Thursday
24 May 2018

കണ്ണപ്പന്‍കുണ്ടില്‍ മാവോയിസ്റ്റുകളെത്തി; തോക്കുധാരികളിൽ സ്ത്രീയും

By: Web Desk | Thursday 7 September 2017 11:23 PM IST

താമരശ്ശേരി (കോഴിക്കോട്): കണ്ണപ്പന്‍കുണ്ടില്‍ മട്ടിക്കുന്ന് പരപ്പന്‍പാറയില്‍ മാവോയിസ്റ്റുകള്‍ എത്തി. വയനാട് സ്വദേശിയും പോരാട്ടം മുന്‍ നേതാവുമായ സോമന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇവിടെയെത്തിയത്. ഉപ്പുമാക്കല്‍ സന്തോഷിന്റെ വീട്ടിലാണ് രണ്ട് ദിവസങ്ങളിലായി തുടര്‍ച്ചയായി മാവോയിസ്റ്റ് സംഘം എത്തിയത്.
ഒരു സ്ത്രീയടക്കം തോക്കുധാരികളായ അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. സന്തോഷിന്റെ ഭാര്യ ബിന്ദുവും മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. നാലിന് വൈകുന്നേരമാണ് ഇവര്‍ ആദ്യമായി വീട്ടിലെത്തിയത്. ആദ്യം ഭക്ഷണം ചോദിച്ചു. ഇത്രയും പേര്‍ക്ക് ഭക്ഷണമില്ലെന്ന് പറഞ്ഞപ്പോള്‍ അരിയും തേങ്ങയും വാങ്ങി തിരിച്ചുപോയ ഇവര്‍ അടുത്തദിവസവും വീട്ടിലെത്തി ഭക്ഷണം പാകം ചെയ്യിച്ച് കഴിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ ചുട്ടുകളയുമെന്നു വീട്ടുകാരെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പേടിച്ചരണ്ട വീട്ടുകാര്‍ ആറിന് വൈകിട്ട് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
പുറത്തറിയിച്ചാല്‍ മാവോയിസ്റ്റുകള്‍ അപായപ്പെടുത്തുമെന്ന് ഭയന്നാണ് രണ്ടുദിവസമായി പൊലീസിനെ വിവരം അറിയിക്കാതിരുന്നതെന്ന് സന്തോഷും കുടുംബവും പറഞ്ഞു. തുടര്‍ന്ന് താമരശ്ശേരി എസ് ഐ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീടിന് കാവല്‍ ഏര്‍പ്പെടുത്തുകയും വനാന്തര്‍ഭാഗത്ത് തിരച്ചില്‍ നടത്തുകയും ചെയ്തു.
താമരശേരി ഡിവൈഎസ്പി കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ കമാന്‍ഡോ സംഘം ഇന്നലെ വനത്തിലെത്തി തിരച്ചില്‍ നടത്തി. നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോയിസ്റ്റ് സോമന്റെ സാന്നിധ്യം മുമ്പും സ്ഥിരീകരിച്ചിരുന്നു.
കുടുംബത്തെ മൊത്തം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം ആദ്യമായാണ്. വയനാട് വനാന്തരങ്ങളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് കണ്ണപ്പന്‍കുണ്ട്. സ്ഥലത്തും പരിസരപ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Related News