Sunday
17 Dec 2017

മലേഗാവ്: ജാമ്യം ലഭിച്ച പുരോഹിതിനെ തിരിച്ചെടുക്കാന്‍ നീക്കം

By: Web Desk | Monday 21 August 2017 10:51 PM IST

ന്യൂഡല്‍ഹി:

2008ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതി ലഫ.് കേണല്‍ ശ്രീകാന്ത് പുരോഹിതിന് സുപ്രിം കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ സൈന്യത്തില്‍ തിരിച്ചെടുക്കാനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടി കേന്ദ്ര പ്രതിരോധ മന്ത്രാലയം. പുരോഹിതിനെ തിരിച്ചെടുക്കുന്ന കാര്യം കരസേനാ അധികൃതര്‍ സ്ഥിരീകരിച്ചു. പുരോഹിതിനെ ഏതെങ്കിലും ഒരു യൂണിറ്റിന്റെ ചുമതല നല്‍കുമെന്നും കരസേനാ അധികൃതര്‍ വ്യക്തമാക്കി. പുരോഹതിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അറസ്റ്റിനെ തുടര്‍ന്ന് തന്റെ ശമ്പളത്തിന്റെ 25 ശതമാനം മാത്രമാണ് പുരോഹിതിന് ലഭിച്ചിരുന്നത്. എന്നാല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ആംഡ് ഫോഴ്‌സസ് ട്രിബ്യൂണലിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ 75 ശതമാനം ശമ്പളവും നല്‍കിയിരുന്നു. ജമ്മു കശ്മീരിലെ തീവ്രാവാദ വിരുദ്ധ വിഭാഗത്തിലും സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലും പുരോഹിത് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ പുരഹിതിനെ സാന്യത്തില്‍ തിരിച്ചെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രിതിഷേധവുമായി രംഗത്തെത്തി.
ബോംബെ ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പുരോഹിത് സുപ്രിം കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കുന്നതിനെ കേസ് അന്വേഷിക്കുന്ന എന്‍ഐഎ എതിര്‍ത്തെങ്കിലും ജസ്റ്റിസുമാരായ ആ കെ അഗര്‍വാള്‍, എ എം സപ്രെ എന്നിവര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ പുരോഹിത് കഴിഞ്ഞ ഒമ്പതു വര്‍ഷമായി ജയിലിലാണ്. എന്നാല്‍, അദ്ദേഹത്തിനെതിരെ എന്‍ഐഎ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

Related News