Tuesday
11 Dec 2018

ആണ്‍-പെണ്‍ തുല്യത: ഐസ്‌ലാന്റിനെ ലോകം ഉറ്റുനോക്കുന്നു

By: Web Desk | Thursday 4 January 2018 10:03 PM IST

ഹരികുറിശേരി

ആണ്‍പെണ്‍ സമത്വം എവിടെയാണ് ആരംഭിക്കേണ്ടതെന്ന് ഈ കൊച്ചുരാജ്യത്തോടു ചോദിച്ചുമനസിലാക്കണം. ആണിനുപെണ്ണിനേക്കാള്‍ കൂടുതല്‍ കൂലി നല്‍കുന്നതിനെ നിയമംമൂലം തടഞ്ഞ ആദ്യ രാജ്യമായി ഐസ് ലാന്റ്. ഇവിടെ 2018 ജനുവരി ഒന്നിനു നിലവില്‍വന്ന നിയമപ്രകാരം 25 ല്‍ ഏറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ആണ്‍ പെണ്‍ വിവേചനമില്ലാതെ തുല്യവേതന നിയമം പാലിക്കാന്‍ ബാധ്യസ്ഥമാണ്. തുല്യവേതനം നല്‍കുന്നതായി കാണിക്കാത്ത കമ്പനികള്‍ പിഴയൊടുക്കേണ്ടിവരും.
പെണ്ണിന് പെണ്ണായി പുറത്തിറങ്ങി നടക്കാനാവാത്ത രാജ്യങ്ങള്‍ പുരോഗതിയുടെ മേനി നിരത്തി ലോകത്തിന് മുന്നില്‍ തന്നെയുണ്ട്. സ്ത്രീകള്‍ക്ക് ഇഷ്ടവസ്ത്രം ധരിക്കാനും വാഹനമോടിക്കാനും അനുമതി നല്‍കുന്നത് ഇക്കാലത്തും ചിലരാജ്യങ്ങളില്‍ വലിയ വാര്‍ത്തയാകുമ്പോള്‍ വംശത്തിന്റെ പേരില്‍ നടക്കുന്ന നരഹത്യകളും പെണ്‍ കച്ചവടങ്ങളും ക്രൂരമായചവിട്ടിത്തേയ്ക്കലുകളും മറ്റ് ചിലയിടങ്ങളില്‍ വാര്‍ത്തയാണ്. ലോകശക്തിയാവാന്‍ കുതിക്കുന്ന ഇന്ത്യയില്‍ ജനസംഖ്യയുടെ പകുതിയോളം കയ്യാളുന്ന(48.5ശതമാനം 2011 സെന്‍സസ്)മഹിളകള്‍ക്ക് 33 ശതമാനം സംവരണത്തിന്റെ ഭേദഗതി അട്ടത്തുതന്നെ ഇരിക്കുന്നതേയുള്ളുവെന്നതും ശ്രദ്ധേയം.
ഇനി ഐസ് ലാന്റിലേക്കു തിരിച്ചു പോകാം. ഒരു സംവരണവുമില്ലാതെ 48 ശതമാനം സ്ത്രീകള്‍ ഐസ് ലാന്റിന്റെ പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. ലിംഗ തുല്യത പാലിക്കുന്നതില്‍ മുന്നിലുള്ള രാജ്യമാണ് ഐസ് ലാന്റ്. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി ലിംഗവിവേചനമില്ലാത്ത രാജ്യമായി ദി വേള്‍ഡ് എക്കണോമിക് ഫോറം തിരഞ്ഞെടുത്തിട്ടുള്ള രാജ്യമാണിത്. സാമ്പത്തികം,വിദ്യാഭ്യാസം,ആരോഗ്യം,രാഷ്ട്രീയം എന്നീ രംഗങ്ങളെ അടിസ്ഥാനമാക്കിയാണിത്. സംവരണവുമില്ലാതെ 48 ശതമാനം സ്ത്രീകള്‍ ഐസ് ലാന്റിന്റെ പാര്‍ലമെന്റില്‍ എത്തിയത് ലോകത്തുതന്നെ ചര്‍ച്ചയായിരുന്നു. വേതനകാര്യത്തില്‍ കഴിഞ്ഞവര്‍ഷം പാസാക്കിയ തുല്യതാനിയമം ഈ ജനുവരിമുതലാണ് പ്രായോഗികതലത്തിലെത്തിയത്.വേതനവും കൂലിയും സംബന്ധിച്ച് സ്ത്രീകളും പുരുഷന്മാരുമായുള്ള വിടവ് നികത്തുന്നതിന് ഒരു ദശാബ്ദമായി ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്.ഇതൊക്കെയാണെങ്കിലും വേതനത്തിലെ വിവേചനം തുടര്‍ന്നുകൊണ്ടിരുന്നു. 2016ല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പകല്‍ 2.38ന് ജോലി അവസാനിപ്പിക്കുന്ന പ്രതിഷേധസമരം നടത്തിയിരുന്നു. സ്ത്രീകള്‍ കൂലി വാങ്ങാതെ പ്രതിഷേധിക്കലും ഉണ്ടായി. ഒരു ഡോളറിന് 72 സെന്റ് എന്ന കണക്കിനാണ് വേതനത്തിലെ സ്ത്രീപുരുഷ വ്യത്യാസമെന്ന് മാധ്യമങ്ങള്‍ പറയുന്നു. 2017 ലോക മഹിളാദിനത്തില്‍ അവര്‍ അതുമാറ്റാന്‍ തീരുമാനിച്ചു. 3,23000 മാത്രം ജനസംഖ്യയുള്ള ചെറുരാഷ്ട്രം 2020ഓടെ തൊഴില്‍ കൂലിയിനത്തിലെ വിടവ് പൂര്‍ണമായും മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഐസ് ലാന്റിലെ നമ്മുടെ സഹോദരങ്ങളുടെ മാതൃക നമ്മള്‍പിന്തുടരേണ്ടതുണ്ടെന്നും തുല്യജോലിക്ക് വംശം,വര്‍ഗം,ദേശം,ലിംഗം എന്നിവയ്ക്ക് അതീതമായ തുല്യവേതനം എന്ന ആവശ്യത്തിലേക്കു മുന്നേറണമെന്നും യുഎസ് സെനറ്റര്‍ ബെര്‍ണീ സാന്‍ഡേഴ്‌സ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഇത് ഈ രാജ്യത്തിലെ മാറ്റത്തെ ലോകം എത്ര താല്‍പര്യത്തോടെ വിലയിരുത്തുന്നു എന്നതിന് ഉദാഹരണമാണ്.
ഏറ്റവും വലിയ ജനാധിപത്യസംസ്‌കാരം അവകാശപ്പെടുമ്പോഴും വംശം,വര്‍ഗം,ദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ വേതനം തരംതിരിക്കുന്ന ഇന്ത്യക്കും ഇത് മാതൃകയാകേണ്ടതാണ്. ആണാളിനും പെണ്ണാളിനും കൂലിയിലുള്ള വിവേചനം നിയമാനുസൃതമായി അംഗീകരിക്കപ്പെട്ട രാജ്യത്ത് ബുര്‍ഖക്കും തലാക്കിനും പ്രേമത്തിനും മാത്രമല്ല വഴിനടക്കലിനുപോലും പോരാടേണ്ട സ്ഥിതി തുടരുക തന്നെയാണ്.
ലോക സുന്ദരിയാകുമ്പോഴും ഗര്‍ഭകാലം പണയം വച്ച് ഐടി ജോലിനേടേണ്ട സ്ഥിതിയാണ് ഇന്ത്യന്‍ പെണ്ണിന്. സിവില്‍ സര്‍വീസ് കോച്ചിംങിന് പോയ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്താല്‍ ഉടനുള്ള നടപടി കോച്ചിംങിന്റെ സമയം മാറ്റലാണെന്നും നമ്മള്‍ ലോകത്തിന് കാട്ടിക്കൊടുത്തുകഴിഞ്ഞു. മിണ്ടുന്ന പെണ്ണിനെ ഫെമിനിച്ചിയാക്കി മോശക്കാരിയാക്കുന്ന സംസ്‌കാരം നൂറു ശതമാനം സാക്ഷരരായ മലയാളികളും തുടരുക തന്നെയാണല്ലോ.