Tuesday
20 Feb 2018

മാണിയ്‌ക്കൊപ്പം എല്‍ഡിഎഫില്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസമാണ്: കാനം

By: Web Desk | Wednesday 14 February 2018 5:01 PM IST

കോട്ടയം: മാണിയ്‌ക്കൊപ്പം എല്‍ഡിഎഫില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് പ്രയാസമാണെന്നും അദ്ദേഹത്തോടുള്ള എല്ലാ ആദരവും വച്ചുകൊണ്ടുതന്നെയാണ് ഇക്കാര്യം പറയുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബാക്കി സിപിഎമ്മിന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കറുകച്ചാലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് വിട്ടുപോയവര്‍ തിരികെ വരണമെന്നാണ് സിപിഐയുടെ ആഗ്രഹം. എന്നാല്‍ അതിന്‍റെ  പേരില്‍ ആ പട്ടികയിലില്ലാത്തവരെ കൂട്ടിച്ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ല. മാണിയുടെ കാര്യത്തില്‍ നയനാരുടെ അഭിപ്രായത്തോടാണ് തങ്ങള്‍ക്ക് യോജിപ്പെന്ന് പേരെടുത്തുപറയാതെ അദ്ദേഹം വ്യക്തമാക്കി. രാവിലെ കാണാമെന്ന് പറഞ്ഞ് പിരിഞ്ഞ മാണിയെ പിറ്റേദിവസം മറ്റൊരു കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റ് വരുന്നതാണ് കണ്ടതെന്നും ഓനെ വിശ്വസിക്കരുതെന്നും നയനാര്‍ മുന്‍പ് നിയമസഭയില്‍ പറഞ്ഞത് താന്‍ നേരിട്ട് കേട്ടിട്ടുണ്ടെന്നായിരുന്നു കാനം വ്യക്തമാക്കിയത്.

കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് എല്‍ഡിഎഫ് നിലകൊള്ളേണ്ടത്. യോജിക്കാവുന്ന പരിപാടികളുടെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് നിലനില്‍ക്കുന്നത്. അങ്ങനെയാണ് അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ നടക്കുന്നത്. അവിടെ അഴിമതിക്കാരെ ചേര്‍ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ നന്മയ്ക്കായുള്ള രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഇപ്പോള്‍ ഒരു പ്രതിസന്ധി എല്‍ഡിഎഫിലില്ല. മാത്രമല്ല, മതനിരപേക്ഷതയ്ക്കായി ആരെയെങ്കിലും ഒപ്പം ചേര്‍ക്കാന്‍ എല്‍ഡിഎഫിന് മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്കാരുടെ സഹായം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പി ജെ ജോസഫ് കൂടെയുള്ള സമയത്ത് സിപിഐ സിപിഎം വോട്ടുകള്‍ ജോസഫിന് ലഭിക്കുന്നുവെന്നും തിരിച്ച് ജോസഫ് ഗ്രൂപ്പിന്റെ വോട്ടുകള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നില്ലെന്നും എല്‍ഡിഎഫില്‍ വിലയിരുത്തലുണ്ടായിരുന്നതാണ്. ആ വിലയിരുത്തല്‍ മറന്നുപോവരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതെല്ലാം പറയുമ്പോള്‍ സിപിഐയ്ക്ക് കോണ്‍ഗ്രസ് ബന്ധമെന്നാണ് ആരോപണം. ഒരുപാട് കാലം കൂടെ ജീവിച്ചിട്ടും ചാരിത്ര്യത്തില്‍ സംശയമുണ്ടെന്ന രീതിയിലുള്ള നിലപാട് ജനം വിശ്വസിക്കില്ല. സിപിഐയാണ് ശരിയെന്ന് ജനം വിശ്വസിക്കുന്നുവെങ്കില്‍ അതിന് തങ്ങളോട് പരിഭവപ്പെട്ടിട്ട് കാര്യമില്ല. സ്വന്തം താല്‍പ്പര്യത്തിനായി ആരെയെങ്കിലും കുറ്റം പറഞ്ഞേ തീരൂ എന്നാണെങ്കില്‍ ആവാം. സിപിഐ ദുര്‍ബലമാണെന്ന് വരുത്തേണ്ടത് അത്തരം ചിലരുടെ താല്‍പ്പര്യമാണ്. സിപിഎം മാത്രം ശക്തിപ്രാപിച്ചാല്‍ ശക്തമാകുന്നതല്ല എല്‍ഡിഎഫ്. അതിന് സിപിഐയും ശക്തമാവണം. സിപിഐ ഇല്ലാതായാലും എല്‍ഡിഎഫ് ശക്തമാവുമെന്ന് പറയുന്നവര്‍ പാര്‍ട്ടി പിളര്‍പ്പിന് ശേഷം സെക്രട്ടറിയേറ്റിനകം കണ്ടത് സിപിഐ ഒപ്പം വന്നതിന് ശേഷമാണെന്ന് മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

രാജ്യത്ത് പ്രധാനമായും ചെറുക്കേണ്ടത് സംഘപരിവാറിനേയും ബിജെപിയേയുമാണ്. സിപിഐ എമ്മും സിപിഐയും ഇത് തിരിച്ചറിഞ്ഞിരിക്കുന്നു. തര്‍ക്കങ്ങള്‍ കാലം പരിഹരിക്കും. മുഖ്യശത്രുവിനെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടിയാണുണ്ടായത്. സന്ദര്‍ഭത്തിനനുസരിച്ച് ആരെയാണ് എതിര്‍ക്കേണ്ടതെന്ന തിരിച്ചറിവാണ് കമ്മ്യൂണിസ്റ്റുകാരന്റെ മികവ്. ഇന്ന് നാം കാണുന്ന നിലപാടല്ല നാളെ സ്വീകരിക്കേണ്ടി വരിക. വര്‍ഗ്ഗീയതയെ ചെറുക്കാന്‍ തയ്യാറായി ആളുകള്‍ വരുമ്പോള്‍ അവരുടെ ജാതകം നോക്കി വേര്‍തിരിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ യോജിപ്പ് അനിവാര്യമാണ്. ഇതില്‍ ഏറ്റവുമടുത്ത് യോജിച്ച് നില്‍ക്കുന്നത് സിപിഐ എമ്മും സിപിഐയുമാണ്. പക്ഷെ ഇടതുചേരിയില്‍പ്പെട്ട ആര്‍ എസ് പിയും ഫോര്‍വേഡ് ബ്ലോക്കും വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ചേരിയിലാണ്.ഈ സാഹചര്യത്തില്‍ ഇടതുപക്ഷ ഐക്യം ശക്തമാക്കേണ്ട ചുമതല രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമുണ്ട്. മതനിരപേക്ഷത ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് മാത്രം ചാര്‍ത്തിക്കൊടുക്കാന്‍ കഴിയില്ല. മതനിരപേക്ഷത ശക്തിപ്പെടുത്തിയാല്‍ ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ തടയാനാകുമെന്നും കാനം പറഞ്ഞു.

ജില്ലയിലെ മുതിര്‍ന്ന അംഗം സി എം തങ്കപ്പന്‍ പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ നേതാക്കളും പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി. സ്വാഗതസംഘം പ്രസിഡന്റ് രാജു തെക്കേക്കര സ്വാഗതം ആശംസിച്ചു. നേതാക്കളായ സത്യന്‍ മൊകേരി, പി കെ കൃഷ്ണന്‍, അഡ്വ. വി ബി ബിനു, അഡ്വ. സി ജി സേതുലക്ഷ്മി, ടി എന്‍ രമേശന്‍, ഒ പി എ സലാം എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. അഡ്വ. വി കെ സന്തോഷ് കുമാര്‍ രക്തസാക്ഷി പ്രമേയവും ആര്‍ സുശീലന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. പി കെ ചിത്രഭാനു, ജോണ്‍ വി ജോസഫ്, സി കെ ആശ എംഎല്‍എ, മനോജ് ജോസഫ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.
വൈകുന്നേരം ഗൗരി ലങ്കേഷ് നഗറില്‍ ചേര്‍ന്ന സാംസ്‌ക്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. വി ബി ബിനു അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

ഇന്ന് രാവിലെ പ്രതിനിധി സമ്മേളനം തുടരും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി പുരുഷോത്തമന്‍, സി എ കുര്യന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.
നാളെ ഉച്ചകഴിഞ്ഞ് മൂന്നമണിയോടെ നെത്തല്ലൂര്‍ കവലയില്‍ നിന്നും ചുവപ്പുസേന മാര്‍ച്ച് ആരംഭിക്കും. 5.30ന് പി എസ് പരമേശ്വരന്‍ നായര്‍ നഗറില്‍ ചേരുന്ന പൊതുസമ്മേളനം കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി കെ ശശിധരന്‍ അധ്യക്ഷത വഹിക്കും. ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം, ഭക്ഷ്യമന്ത്രി പി തിലോത്തമന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി പ്രസാദ്, പി കെ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.

Related News