Wednesday
21 Nov 2018

മണ്ടന്‍ കിട്ടുണ്ണി

By: Web Desk | Sunday 9 September 2018 8:48 AM IST

സന്തോഷ് പ്രിയന്‍

മണ്ടന്‍കിട്ടുണ്ണി ഒരു ദിവസം തന്റെ മുതലാളിയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അടയ്ക്കാവ്യാപാരിയായ വേലുപ്പണിക്കരായിരുന്നു കിട്ടുണ്ണിയുടെ മുതലാളി. ഒരുചാക്ക് നിറയെ അടയ്ക്കയുമായി പട്ടണത്തിലെ ചന്തയിലേക്ക് പോവുകയായിരുന്നു ഇരുവരും.
കമ്പാര്‍ട്ടുമെന്റില്‍ തിരക്ക് കുറവായതിനാല്‍ വേലുപ്പണിക്കര്‍ സീറ്റില്‍ ഇരുന്ന് മയങ്ങുകയായിരുന്നു. എതിര്‍വശത്തെ സീറ്റില്‍ പത്രം വായിച്ചുകൊണ്ടിരുന്ന കിട്ടുണ്ണി പെട്ടെന്ന് പത്രം താഴെയിട്ട ശേഷം സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ചാക്കുകെട്ട് എടുത്ത് വാതിലിലൂടെ പുറത്തേക്കെറിഞ്ഞു. എന്നിട്ട് വേലുപ്പണിക്കരെ തട്ടിവിളിച്ചു പറഞ്ഞു.
‘മുതലാളീ…മുതലാളീ…… നമ്മള്‍ രക്ഷപെട്ടു. വലിയൊരു ദുരന്തത്തില്‍ നിന്നും രക്ഷപെട്ടു.’
‘എന്തു സംഭവിച്ചെടാ? നിന്നു പ്രസംഗിക്കാതെ കാര്യം തുറന്നു പറ.’
വേലുപ്പണിക്കര്‍ ദേഷ്യത്തോടെ ചോദിച്ചു.
‘മുതലാളീ ഈ പത്ര വാര്‍ത്ത കണ്ടോ?. പാക്ക് പൊട്ടിത്തെറിയില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്ന്. ഹും, ഞാനാരാ മോന്‍. ഈ വാര്‍ത്ത കണ്ട ഉടനെ ഞാന്‍ നമ്മുടെ അടയ്ക്ക ചാക്കോടെ എടുത്ത് പുറത്തേക്കു കളഞ്ഞു. ഇല്ലെങ്കില്‍ അത് പൊട്ടിത്തെറിച്ച് യാത്രക്കാര്‍ എല്ലാവരും ചത്തേനെ.’
‘എന്റെ ഭഗവതീ, ചതിച്ചോ. എടാ പാകിസ്ഥാനില്‍ പൊട്ടിത്തെറിയുണ്ടായ കാര്യമാടാ പത്രത്തിലെ വാര്‍ത്ത. എടാ പമ്പരവിഡ്ഢീ എന്റെ പാക്കെല്ലാം നീ കളഞ്ഞല്ലോടാ ദ്രോഹീ…..’ വേലുപ്പണിക്കര്‍ പറഞ്ഞതുകേട്ട് കിട്ടുണ്ണി തലയില്‍ കൈവച്ചുനിന്നു.