായി  മാറിയത് സോവിയറ്റു യൂണിയനിലെ സാഹിത്യ സാമൂഹ്യ രാഷ്ട്രീയ ചലനങ്ങളും  അവയ്ക്ക്  ജന്മം നല്‍കിയ  വിപ്ലവവുമായിരുന്നു.  ചെറുകാടിന്റെ  മാര്‍ക്‌സിസ്‌റ് വീക്ഷണങ്ങളുള്‍ക്കൊള്ളുന്ന രചനകളില്‍ ‘മുത്തശ്ശി’ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. സോഷ്യലിസ്‌റ് റിയലിസത്തിന്റെ അനുരണനങ്ങള്‍ ഈ കൃതിയില്‍ ആദ്യന്തം തുടിച്ചു  നില്‍ക്കുന്നത്  കാണാം.

ഇവര്‍ക്ക്  പുറമെ  കേരള മാര്‍ക്‌സ്  എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കെ ദാമോദരന്‍,  ഡി എം  പൊറ്റെക്കാട് തുടങ്ങി ഒട്ടനവധി പേര്‍ മാര്‍ക്‌സിസ്റ്റ് ആശയങ്ങളെ   അക്ഷരങ്ങളിലേക്ക്  പകര്‍ന്നെടുത്ത  എഴുത്തുകാരായിരുന്നു.

കവിതകളും നോവലുകളും മാത്രമല്ല, മാര്‍ക്‌സിസ്റ്റ് വീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സാമൂഹ്യപ്രശ്‌നങ്ങളെ കൈകാര്യംചെയ്യുന്ന നൂറുകണക്കിന് നാടകങ്ങളും ഇക്കാലത്ത് ഇവിടെ പിറന്നു വീഴുകയുണ്ടായി. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ അവസാനത്തിലും നാല്പതുകളുടെ ആരംഭത്തിലുമായി എത്രയെത്ര  സാമൂഹ്യ നാടകങ്ങളാണ് കേരളക്കരയെ രോമാഞ്ചമണിയിച്ചുകൊണ്ട് അരങ്ങുകളില്‍ ആടിത്തിമിര്‍ത്തത്. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതിയെ നിഷേധിക്കുവാനും സമത്വാധിഷ്ഠിതമായ ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുവാനും ഈ നാടകങ്ങളെല്ലാം ഉദ്‌ബോധനം ചെയ്തു.  കെ ദാമോദരന്റെ ‘രക്തപാനം’, ‘പാട്ടബാക്കി’, എം ആര്‍ ബിയുടെ  ‘മറക്കുടയ്ക്കുള്ളിലെ മഹാനരകം’, എം പി ഭട്ടതിരിപ്പാടിന്റെ ‘ഋതുമതി’, ചെറുകാടിന്റെ ‘നമ്മളൊന്ന്,’ പി ജെ ആന്റണിയുടെ ‘ഈങ്ക്വിലാബിന്റെ മക്കള്‍’,  എന്നീ നാടകങ്ങളെല്ലാം ഒരു പുതുയുഗത്തിന്റെ പിറവിയെ വിളംബരം ചെയ്യുന്ന നാടകങ്ങളായിരുന്നു. അന്‍പതുകളില്‍  പുറത്തുവന്ന തോപ്പില്‍ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ സാമൂഹ്യ വിമര്‍ശം  കൂടുതല്‍ തീക്ഷ്ണമായിത്തന്നെ  നിര്‍വഹിച്ച നാടകമാണ്. തികച്ചും ജനകീയമായ കലയെന്ന നിലയില്‍ ഇവ മറ്റ് കലാരൂപങ്ങളെ  അപേക്ഷിച്ച്  കൂടുതല്‍ എളുപ്പത്തില്‍   ജനഹൃദയങ്ങളിലേക്ക് ഇറങ്ങിക്കിച്ചെല്ലുകയും അവരില്‍ പുതിയ സാമൂഹ്യ ക്രമത്തെക്കുറിച്ചുള്ള ചിന്തകള്‍  ഉണര്‍ത്തുകയും  ചെയ്തു.

മലയാള സാഹിത്യത്തിന്  ജനകീയവും സാമൂഹ്യാധിഷ്ഠിതവുമായ ഒരടിത്തറ നല്‍കുന്നതില്‍  വലിയ പങ്കു വഹിച്ച ജീവല്‍ സാഹിത്യ പ്രസ്ഥാനവും  സാഹിത്യ മേഖലയില്‍ പില്‍ക്കാലത്ത്  സുശക്ത സാന്നിധ്യമായ പുരോഗമന സാഹിത്യ സംഘടനയും ഒക്ടോബര്‍ വിപ്ലവത്തിന്റെ അകമ്പടിയായെത്തിയ മാര്‍ക്‌സിസ്റ്റ് വീക്ഷണങ്ങളും സോഷ്യലിസ്റ്റ് ചിന്താഗതികളും ഉള്‍ക്കൊïുകൊണ്ടാണ് പിറവിയെടുത്തത്. മാര്‍ക്‌സിസ്റ്റ് തത്ത്വസംഹിതകളുടെ കേന്ദ്രമായി മാറിയിരുന്ന സോവിയറ്റു യൂണിയനിലെ സാഹിത്യ പ്രവര്‍ത്തനങ്ങളായിരുന്നു ഈ രïു സംഘടനകള്‍ക്കും മാതൃകയായിരുന്നത്.  സോവിയറ്റ്  സാഹിത്യത്തില്‍  അനുദിനം സംഭവിച്ചുകൊണ്ടിരുന്ന ജനകീയവത്കരണവും, അതിനുവേണ്ടി നടന്ന പരീക്ഷണങ്ങളും  ഇവിടുത്തെ ഭൂരിപക്ഷം സാഹിത്യകാരന്മാരേയും ആകര്‍ഷിക്കുകയും അവരെ വളരെയധികം പ്രചോദിതരാക്കുകയും ചെയ്തു.  പുരോഗമനവാദികളായ സാഹിത്യകാരന്മാരുടെ ആദര്‍ശ സങ്കേതമാണ് മോസ്‌കോ നഗരമെന്ന്  എം പി പോള്‍ ‘സാഹിത്യ വിചാര’ത്തില്‍ എഴുതിയത് തികച്ചും  അര്‍ത്ഥവത്തായിരുന്നു. നമ്മുടെ സാഹിത്യത്തില്‍ മാത്രമല്ല  സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ പോലും സോവിയറ്റു യൂണിയന്‍ എന്ന ലോകത്തിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് രാഷ്ട്രം  സമാനതകളില്ലാത്ത  സ്വാധീനമാണ് ചെലുത്തിയത്.  കേരളത്തിലെ മിക്കവാറും എല്ലാ സാഹിത്യകാരന്മാരും പുരോഗമന സാഹിത്യ സംഘടനയിലെ  അംഗങ്ങളായിരുന്നുവെന്നത്  എടുത്തു പറയേï വസ്തുതയാണ്. എന്നാല്‍ ചില കോണുകളില്‍ നിന്നും ഇതിനെതിരെ ശക്തമായ എതിര്‍പ്പുകളുമുയര്‍ന്നിരുന്നു എന്ന വസ്തുതയും  വിസ്മരിച്ചുകൂടാ. എതിര്‍പ്പുകള്‍ക്കിടയിലും അവയെയെല്ലാം അതിജീവിച്ചുകൊണ്ട് പ്രസ്ഥാനം വളര്‍ന്നു.

1917 ലെ ഒക്ടോബര്‍ വിപ്ലവവും അതിനെ ത്തുടര്‍ന്ന് ആവിര്‍ഭവിച്ച സോഷ്യലിസ്റ്റ് മാര്‍ക്‌സിസ്റ്റ് ചിന്താഗതികളും കേരളത്തിലെ സാഹിത്യ പ്രവര്‍ത്തനങ്ങളെ ജനകീയമാക്കുന്നതില്‍  വഹിച്ച പങ്ക് നിസ്തുലമാണ്. അതോടൊപ്പം മെച്ചപ്പെട്ട സാമൂഹ്യ പുരോഗതി നേടിയെടുക്കുന്നതിലും ആ ആശയങ്ങള്‍ നമ്മെ വളരെയധികം  സഹായിച്ചു. സാഹിത്യ സാമൂഹിക രംഗത്ത് ഇന്ന് നമ്മള്‍ വന്‍ പുരോഗതി നേടിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ സാമൂഹ്യ ചുറ്റുപാടുകളെ വിലയിരുത്തുമ്പോഴാണ് ഈ സത്യത്തിന്റെ വലിപ്പം നമുക്ക് ബോധ്യമാവുന്നത്.