Sunday
22 Oct 2017

മിന്നും താരമായി മമിത

By: Web Desk | Friday 6 October 2017 1:31 AM IST

സരിതാ കൃഷ്ണന്‍

വെള്ളിത്തിരയിലെ തിളക്കവുമായാണ് മമിത കലോത്സവ വേദിയിലെത്തിയത്. ആ തിളക്കത്തിന് മാറ്റുകൂട്ടിയായിരുന്നു മടക്കവും. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റുമാനൂര്‍ മംഗളം സ്‌കൂളിലെ സിബിഎസ്ഇ സഹോദയ കലോത്സവ വേദിയിലായിരുന്നു മമിതയുടെ മിന്നുന്ന പ്രകടനം. കാറ്റഗറി മൂന്നില്‍ മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം നേടിയ മമിത ബൈജുവാണു മിന്നും താരമായത്. കട്ടച്ചിറ മേരി മൗണ്ട് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ മമിത ഉള്‍പ്പെട്ട സംഘത്തിനു ഗ്രൂപ്പ് ഡാന്‍സില്‍ മൂന്നാം സ്ഥാനവും ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമൊഴികെ നാലു വര്‍ഷമായി മോഹിനിയാട്ടത്തിലെ ജേതാവാണു മമിത. കഴിഞ്ഞ വര്‍ഷം കുച്ചിപ്പുടിയില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ നാടോടിനൃത്തത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. നൃത്തത്തില്‍ പ്രതിഭ തെളിയിക്കുന്നതിനൊപ്പം പഠന രംഗത്തും മുന്‍പന്തിയിലാണു മമിത. ഇതിനോടകം നാലു സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു. ഹണീബി ടുവില്‍
ആസിഫ് അലിയുടെ സഹോദരിയായി വേഷമിട്ട മമിത സര്‍വോപരി പാലാക്കാരനിലും അഭിനയിച്ചിരുന്നു. അടുത്തിടെ റിലീസാകുന്ന സ്‌കൂള്‍ ഡയറി, കൃഷ്ണം എന്നീ സിനിമകളിലും മമിത അഭിനയിച്ചിട്ടുണ്ട്. മോണോ ആക്ടില്‍ ഉള്‍പ്പെടെ മത്സരിച്ചു വിജയിച്ചിട്ടുള്ള ഏക സഹോദരന്‍ മിഥുന്‍ കാനഡയില്‍ ഉപരിപഠനം നടത്തുകയാണ്. നന്നായി വരയ്ക്കുകയും പാടുകയും ചെയ്യുന്ന കിടങ്ങൂര്‍ മെരിറ്റസ് ഹെല്‍ത്ത്‌കെയര്‍ ഉടമ ഡോ. ബൈജുവിന്റെയും നൃത്ത വേദികളില്‍ മികവു തെളിയിച്ചിട്ടുള്ള മിനിയുടെയും മകളാണു മമിത.