Saturday
24 Feb 2018

മലയാളി എംടെക്ക് വിദ്യാർത്ഥി ഐഎസ്സിൽ : അമ്മക്ക് സന്ദേശം

By: Web Desk | Monday 25 September 2017 11:15 AM IST

മലപ്പുറം പൊൻമലയിൽ നിന്നും കാണാതായ 23 കാരൻ ഐ എസ്സിൽ ചേർന്നതായി റിപ്പോർട്ടുകൾ. വെല്ലൂർ വിഐടിയിൽ എം ടെക് വിദ്യാർത്ഥിയായിരുന്ന നജീബിനെ ഓഗസ്റ്റ് 15 മുതൽ കാണാതായിരുന്നു.
നജീബിന്റെ മാതാവ് മകനെ കാണാനില്ലെന്നു കാണിച്ച് ഓഗസ്റ്റ് 26 ന് പോലീസിൽ പരാതി നൽകിയിരുന്നു.

നജീബ് ടെലിഗ്രാമിൽ അയച്ച സന്ദേശത്തിൽ നിന്നും തീവ്രവാദ സംഘടനയിൽ ചേർന്നതായി സംശയിക്കുന്നതായും മാതാവ് നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നു . നജീബ് അയച്ച സന്ദേശങ്ങളിൽ താൻ അവൻ്റെ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും പൊലീസിൽ ഈ വിവരം അറിയിക്കരുതെന്നും താക്കീത് നൽകിയിരുന്നു. ആഗസ്ത് 17 ന് അബു ബഷീർ എന്ന പേരുപയോഗിച്ചാണ് നജീബ് തന്റെ അമ്മയ്ക്ക് സന്ദേശങ്ങൾ അയച്ചത്.

സന്ദേശങ്ങൾ പരിശോധിച്ച് കേസ് എടുത്തതായി മലപ്പുറം സബ് ഇൻസ്‌പെക്ടർ ബിനു ബി ശ്രീധരൻ പറഞ്ഞു.

ഐ എസ്സിൽ ചേരുന്നവർ ഉപയോഗിക്കുന്ന ഒരു പൊതു നാമമാണ് അബു ബഷീർ എന്നുള്ളത്. കേരളത്തിൽ നിന്ന് ഇതിനുമുൻപ് ഐഎസിൽ ചേർന്നവർ അയച്ച സന്ദേശങ്ങളും സമാന രീതിയിലായിരുവെന്ന് പൊലീസ് പറയുന്നു.നജീബ് ഹൈദരാബാദിലെ ഇറാനിയൻ കോൺസുലേറ്റിലൂടെ ടെഹ്റാനിലേക്ക് ഒരു മാസത്തെ വിസ എടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറം പോലീസിന്റെ റിപ്പോർട്ട് പ്രകാരം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ആരംഭിച്ചു.

Related News