Monday
17 Dec 2018

മമ്മൂട്ടി വീണ്ടും അഭിനയിക്കാന്‍ കൊതിക്കുന്ന കഥാപാത്രം

By: Web Desk | Friday 5 October 2018 6:21 PM IST

പല്ലിശേരി

1986 ല്‍ റിലീസായ, അധികം ശ്രദ്ധിക്കപ്പെടാതെ പോയ പത്മരാജന്റെ നല്ല സിനിമകളിലൊന്നാണ് ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’. ഈ ചിത്രത്തില്‍ സഖറിയ എന്ന അതിശക്തനായ നായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

ഒരു വേശ്യാലയമാണ് പ്രധാന കഥാപാത്രം. അതിന്‍റെ അധികാര സ്ഥാനത്തിനു വേണ്ടി രണ്ട് വിഭാഗങ്ങള്‍ ( രണ്ട് മതക്കാര്‍ എന്നും പറയാം ) നടത്തുന്ന പോരാട്ടകഥ.
വേശ്യാലയവും രണ്ടു വിഭാഗങ്ങളും കാലഹരണപ്പെട്ട കഥാപാത്രങ്ങളല്ല. അവര്‍ വെറും വേശ്യാലയവും രണ്ട് വിഭാഗങ്ങളുമല്ല.

1986 ആ സിനിമയുടെ കാലമായിരുന്നില്ല. എങ്കിലും ലൈംഗിക സൂചനകളും പകയുടെ പകര്‍ത്താട്ടങ്ങളും കൊണ്ട് ആ സിനിമ ഒരു ന്യൂനപക്ഷത്തിനെ കേന്ദ്രീകരിച്ചു മാത്രം ചര്‍ച്ചാവിഷയമായി.

അക്കാലത്തും പില്‍ക്കാലത്തും പത്മരാജന്റെ രചനകളില്‍ മരണവും രതിയും മഴയും ലഹരിപോലെ പടര്‍ന്നു പിടിച്ചിരുന്നു. ഒരു നല്ല സിനിമയായിരുന്നിട്ടു കൂടി ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ കൂട്ടത്തിലെ വിളക്കായി മാറി.

ആ സിനിമയിലെ സഖറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയാണ്. കഴിഞ്ഞ 38 വര്‍ഷത്തിനിടയില്‍ എഴുതിചേര്‍ക്കാന്‍ ധാരാളം ശക്തമായ സിനിമകളും കഥാപാത്രങ്ങളും മമ്മൂട്ടിയുടെ പേരില്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും മമ്മൂട്ടി എക്കാലത്തും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു കഥാപാത്രമാണ് സഖറിയ.

1975 ല്‍ ‘പ്രയാണം’ മുതല്‍ 1991 വരെ പത്മരാജന്‍ കഥ, തിരക്കഥ, സംഭാഷണം എഴുതിയ സിനിമകളുടെ എണ്ണം 36 ആണ്. ഈ 36 സിനിമകളും വേണ്ടത്ര രീതിയില്‍ പഠന വിഷയമാക്കിയിട്ടില്ല.

ഇപ്പോഴും മമ്മൂട്ടി പറയുന്നു, താന്‍ വീണ്ടും അഭിനയിക്കാന്‍ കൊതിക്കുന്ന ഒരു കഥാപാത്രമാണ് ‘അരപ്പട്ട കെട്ടിയ ഗ്രാമത്തി ‘ലെ സഖറിയ. 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച സിനിമ. 32 വര്‍ഷത്തിനു ശേഷം അതേ സഖറിയയെ വീണ്ടും അവതരിപ്പിച്ച് അവിസ്മരണീയമായ അഭിനയ മുഹൂര്‍ത്തം കാഴ്ച വെക്കാന്‍ കഴിയും.  മമ്മൂട്ടിയുടെ ആഗ്രഹം അറിഞ്ഞ് ചില നിര്‍മ്മാതാക്കള്‍ ഈ സിനിമ വീണ്ടും നിര്‍മ്മിക്കാനുള്ള അലോചനയിലാണ്.