Saturday
20 Oct 2018

ജി. ദേവരാജന്‍ മാസ്റ്റര്‍ അവാര്‍ഡ് സംഗീത സംവിധായകന്‍ വിദ്യാധരന്

By: Web Desk | Monday 25 September 2017 5:30 PM IST

കോഴിക്കോട്: ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജി. ദേവരാജന്‍ മാസ്റ്റര്‍ അവാര്‍ഡിന് സംഗീത സംവിധായകന്‍ വിദ്യാധരന്‍ അര്‍ഹനായി.

പി. ഭാസ്‌കരന്‍ മാസ്റ്റര്‍ അവാര്‍ഡിന് സംവിധായകന്‍ വി.എം. വിനുവും അര്‍ഹനായി. ഗായിക രഞ്ജിനി ജോസിനാണ് എം.എസ്. ബാബുരാജിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ലഭിച്ചത്. നടി മോണിഷയുടെ പേരിലുള്ള അവാര്‍ഡ് ശ്വേതാമേനോനും നല്‍കും. മോയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡിന് മാപ്പിളപ്പാട്ട് ഗായിക എന്‍.പി. ജമീലയും അര്‍ഹയായി. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള എക്‌സലന്റ്‌ അവാര്‍ഡിന് ഡോ. പി.പി. മൈമൂനത്തും ഡോ. ഇ.പി. റജീനയും അര്‍ഹരായി.

10001 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡുകള്‍. ഒക്‌ടോബര്‍ രണ്ടിന് വൈകിട്ട് ആറരയ്ക്ക് കോഴിക്കോട് ടൗഹാളില്‍ നടക്കുന്ന അക്കാദമിയുടെ സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നു സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സമഗ്ര സംഭാവന ചെയ്ത പ്രമുഖരെ ആദരിക്കും. ചടങ്ങിന് മുന്നോടിയായി 4.30 ന് ഗാനമേളയും അവാര്‍ഡ് വിതരണത്തിനു ശേഷം ഇശല്‍നിലാവ് റിയാലിറ്റി ഷോയും അരങ്ങേറും. പത്രസമ്മേളനത്തില്‍ ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി പ്രസിഡന്റ് എന്‍.പി. മുഹമ്മദലി, കെ.എം.കെ. വെള്ളയില്‍, എന്‍. ബഷീര്‍, അഡ്വ. പി.എം. ഹനീഫ്, ടി.എം. സലീം, എം.കെ.എ. കോയ, സിദ്ദീഖ് കോടമ്പുഴ എന്നിവര്‍ പങ്കെടുത്തു.