Saturday
18 Nov 2017

കാരുണ്യത്തിനായി കൈനീട്ടിയ മണികണ്ഠന്‍ ഇനി ‘സൂപ്പര്‍സ്റ്റാര്‍’

By: Web Desk | Wednesday 18 October 2017 9:42 PM IST

പ്രദീപ് ചന്ദ്രന്‍

കൊല്ലം: ഇതുവരെ മണികണ്ഠന്റെ സ്വപ്നം കഴിക്കാന്‍ അല്‍പം ഭക്ഷണവും കിടന്നുറങ്ങാന്‍ ഒരു സുരക്ഷിത താവളവും മാത്രമായിരുന്നു. ഓച്ചിറക്കളിക്കിടെ ഭിക്ഷ യാചിക്കാനിരിക്കുന്ന അന്തേവാസികളെ നിരീക്ഷിക്കുന്നതിനിടെയാണ് മണികണ്ഠന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥരുടെ കണ്ണിലുടക്കിയത്. ഓച്ചിറക്കളിക്കെത്തിയ പലരോടും കൈനീട്ടുകയായിരുന്ന ഏഴ് വയസുകാരനെക്കുറിച്ച് അവര്‍ തിരക്കി. അമ്മയോടൊപ്പം കടവരാന്തയിലാണ് അവന്‍ കിടന്നുറങ്ങുന്നത്. മറ്റുള്ളവരുടെ കാരുണ്യത്താലാണ് ഇരുവരുടെയും ജീവിതം. ഉദ്യോഗസ്ഥര്‍ തിരികെ കൊല്ലത്തേയ്ക്ക് വരുമ്പോള്‍ അവനേയും ഒപ്പം കൂട്ടി. തിരക്കിയിട്ടും അമ്മയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കൊല്ലത്തെ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ മണികണ്ഠന്‍ ഏഴ് വര്‍ഷത്തിനുശേഷം നാളെ ചെന്നൈയിലേയ്ക്ക് പോകുകയാണ്. അണ്ടര്‍- 15 ഫുട്‌ബോള്‍ താരങ്ങളുടെ ക്ലബായ ‘ഫുട്‌ബോള്‍ പ്ലസ്’ എന്ന സോക്കര്‍ അക്കാദമിയില്‍ മണികണ്ഠനെ തിരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ മാസം 18നായിരുന്നു സെലക്ഷന്‍ ട്രയല്‍സ്. സെന്റര്‍ ബാക്ക് പൊസിഷനില്‍ കളിക്കുന്ന ഈ പതിനാലുകാരന്റെ പെര്‍ഫോമന്‍സ് സെലക്ടര്‍മാരെ ആകര്‍ഷിച്ചു. കോച്ച് എംപി അഭിലാഷിനൊപ്പം ചെന്നൈയിലേയ്ക്ക് പോകുന്ന മണികണ്ഠന്റെ കൂടെചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ പത്താംക്ലാസുകാരന്‍ പ്രവീണുമുണ്ട്. ഭാഗ്യം തുണച്ചാല്‍ അമേരിക്കയിലെയും സ്‌പെയിനിലെയും ഫുട്‌ബോള്‍ അക്കാദമികളുമായി സഹകരിക്കുന്ന ചെന്നൈ ടീമിലൂടെ മണികണ്ഠന് വിദേശ ക്ലബുകളിലും എത്തിപ്പെടാനാകും.
ചില്‍ഡ്രന്‍സ് ഹോമിലെ ടിവിയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ വീക്ഷിച്ചതാണ് മണികണ്ഠന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ചില്‍ഡ്രന്‍സ്‌ഹോം അങ്കണത്തില്‍ കാല്‍പന്ത് കൊണ്ട് മായാജാലം കാട്ടുന്ന മണികണ്ഠന്‍ സൂപ്രണ്ട് ശ്രീകുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഫാത്തിമ മാതാ നാഷണല്‍ കോളജ് ഗ്രൗണ്ടില്‍ ബ്ലാക് പേള്‍സ് സ്‌പോര്‍ട്‌സ് ക്ലബുമായി സഹകരിച്ച് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായി പതിവായി പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് ഒരാശ്വാസമായിരുന്നു ഫുട്‌ബോള്‍ കളി. അവിടെവച്ചാണ് മണികണ്ഠനെ കോച്ച് അഭിലാഷ് ശ്രദ്ധിച്ചത്. പ്രായത്തേക്കാളേറെ പന്തടക്കവും മികവും കാട്ടുന്ന പയ്യന് കൂടുതല്‍ പരിശീലനം നല്‍കിത്തുടങ്ങി. പിന്നീടാണ് ചെന്നൈയിലെ അക്കാദമിയിലെ പ്രീ-സീസണ്‍ സെലക്ഷന്‍ ക്യാമ്പില്‍ മണികണ്ഠനെ എത്തിച്ചത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമാകുക എന്നതാണ് ഈ കൊച്ചുമിടുക്കന്റെ സ്വപ്നം.