Wednesday
19 Sep 2018

ദക്ഷിണാഫ്രിക്കയില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

By: Web Desk | Monday 26 March 2018 11:24 AM IST

നേമം: ദക്ഷിണാഫ്രിക്കയിലെ ഉംറ്റാറ്റയില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട അശോക് കുമാറിന്റെ (55) മൃതദേഹം ഇന്ന് നേമത്തെ വീട്ടിലെത്തും. നേമം സ്റ്റുഡിയോ റോഡില്‍ താമസിക്കുന്ന സഹോദരന്റെ വസതിയില്‍ എത്തിച്ച ശേഷം രാവിലെ ശാന്തികവാടത്തില്‍ സംസ്‌കാര കര്‍മ്മങ്ങള്‍ നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, ശശി തരൂര്‍ എംപി, സമ്പത്ത് എംപി എന്നിവരുടെ ഓഫീസുകളും ഉംറ്റാറ്റയിലെ മലയാളി സമാജവും നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ദക്ഷിണാഫ്രിക്കയിലെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
ഇക്കഴിഞ്ഞ 15ന് അശോക് കുമാറിനെ ഉംറ്ററ്റയിലെ താമസസ്ഥലത്തിന് സമീപത്തുനിന്നും തട്ടികൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ ഉപേക്ഷിക്കുകയായിരുന്നു. 12 വര്‍ഷമായി ദക്ഷിണാഫ്രിക്കയില്‍ സിവില്‍ എന്‍ജിനിയറായി ജോലി നോക്കി വന്ന അശോക് കുമാര്‍ അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്‍കാ പീസി എന്ന കണ്‍സ്ട്രക്ഷന്‍ സ്ഥാപനവും ഹോളി വേള്‍ഡ് ഇംഗ്ലീഷ് മീഡിയം ജൂനിയര്‍ സ്‌കൂളും നടത്തിയിരുന്നു. മരണം സംബന്ധിച്ച് ഉംറ്റാറ്റയില്‍ അന്വേഷണം നടക്കുന്നുണ്ട്. നേമം പൊലീസ് ക്വാര്‍ട്ടേഴ്‌സ് റോഡില്‍ വേലായുധന്റെയും, ശാരദയുടെയും മകനാണ് അശോക് കുമാര്‍. ഭാര്യ: ഇന്ദ്രാണി ദേവി (കെഎസ്ഇബി എന്‍ജിനിയര്‍). മകള്‍: ആഗ്രഹ ദത്ത (പ്ലസ് ടു വിദ്യാര്‍ഥിനി).