Saturday
23 Jun 2018

മഴക്കാല പരിചരണം കന്നുകാലികള്‍ക്ക്

By: Web Desk | Friday 8 June 2018 9:13 PM IST

ഴക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് കന്നുകാലികളുടെ ക്ഷേമത്തിനും ഉത്പാദന മികവിനും അനുകൂലമാണെങ്കിലും, മഴമൂലം കൂടുന്ന അന്തരീക്ഷത്തിലെ ഈര്‍പ്പം അഥവാ ആര്‍ദ്രത പല മഴക്കാല രോഗങ്ങള്‍ക്കും കാരണമാകാം. അതുകൊണ്ടുതന്നെ താഴെ പറയുന്ന മുന്‍കരുതലുകള്‍ കന്നുകാലികളുടെ പരിചരണത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.
1. മഴക്കാലം തുടങ്ങുന്നതിന് മുമ്പേ, കേടുപാടുകള്‍ മാറ്റി തൊഴുത്ത് കെട്ടുറപ്പുള്ളതും, ശുചിത്വമുള്ളതുമാക്കുക.
2. വിരമരുന്നുകളും പ്രതിരോധ കുത്തിവെപ്പുകളും വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കൃത്യമായി നല്‍കുക.
3. തൊഴുത്തിലോ പരിസരത്തോ എലിശല്യം ഉണ്ടാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. എലിയില്‍ നിന്നും പകരുന്ന എലിപ്പനി അഥവാ ലെപ്‌ടോസ്‌പൈറോസിസ് എന്ന രോഗം ഉരുക്കള്‍ക്കും, കര്‍ഷകര്‍ക്കും ഒരുപോലെ മാരകമാണ്.
4. തൊഴുത്തിലും മേച്ചില്‍ സ്ഥലങ്ങളിലും കുടിക്കാന്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
5. തീറ്റച്ചാക്കുകള്‍ ചുമരില്‍ ചാരിവയ്ക്കാതെ മരപ്പലകയുടെയോ, ഇരുമ്പ് പലകയുടേയോ മുകളില്‍ സൂക്ഷിക്കുക. തീറ്റയില്‍ ഈര്‍പ്പം കലര്‍ന്നാല്‍ അത് മാരകമായ പൂപ്പല്‍ വിഷബാധയ്ക്ക് കാരണമാകും.
6. കൊതുക് മുട്ടയിട്ട് പെരുകുന്നത് തടയാന്‍ തൊഴുത്തും പരിസരവും വൃത്തിയാക്കി വെയ്ക്കുവാനും, വെള്ളക്കെട്ട് ഇല്ലാതിരിക്കുവാനും ശ്രദ്ധിക്കുക. ചാണക്കുഴികളില്‍ മഴ നേരിട്ട് വീഴാതെ മൂടിവെയ്ക്കുക.
7. കുളമ്പ് ചീയല്‍, കുളമ്പിനുണ്ടാകുന്ന ക്ഷതങ്ങള്‍ എന്നിവ ഒഴിവാക്കുവാനായി വെള്ളക്കെട്ടുക ളില്‍ മേയാന്‍ വിടാതിരിക്കുക.
8. ചെള്ള്, ഈച്ച, പേന്‍ തുടങ്ങിയ ബാഹ്യപരാദങ്ങളെ ഒഴിവാക്കാന്‍ വിദഗ്‌ധോപദേശം തേടുക
9. പനിയോ, ശ്വാസതടസ്സമോ, കാല്‍ മുടന്തലോ ശ്രദ്ധിയില്‍പ്പെട്ടാല്‍ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഊഷ്മാവ് കുറയുന്നതും, ഈര്‍പ്പം അഥവാ ആര്‍ദ്രത കൂടുന്നതും പലതരത്തിലുള്ള രോഗങ്ങള്‍ക്ക് പ്രത്യക്ഷമായോ, പരോക്ഷമായോ കാരണമാകും. ഈ കാലത്ത് കോഴികളുടെ പരിചരണത്തില്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.
1. കോഴിക്കൂട് നിര്‍മ്മിക്കുവാനായി ഈര്‍പ്പം അധികം വരാന്‍ ഇടയില്ലാത്ത സ്ഥലം തെരഞ്ഞെടുക്കണം.
2. മഴച്ചാറ്റല്‍ ഉള്ളില്‍ വീഴാതിരിക്കാന്‍ മേല്‍ക്കൂരയുടെ ചായ്‌വ് നീട്ടിക്കൊടുക്കണം.
3. കൂടുകളുടെ തറയില്‍ വെള്ളം നനയുന്നതും ഈര്‍പ്പം തങ്ങി നില്‍ക്കുന്നതും രോഗാണുക്കളുടെ വര്‍ദ്ധനവിന് കാരണമാകും. കൂടാതെ തറയിലെ വിരിപ്പില്‍ ഈര്‍പ്പം തട്ടുമ്പോള്‍ പുറത്തുവരുന്ന അമോണിയ വാതകം കോഴിയുടെ ആരോഗ്യത്തിന് ഹാനികരവുമാണ്. അതുകൊണ്ട് വിരിപ്പ് (ലിറ്റര്‍) ഇടയ്ക്കിടെ ഇളക്കിക്കൊടുത്ത് ഈര്‍പ്പം അകറ്റുവാന്‍ ശ്രദ്ധിക്കണം. ഇളക്കുമ്പോള്‍ കുമ്മായം 100 ചതുരശ്ര അടിയ്ക്ക് 3 കി.ഗ്രാം എന്ന തോതില്‍ ചേര്‍ത്തിളക്കുന്നത് അഭികാമ്യമാണ്. ഇത് ചുരുങ്ങിയത് രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ചെയ്യണം. നന്നായി നനഞ്ഞ വിരിപ്പ് ഉടനെ മാറ്റി പുതിയത് വിരിക്കണം.
4. ജലസ്രോതതുകളില്‍ രോഗാണുക്കളുള്ള മലിന ജലം കലരാന്‍ ഇടയുള്ളതുകൊണ്ട് അണുനാ ശിനി ചേര്‍ത്ത് ശുദ്ധീകരിച്ച വെള്ളം മാത്രം കുടിക്കാന്‍ കൊടുക്കുക. ഇതിനായി ബ്ലീച്ചിംഗ് പൗഡറോ, വെള്ളം ശുചിയാക്കുന്നതിന് മാര്‍ക്കറ്റില്‍ ലഭ്യമായ മറ്റ് അണുനാശിനികളോ നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശ പ്രകാരം ചേര്‍ക്കാവുന്നതാണ്.
5. തീറ്റച്ചാക്കുകള്‍ ചുമരില്‍ ചാരിവയ്ക്കാതെ മരപ്പലകയുടേയോ, ഇരുമ്പു പലകയുടേയോ മുകളില്‍ സൂക്ഷിക്കുക. തീറ്റയില്‍ ഈര്‍പ്പം കലര്‍ന്നാല്‍ അത് മാരകമായ പൂപ്പല്‍ വിഷബാധയ്ക്ക് കാരണമാകും.
6 മഴക്കാലത്ത് താരതമ്യേന പകല്‍ വെളിച്ചം കുറവായത്‌കൊണ്ട് മുട്ടക്കോഴികളില്‍ മുട്ടയുല്‍പാദനം കുറയാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ വെളിച്ചത്തിനായി ഫ്‌ളൂറസെന്റ് ലൈറ്റുകള്‍ ഇട്ട് ദിവസവും 16 മണിക്കൂര്‍ എന്ന തോതില്‍ വെളിച്ചം നല്‍കണം.
7. മഴക്കാലത്ത് കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ നാലാഴ്ചകളില്‍ ചൂട്‌കൊടുത്ത് വളര്‍ത്തുമ്പോള്‍ ചൂട് നിലനിര്‍ത്തുന്നതിനായി ഷെഡ്ഡിന്റെ ഭാഗികമായി തുറന്ന ഭാഗങ്ങളില്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കാവുന്നതാണ്.
8. കാലാനുസൃതമായി നല്‍കേണ്ടുന്ന വിരമരുന്നുകളും, പ്രതിരോധ കുത്തിവെയ്പുകളും വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായി നല്‍കണം.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം
കേരള വെറ്ററിനറി സര്‍വ്വകലാശാല, മണ്ണുത്തി